'പ്രതികരണബോധമുള്ള അധ്യാപകരെ നിശബ്ദമാക്കാനുള്ള ശ്രമം, കൾച്ചറൽ ഫാഷിസത്തിനെതിരെയുള്ള പോരാട്ടം തുടരും; ടി.കെ അഷ്റഫിനെതിരായ നടപടിക്കെതിരെ വിസ്ഡം

കോഴിക്കോട്: സ്കൂളുകളിൽ നടപ്പാക്കുന്ന സൂംബ ഡാൻസ് പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പറഞ്ഞ അധ്യപകനെതിരെ നടപടിക്കുള്ള നീക്കത്തിൽ കുടത്ത പ്രതിഷേധവുമായി വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ. സമൂഹത്തെ നേർവഴി നടത്താൻ നിയോഗിതരായ പ്രതികരണ ശേഷിയുള്ള അധ്യാപക വിഭാഗത്തെ നിശബ്ദമാക്കാനുള്ള ശ്രമമാണിതെന്ന് വിസ്ഡം പ്രസിഡന്റ് പി.എൻ.അബ്ദുൽ ലത്തീഫ് മദനി പ്രസ്താവനയിൽ പറഞ്ഞു.

അധ്യാപകനും വിസ്ഡം ജനറൽ സെക്രട്ടറിയുമായ ടി.കെ അഷ്റഫിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ കത്ത് നൽകിയതിന് പിന്നാലെയാണ് പ്രതികരണം.

' മുഖ്യധാരയിലുള്ള ഒരു സംഘടനയുടെ സംസ്ഥാന ഭാരവാഹി എന്ന നിലയിൽ, ജനാധിപത്യപരമായി വിമർശനം ഉന്നയിച്ചപ്പോൾ തന്നെ, മന്ത്രിയടക്കമുള്ളവരിൽ നിന്നുള്ള പരിഹാസങ്ങളും ഒറ്റപ്പെടുത്തിയുള്ള വേട്ടയാടലുകളുമുണ്ടായി. ജനാധിപത്യ അവകാശങ്ങളെ ഹനിക്കുന്നതും, പൊതുവിദ്യാലയങ്ങളെ ഗ്രസിക്കുന്നതുമായ ഈ കൾച്ചറൽ ഫാസിസത്തിനെതിരെ ജാതി-മത-ഭേദമന്യേ ശബ്ദിച്ചില്ലെങ്കിൽ നാളെ നമ്മുടെ മക്കളെയും തേടിവരും.

ഇത് അടുത്ത തലമുറക്ക് വേണ്ടിയുള്ള പോരാട്ടമാണ്. നാടിന്റെ ധാർമിക സംസ്കാരവും മൂല്യബോധവും നിലനിന്ന് കാണണമെന്നാഗ്രഹിക്കുന്ന എല്ലാവർക്കുമൊപ്പം ചേർന്നുനിന്ന് ഈ ആശയ പോരാട്ടത്തിൽ വിജയം വരിക്കുന്നത് വരെ വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ മുന്നോട്ട് പോകും'- അബ്ദുല്‍ ലത്തീഫ് മദനി വ്യക്തമാക്കി. 

Full View

ടി.കെ.അഷ്റഫിനെതിരെ 24 മണിക്കൂറിനകം സസ്പെൻഷനടക്കമുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ, അഷ്റഫ് ജോലി ചെയ്യുന്ന സ്കൂൾ മാനേജർക്കും പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടർക്കുമാണ് കത്ത് നൽകിയത്.

സർക്കാറിനെയും പൊതുവിദ്യഭ്യാസ വകുപ്പിനെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടുവെന്നതാണ് പ്രധാന പരാതി. ടി.കെ.അഷ്റഫിന്റെ എഫ്.ബി പോസ്റ്റും കത്തിന് കൂടെ വെച്ചിട്ടുണ്ട്.

സൂംബ ഡാൻസ് പരിപാടിക്കെതിരെ ആദ്യമായി വിമർശനവുമായി രംഗത്തെത്തിയത് ടി.കെ അഷ്റഫായിരുന്നു. സൂംബ ഡാൻസ് കളിക്കണമെന്ന നിർദേശം പാലിക്കാൻ തയാറല്ലെന്നും ഒരു അധ്യാപകനെന്ന നിലയിൽ താൻ വിട്ടുനിൽക്കുകയാണെന്നും ഈ വിഷയത്തിൽ ഏത് നടപടിയും നേരിടാൻ താൻ തയാറാണെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു.

'ഞാൻ പൊതു വിദ്യാലയത്തിലേക്ക് എന്റെ കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യം വെച്ചാണ്. ആൺ-പെൺ കൂടിക്കലർന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തിൽ തുള്ളുന്ന സംസ്കാരം പഠിക്കാൻ വേണ്ടിയല്ല. ഇത് പുരോഗമനമായി കാണുന്നവർ ഉണ്ടായേക്കാം. ഞാൻ ഈ കാര്യത്തിൽ പ്രാകൃതനാണ്. ഈ പരിപാടിയോട് മാനസികമായി യോജിക്കാത്ത ധാരാളം അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ഉണ്ട്. പ്രതികരിച്ചാൽ എന്താകുമെന്ന ഭീതിയാണ്‌ പലരെയും അസ്വസ്ഥരാക്കുന്നത്. ഇത് ചെയ്തില്ലെങ്കിൽ ഡിപ്പാർട്ട്മെൻറിന് വിശദീകരണം നൽകേണ്ടി വരുമെന്നും നടപടി വരുമെന്നൊക്കെ പറഞ്ഞ് പേടിപ്പിക്കാൻ ശ്രമിക്കുന്നതും ശ്രദ്ധയിൽ പെട്ടു. ഇതിൽ നിന്ന് മാറി നിന്നാൽ എന്താണ് സർക്കാർ എടുക്കുന്ന നടപടിയെന്ന് അറിയാൻ വേണ്ടി തന്നെയാണ് പരസ്യമായി ഈ നിലപാട് പറയുന്നത്. വിദ്യാഭ്യാസ രംഗത്തുള്ള ഈ ഭയപ്പെടുത്തൽ ബ്രൈക്ക് ചെയ്തില്ലെങ്കിൽ ഇതിലും വലിയ പ്രതിസന്ധികൾക്ക് നാം തല വെച്ച് കൊടുക്കേണ്ടി വരും.'- എന്നാണ്, ടി.കെ അഷ്റഫ് ഫേസ്ബുക്കിൽ കുറിച്ചത്.

Tags:    
News Summary - Wisdom protests strongly against move to take action against teacher

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.