മുംബൈ: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിലെ അഭൂതപൂർവമായ വർധന രാജ്യത്തെ സമ്പദ്വ്യവസ്ഥയെ പിറകോട്ടടിപ്പിക്കുന്നതായി റിപ്പോർട്ട്. ലോക ബാങ്ക് സാമ്പത്തിക റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സുരക്ഷ പ്രശ്നത്തിെൻറ പേരിൽ ജോലി ഉപേക്ഷിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടിവരുന്നു.
സ്വന്തം സുരക്ഷ മാത്രമല്ല, വീട്ടിലെ പെൺകുട്ടികളുടെ സുരക്ഷയിലുള്ള ആശങ്കയും സ്ത്രീകളെ ജോലി ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2004ന് ശേഷമുള്ള എട്ടു വർഷങ്ങൾക്കിടെ രണ്ടു കോടി സ്ത്രീകൾ രാജ്യത്തെ തൊഴിലിടങ്ങളിൽനിന്ന് തുടച്ചുനീക്കപ്പെട്ടു. ഇൗ പ്രവണത ഇപ്പോഴും തുടരുകയാണ്. 2007 മുതൽ 2016 വരെയുള്ള കാലയളവിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 83 ശതമാനമാണ് വർധനയുണ്ടായത്. രാജ്യത്ത് ഒാരോ മണിക്കൂറിലും 39 കുറ്റകൃത്യങ്ങളാണ് നടക്കുന്നത്. സുരക്ഷിതത്വം ഒരുക്കാനായില്ലെങ്കിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ അത് പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വിവിധ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകളുടെ അനുഭവങ്ങളും റിപ്പോർട്ടിൽ വിവരിക്കുന്നുണ്ട്. ഡൽഹിയിൽ മാർക്കറ്റിങ് എക്സിക്യൂട്ടിവായി േജാലിചെയ്യുന്ന ഗ്യാതി മൽഹോത്ര പറയുന്നത് കുരുമുളക് സ്പ്രേയും വൈദ്യുതാഘാതം ഏൽപിക്കുന്ന ഉപകരണവുമില്ലാതെ താൻ പുറത്തിറങ്ങാറില്ലെന്നാണ്. മാത്രമല്ല, പൊതുഗതാഗത സംവിധാനം സുരക്ഷിതമല്ലാതായതോടെ സ്വന്തം കാറും ഡ്രൈവറും വേണ്ടിവന്നു. ഇതിനായി തെൻറ ശമ്പളത്തിൽനിന്ന് വലിയ തുകയാണ് നീക്കിവെക്കുന്നത്. ഡൽഹിയിൽ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന സജ്ന നായർ തെൻറ പെൺകുട്ടിയുടെ സുരക്ഷിതത്വം കണക്കിലെടുത്ത് 1.35 കോടിയുടെ വാർഷിക വരുമാനമാണ് നഷ്ടപ്പെടുത്തിയത്. ഡൽഹിയിലെ 25കാരിയായ സെബ സ്വന്തമായി വരുമാനമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉത്തർപ്രദേശിലെ ദാദ്രിയിൽ നഴ്സിങ് കോഴ്സിന് ചേരാൻ തീരുമാനിച്ചത്.
ആദ്യം കുടുംബം സമ്മതിച്ചെങ്കിലും കഴിഞ്ഞമാസം ദാദ്രിയിലുണ്ടായ മാനഭംഗ സംഭവം പ്രതീക്ഷകൾ തകിടംമറിച്ചു. സെബയെ അവിടേക്ക് പഠനത്തിന് അയക്കാൻ കുടുംബം തയാറാകുന്നില്ല. അടുത്ത കാലത്തുണ്ടായ മാനഭംഗ സംഭവങ്ങൾ സ്ത്രീ തൊഴിലാളികൾക്കിടയിൽ കടുത്ത ആശങ്ക ഉണ്ടാക്കിയതായാണ് സർവേ റിപ്പോർട്ടുകൾ.
ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയിൽ തദ്ദേശ, വിദേശ കമ്പനികൾ മുതൽമുടക്കുകയും കൂടുതൽ സ്ത്രീ തൊഴിലാളികളെ തേടുകയും ചെയ്യുേമ്പാഴാണ് സുരക്ഷിതത്വത്തിെൻറ പേരിൽ സ്ത്രീകൾ തൊഴിലിനോട് വിമുഖത കാണിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതൽ നിക്ഷേപകരെ തേടി ലോകയാത്ര തുടരുേമ്പാൾ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗിക അതിക്രമങ്ങൾ വ്യാപിക്കുന്നത് ആഗോള തലത്തിൽതന്നെ രാജ്യത്തിെൻറ പ്രതിച്ഛായക്ക് കളങ്കമാവുകയാണ്.
മെക് കിൻസി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ടിെൻറ കണക്കനുസരിച്ച് ഇന്ത്യയിൽ 27 ശതമാനം സ്ത്രീകൾ മാത്രമാണ് തൊഴിലെടുക്കുന്നത്. ഇത് ജി-20 രാജ്യങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. സൗദി അറേബ്യ മാത്രമാണ് ഇക്കാര്യത്തിൽ ഇന്ത്യക്ക് താഴെയുള്ളത്. സുരക്ഷിതമായ അന്തരീക്ഷമൊരുക്കിയാൽ തീർച്ചയായും കൂടുതൽ സ്ത്രീകൾ തൊഴിലിടങ്ങളിൽ എത്തുമെന്ന് മുംബൈയിലെ സാമ്പത്തിക വിദഗ്ധയായ അഞ്ജലി വർമ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.