കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി നടത്തുന്ന സിയാറത്ത് യാത്രയിൽ സ്ത്രീകൾക്കും പങ്കെടുക്കാമെന്ന് വ്യക്തമാക്കി കെ.എസ്.ആർ.ടി.സി. പുരുഷന്മാരെ മാത്രം സംഘടിപ്പിച്ചുകൊണ്ട് നടത്താൻ തീരുമാനിച്ച യാത്ര വിവാദമായതോടെയാണ് കെ.എസ്.ആർ.ടി.സി നിലപാട് മാറ്റിയത്.
‘പുണ്യ പൂക്കാലം ധന്യമാക്കാൻ മഹാന്മാരുടെ ചാരത്ത്’ എന്ന പേരിൽ മാർച്ച് 20 ന് മലപ്പുറം ഡിപ്പോയിൽ നിന്നാണ് യാത്ര പുറപ്പെടുന്നത്. 600 രൂപയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.
കോഴിക്കോട് ജില്ലയിലെ ഓമാനൂർ ശുഹദാ മഖാം, ശംസുൽ ഉലമ മഖാം, വരക്കൽ, മഖാം, ഇടിയങ്ങര മഖാം, പാറപ്പള്ളി, സിഎം മഖാം, ഒടുങ്ങാക്കാട് മഖാം എന്നിവിടങ്ങളിൽ സന്ദർശിച്ച് നോളജ് സിറ്റിയിൽ ഇഫ്ത്താറും (നോമ്പുതുറ) തറാവീഹും (രാത്രിനമസ്ക്കാരം) ഒരുക്കുമെന്നാണ് കെ.എസ്.ആർ.ടി.സി അറിയിച്ചത്.
രാവിലെ ഏഴ് മണിക്ക് മലപ്പുറം ഡിപ്പോയിൽ നിന്ന് പുറപ്പെട്ട് രാത്രി പന്ത്രണ്ട് മണിയോടെ ഡിപ്പോയിൽ തിരിച്ചെത്തുന്ന യാത്രയിൽ പുരുഷന്മാർക്ക് മാത്രമാണ് പങ്കെടുക്കാനാകുക എന്നതായിരന്നു കെ.എസ്.ആർ.ടി.സി പുറത്തിറക്കിയ പോസ്റ്ററിൽ പറഞ്ഞിരുന്നത്.
എന്നാൽ, കെ.എസ്.ആർ.ടി.സി തന്നെ നേരിട്ട് നടത്തുന്ന യാത്രയിൽ സ്ത്രീകളെ ഒഴിവാക്കിയതിൽ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. ഇതോടെ, നിലപാട് തിരുത്തി.
സ്ത്രീ യാത്രക്കാർക്ക് നോമ്പ് തുറക്കുള്ള സംവിധാനം പരിമിതമായത് കൊണ്ടാണ് പുരുഷന്മാരെ മാത്രം ഉൾപ്പെടുത്തി യാത്ര തീരുമാനിച്ചതെന്നും താൽപര്യമുള്ള സ്ത്രീകൾക്ക് പങ്കെടുക്കാമെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.