കാസർകോട്: ചീമേനി സ്വദേശി 43 കാരനായ പി.വി. മുരളീധരനെ ഈ വർഷം ഫെബ്രുവരി 15ന് വധശിക്ഷക്ക് വിധേയനാക്കിയ വിവരം വ്യാഴാഴ്ച രാവിലെയാണ് കുടുംബം അറിയുന്നത്. 19- വർഷം മുമ്പ് മുരളീധരൻ ഗൾഫിലേക്ക് യാത്രതിരിച്ചത് ഏറെ പ്രതീക്ഷയോടെയാണ്. എന്നാൽ, എല്ലാം തകിടം മറിയുകയായിരുന്നു.
‘ഗൾഫിലേക്ക് ജോലി തേടി പോയതിനു ശേഷം മകനെ കാണാനായില്ലെന്ന് വേദനയോടെ അമ്മ ജാനകി മാധ്യമങ്ങളോട് പറഞ്ഞു. ഫെബ്രുവരി 14-നാണ് മകൻ മുരളീധരൻ അവസാനമായി വിളിച്ചത്. ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണെന്ന് മാത്രം അറിയാം. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. അവസാനമായി അവനെ ഒരുനോക്കു കാണാൻ പോലും പറ്റിയില്ലെന്നും അമ്മ പറഞ്ഞു.
2006 ലാണ് മുരളീധരൻ വിദേശത്തേക്ക് പോയത്. ജോലി ലഭിച്ച് മൂന്നു വർഷം കഴിഞ്ഞ് തിരിച്ചു വരുമെന്നാണ് പറഞ്ഞിരുന്നത്. 2009 -ലാണ് ശിക്ഷ നടപടിക്ക് കാരണമായ കേസ് ഉണ്ടായത്. തിരൂർ സ്വദേശി മൊയ്തീനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിക്കുകയായിരുന്നു. മൊയ്‌തീനെ കുറിച്ച് വിവരമില്ലാതായതോടെ മൊയ്തീന്റെ കുടുംബം പരാതി നല്‍കിയിരുന്നു.
യു.ഇ.യിലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ മൊയ്‌തീന്‍റെ ഫോണ്‍ മുരളീധരൻ ഉപയോഗിക്കുന്നതായി കണ്ടെത്തി. കൊല്ലപ്പെട്ട മൊയ്‌തീനെ മരുഭൂമിയില്‍ കുഴിച്ചിട്ടുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനുപിന്നാലെയാണ് മുരളീധരൻ പൊലിസിന്റെ പിടിയിലായത്. വധശിക്ഷ വിധിക്കുകയും ചെയ്‌തു. അതിനുശേഷം മുരളീധരനെ വീട്ടുകാർ കണ്ടില്ല. മുരളീധരൻ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഫുട്ബോൾ കളിക്കാരനായ മുരളീധരന്റെ മെഡലുകൾ ഇപ്പോഴും നിധിപോലെ വീട്ടിൽ സുകൂക്ഷിക്കുന്നുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.