കല്യാണിയമ്മ

വനപാലകരുടെ വെടികൊണ്ട കാട്ടാന വിരണ്ടോടുന്നതിനിടെ വയോധികയെ ചവിട്ടി​ക്കൊന്നു

എടവണ്ണ (മലപ്പുറം): വനപാലകർ വെടിവെച്ച് ഉൾക്കാട്ടിലേക്ക് തുരത്തുന്നതിനിടെ വിരണ്ടോടിയ കാട്ടാന വയോധികയെ ചവിട്ടിക്കൊന്നു. എടവണ്ണ കിഴക്കെ ചാത്തല്ലൂർ കാവിലട്ടി പട്ടീരി വീട്ടിൽ പരേതനായ ചന്ദ്രന്‍റെ ഭാര‍്യ കല്യാണിയമ്മയാണ് (68) കൊല്ല​പ്പെട്ടത്. വ‍്യാഴാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം.

രണ്ടാഴ്ചയായി പ്രദേശത്തെ ജനവാസകേന്ദ്രത്തിൽ കൃഷിയും മറ്റു സ്വത്തുവകകളും നശിപ്പിച്ചിരുന്ന മോഴയാനയെ വനം ഉദ‍്യോഗസ്ഥരും ആർ.ആർ.ടിയും നിരീക്ഷിച്ചുവരികയായിരുന്നു. കമ്പിക്കയം വെള്ളച്ചാട്ടത്തിനു സമീപം ചോലാർ മലയിൽ കണ്ടെത്തിയ ആനയെ ഉൾക്കാട്ടിലേക്ക് കയറ്റുന്നതിനായി കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ വെടിയുതിർത്തതോടെ ആന വിരണ്ടോടിയെത്തിയത് മറുഭാഗത്ത് നിന്നിരുന്ന ആർ.ആർ.ടി സംഘത്തിനുനേരെയാണ്. സംഘം ചിതറിയോടി ആനയുടെ മുന്നിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു.

എടവണ്ണ ചാത്തല്ലൂരിൽ കല്യാണിയമ്മയെ കാട്ടാന ആക്രമിച്ച സ്ഥലം

വെടിയേറ്റ ആന വിരണ്ടോടുന്ന വിവരം ജോലിക്കു പോയ മകൻ വിളിച്ചറിയിച്ചതോടെ, വീടിനു സമീപത്തെ കമ്പിക്കയം ചോലയിൽ കുളിക്കാൻ പോയ കുട്ടികളെ വിളിക്കാൻ പോയ കല്യാണിയമ്മ ഒറ്റയാന്‍റെ മുന്നിൽപെടുകയായിരുന്നു. ഒറ്റയാൻ വയോധികയെ തുമ്പിക്കൈകൊണ്ട് അടിച്ചും ചവിട്ടിയും കൊന്നു. വനപാലകരും നാട്ടുകാരും ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

കല്യാണിയമ്മയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജി​ലെ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. മക്കൾ: ഷിൽജു, ലീന, സിജി, ഉഷ. മരുമക്കൾ: നീതു എടവണ്ണപ്പാറ, അറുമുഖൻ എടവണ്ണപ്പാറ, അറുമുഖൻ ഇരുവേറ്റി, ഷിബു കുരിക്കലംപാട്.

Tags:    
News Summary - woman killed by wild elephant shot by forest guards at edavanna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.