ഹിമാലയന്‍ കൊടുമുടി കയറിയ ചിന്നമ്മ ടീച്ചര്‍

മുട്ടം: ഹിമാലയം കയറാനിറങ്ങിത്തിരിച്ച ചിന്നമ്മ ടീച്ചറെക്കുറിച്ച് അറിയുന്നവര്‍ തീരെ വിരളമാണ്. അതും അഞ്ചരപതിറ്റാണ്ട് മുമ്പ്. 1962 മേയ്15നാണ് മുട്ടം സ്വദേശിനി വി.എം. അന്നക്കുട്ടി എന്ന 29കാരി ചിന്നമ്മ ടീച്ചര്‍ ഹിമാലയത്തിലെ കൊടുമുടി കയറിയത്. ചിന്നമ്മ ടീച്ചര്‍ അന്ന് കോട്ടയം ജില്ലയിലെ രാമപുരം എസ്.എച്ച്.ജി.എച്ച്.എസിലെ അധ്യാപികയായിരുന്നു. സ്ത്രീകളെയും ഹിമാലയന്‍ മലനിരകളുടെ ഉന്നതിയില്‍ എത്തിക്കുക കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് അന്നമ്മ ടീച്ചര്‍ക്ക് ഭാഗ്യംലഭിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 24പേരില്‍ ഒരാളായിരുന്നു ചിന്നമ്മ.

എന്‍.സി.സി വേഷം ധരിച്ച് ട്രെയിനുകള്‍ മാറിമാറി കയറി മദ്രാസ് വഴി കൊല്‍ക്കത്തയില്‍ എത്തി. അവിടെനിന്ന് മഹാരാജ്പൂര്‍ഘട്ടിന് മറ്റൊരു തീവണ്ടിയില്‍. പിന്നെ സ്റ്റീമറില്‍ ഗംഗാനദി കടന്നു സിലിഗൂരി സ്റ്റേഷനിലേക്ക്. തുടര്‍ന്ന് ഡാര്‍ജിലിങ് വരെ എത്താന്‍ ദിവസങ്ങള്‍ വേണ്ടിവന്നു. ഏറെ ക്ളേശകരമായിരുന്നു പര്‍വതാരോഹണമെന്ന് ടീച്ചര്‍ ഓര്‍മിക്കുന്നു. സംഘത്തലവന്‍ ടെന്‍സിങ് നോര്‍ഗയായിരുന്നു. രാവിലെ അഞ്ചിന് ഉണര്‍ന്ന് ഐസ് ആക്സ് ഉപയോഗിച്ച് പ്രത്യേക സ്ഥലത്ത് കുഴിയുണ്ടാക്കിയാണ് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നത്. വെള്ളമില്ലാത്തതിനാല്‍ ടിഷ്യൂ പേപ്പര്‍ ഉപയോഗിക്കും.

 ബ്രഡ്, ചോക്ളേറ്റ്, ചപ്പാത്തി, ബിസ്കറ്റ്, ആട്ടിറച്ചി ഇവയൊക്കെ ആയിരുന്നു ഭക്ഷണം. ഉച്ചവരെ മലകയറും പിന്നെ വിശ്രമം. മുളങ്കമ്പുകൊണ്ട് പാലം നിര്‍മിച്ചാണ്ചില മേഖലകളിലേക്കുകടന്നത്. കടുത്ത മഞ്ഞുവീഴ്ചയും കാറ്റും ടെന്‍ഡുകളിലിരിക്കുന്നതുപോലും ദുഷ്കരമാക്കി. പലരും രോഗികളായി. നാലുപേര്‍ രോഗം കാരണം ബേസ് ക്യാമ്പിലേക്ക് മടങ്ങി. വീണ്ടും ഞങ്ങള്‍ ബാക്കിയുള്ളവര്‍ യാത്രതുടര്‍ന്നു.

എന്നാല്‍, പ്രതികൂല കാലാവസ്ഥ മൂലം ഞങ്ങള്‍ക്കും ദൗത്യം പൂര്‍ത്തീകരിക്കാനായില്ല. 13 ദിവസത്തെ ദുഷ്കര യാത്രക്ക് ഒടുവില്‍ തിരിച്ചിറങ്ങുകയായിരുന്നു. പര്‍വതാരോഹണം ഒരനുഭവമാണെന്നാണ് ചിന്നമ്മ ടീച്ചര്‍ പറയുന്നത്. നമ്മിലെ ആത്മവിശ്വാസത്തെ, ധീരതയെ, സഹനശക്തിയെ, ക്ഷമയെ, സൗഹൃദത്തിന്‍െറയും സഹകരണ മനോഭാവത്തിന്‍െറയും ഐക്യ ബോധത്തിന്‍െറയും കഠിനാധ്വാനത്തിന്‍െറയും പാഠങ്ങള്‍ നമ്മെ അഭ്യസിപ്പിക്കുമെന്നും ടീച്ചര്‍ പറയുന്നു.

തുടങ്ങനാട്ടെ മകന്‍െറ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയാണ് 83 കാരി. ആയുര്‍വേദ ഡോക്ടറായ പി.വി. ജോണ്‍ ആണ് ഭര്‍ത്താവ്. മക്കള്‍: കൃഷി ഓഫിസര്‍മാരായ ആന്‍സി ജോണ്‍, ജോണ്‍സന്‍ പുറവക്കാട്ട് (കൃഷി ഓഫിസര്‍ നേര്യമംഗലം), എറണാകുളം ഡെയറി ഡെവലപ്മെന്‍റ് ഓഫിസര്‍ വില്‍സണ്‍ ജോണ്‍.

Tags:    
News Summary - women's day 2017 special himalayan climber chinnamma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.