മദ്യാസക്തിയുള്ളവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആപത്ത്; മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കോവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗണിൽ മദ്യശാലകൾ അടച്ചുപൂട്ടിയതോടെ സ്ഥിരമായി മദ്യപിച്ചിരുന്നവര്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മദ്യാസക്തി മൂലമുണ്ടാകുന്ന ആല്‍ക്കഹോള്‍ വിഡ്രോവല്‍ സിന്‍ഡ്രോം നിസാരമായി കാണരുത്. ഇതുമൂലമുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ കൃത്യമായി കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കില്‍ ഗുരുതര പ്രശ്‌നങ്ങൾക്കോ ആത്മഹത്യക്കോ വരെ കാരണമാകും. ഇത് മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ലഹരിമുക്ത ചികിത്സയ്ക്ക് സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. മാനസികാരോഗ്യത്തിനായി കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആശ്വാസ് ക്ലിനിക്കുകള്‍ സ്ഥാപിച്ചു. എല്ലാ കേന്ദ്രങ്ങളിലും ഇതിനുവേണ്ട മരുന്നുകളും എത്തിച്ചു. എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഈ കേന്ദ്രങ്ങളിലെത്തിയാല്‍ മതി. കൂടുതല്‍ ചികിത്സ ആവശ്യമാണെങ്കില്‍ താലൂക്ക്, ജനറല്‍, ജില്ലാതല ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്നതാണ്. നിരീക്ഷണത്തില്‍ ഉള്ളവരാണ് ഇത്തരക്കാരെങ്കില്‍ അവരെ ഐസൊലേഷനില്‍ ചികിത്സിക്കുന്നതാണ്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേന ബോധവത്ക്കരണവും നടത്തുന്നുണ്ട്.

ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
അസ്വസ്ഥത, ക്ഷോഭം, വിഭ്രാന്തി, വിശപ്പില്ലായ്മ, അമിതമായ വിയര്‍പ്പ്, മനംപിരട്ടല്‍, ശര്‍ദ്ദി, ഉത്കണ്ഠ, സങ്കോചം, വിറയല്‍, ശക്തമായ തലവേദന, അപസ്മാരം, ഉറക്കമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറുടെ സഹായം തേടണം. സ്ഥിരമായി മദ്യപിക്കുന്നവര്‍ മദ്യപാനം നിര്‍ത്തി ഏതാനും ദിവസങ്ങള്‍ക്കകം ഈ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ആള്‍ക്കഹോള്‍ വിഡ്രോവല്‍ സിന്‍ഡ്രോം ആകാന്‍ സാധ്യതയുണ്ട്.
ഈ ലക്ഷണങ്ങള്‍ എന്തെങ്കിലും ഉണ്ടായാല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പോകണം. പനിയോ ജലദോഷമോ അങ്ങനെ എന്തെങ്കിലും അസുഖം ഉണ്ടെങ്കില്‍ അത് ഉറപ്പായും അറിയിക്കണം.

ആല്‍ക്കഹോള്‍ വിഡ്രോവല്‍ സിന്‍ഡ്രോം ചികിത്സകൊണ്ട് സുഖപ്പെടും. പക്ഷേ ചികിത്സിക്കാതിരുന്നാല്‍ ചിലപ്പോള്‍ ഡിലീരിയം ആകാന്‍ സാധ്യതയുണ്ട്. അങ്ങനെയൊരു സാഹചര്യം ഒഴിവാക്കണം.
സാനിറ്റൈസറില്‍ അടങ്ങിയ ഐസോ പ്രൊപ്പൈല്‍ ആല്‍ക്കഹോള്‍ വിഷമാണ്. മദ്യത്തിന് പകരമായി ഇത് ഉപയോഗിച്ചാല്‍ മരണം വരെ സംഭവിക്കാം. അതിനാല്‍ ലഹരിക്കായി മറ്റേതെങ്കിലും രീതി ഒരിക്കലും തെരഞ്ഞെടുക്കരുത്. ഈ അവസ്ഥയില്‍ മറ്റൊരു അപകടം കൂടി ക്ഷണിച്ചു വരുത്തുന്നതാകും അത്.

Tags:    
News Summary - withdrawal syndrome-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.