എം.ടി. രമേശ്, ബി. ഗോപാലകൃഷ്ണൻ

ബി.ജെ.പി സ്ഥാനാർഥി പട്ടിക; എം.ടി. രമേശിനും ബി. ഗോപാലകൃഷ്ണനും സീറ്റില്ല, തൃശൂർ നൽകാത്തതിൽ മത്സരിക്കാനില്ലെന്ന് എം.ടി. രമേശ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനെ തുടർന്ന് ബി.ജെ.പി സംസ്ഥാന കമിറ്റി പ്രഖ്യാപിച്ച ആദ്യ സ്ഥാനാർഥി പട്ടികയിൽ പ്രമുഖരെ തഴഞ്ഞതിൽ അമർഷം തുടരുന്നു. സംസ്ഥാന നേതൃത്വം പുറത്തുവിട്ട ആദ്യ പട്ടികയിൽ സ്ഥാനം പിടിക്കാൻ പ്രമുഖ ബി.ജെ.പി നേതാക്കളായ എം.ടി രമേശിനും ബി. ഗോപാലകൃഷ്ണനും സാധിച്ചില്ല. ഇവരെ കൂടാതെ കുമ്മനം രാജശേഖരൻ, പി.എസ്. ശ്രീധരൻപിള്ള, ജെ.ആർ. പത്മകുമാർ, എ. നാഗേഷ്, ജി.ജി. ജോസഫ് തുടങ്ങിയവരും ആദ്യ പട്ടികയിൽ ഇടം പിടിച്ചിട്ടില്ല.

സീറ്റ് നിഷേധിച്ചതിൽ തുടർന്ന് നേതാക്കൾ കേന്ദ്ര നേതൃത്വത്തെയും ആർ.എസ്.എസിനെയും സമീപിച്ച് പരാതി നൽകിയെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം തൃശൂർ നൽകാത്തതിൽ മത്സരിക്കാനില്ലെന്ന് എം.ടി. രമേശ് നേതൃത്വത്തെ അറിയിച്ചു എന്നും സൂചനയുണ്ട്.

ബി.ജെ.പിയെ ശത്രുക്കളായി പ്രഖ്യാപിച്ചും പൊതുജനമധ്യത്തിൽ അപമാനിച്ചും നീങ്ങിയ പലരും ഇപ്പോൾ പാർട്ടി സ്ഥാനാർഥികളായി രംഗത്തെത്തിയത് പ്രവർത്തകരെ ചൊടിപ്പിച്ചിട്ടുണ്ട്. ട്വൻറി ട്വൻറിക്ക് കൂടുതൽ സീറ്റുകൾ നൽകിയതിലും അവരുടെ സ്ഥാനാർഥി നിർണയത്തിലും ബി.ജെ.പിയിൽ അതൃപ്തിയുണ്ട്. ഇതിനിടയിൽ പാർട്ടിക്കെതിരെ പരസ്യപ്രതികരണവുമായി ന്യുനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷൻ നോബിൾ മാത്യു രംഗത്തെത്തിയിരുന്നു.

കേന്ദ്രമന്ത്രി ജോർജ് കുര്യന് സീറ്റ് നൽകിയതാണ് നോബിൾ മാത്യുവിനെ ചൊടിപ്പിച്ചത്. ഇതിനെതിരെ ബി.ജെ.പി നേതൃത്വം സംഘടന വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി നോബിൾ മാത്യുവിനെ ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് നടപടി സ്വീകരിച്ചത്.

ചെങ്ങന്നൂരിൽ എം.വി. ഗോപകുമാറിനെ സ്ഥാനാർഥിയാക്കിയതിൽ പ്രാദേശിക നേതാക്കളിൽ ചിലർ നേതൃത്വത്തെ പരാതി അറിയിച്ചു. എ ക്ലാസ് മണ്ഡലമായിട്ടും മികച്ച സ്ഥാനാഥിയില്ലെന്നാണ് ചെങ്ങന്നൂരിലെ ഒരുവിഭാഗം പ്രവർത്തകരുടെ പരാതി. മുൻ അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയോ ജില്ല പ്രസിഡൻറ് സന്ദീപ് വാചസ്പതിയോ മത്സരിക്കുമെന്ന് കരുതിയിരുന്ന പ്രവർത്തകരാണ് ഗോപകുമാറിൻറെ സ്ഥാനാർഥിത്വത്തിൽ പ്രതിഷേധമുയർത്തുന്നത്.

Tags:    
News Summary - BJP candidate list; MT Ramesh and B Gopalakrishnan will not have seats, MT Ramesh says he will not contest as Thrissur seat has not been given!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.