ഇ.പി ജയരാജൻ
കണ്ണൂർ: ആത്മകഥ എഴുതിത്തീർന്നിട്ടില്ലെന്നും അത് പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വിവാദങ്ങളിൽ പ്രതികരിച്ച് ഇ.പി. ജയരാജൻ. ഇന്ന് പുറത്തുവന്ന കഥകൾ ബോധപൂർവം ഉണ്ടാക്കിയതാണ്. അതിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. എഴുതി തീരാത്ത പുസ്തകം തെരഞ്ഞെടുപ്പ് ദിനത്തിൽ പുറത്തുവന്നതിൽ പ്രസിദ്ധീകരണക്കാരുടെ കൈകളുണ്ടോ എന്നും സംശയിക്കുന്നു. പുസ്തകം പത്തരക്ക് പ്രസിദ്ധീകരിക്കുമെന്ന് വാർത്തകളിലൂടെയാണ് അറിഞ്ഞത്. മാതൃഭൂമി ബുക്സും ഡി.സി. ബുക്സും പുസ്തകം പ്രസിദ്ധീകരിക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. അവരോട് ആലോചിച്ചിട്ട് പറയാമെന്നാണ് മറുപടി പറഞ്ഞതെന്നും ഇ.പി. വ്യക്തമാക്കി.
സ്ഥാനാർഥികളെ കുറിച്ചുള്ള പരാമർശങ്ങൾ പോലും ബോധപൂർവം ഉണ്ടാക്കിയതാണ്. വ്യാജമായ കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച ആസൂത്രിതമായ നീക്കമാണിത്. പാർട്ടിയെയും തന്നെയും നശിപ്പിക്കാനുള്ള നീക്കമാണിത്. തന്നെ ഉപയോഗിച്ച് തെറ്റായ വാർത്ത ഉണ്ടാക്കുകയാണ്. അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
വിവാദമായതോടെ കട്ടൻ ചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രകാശനം മാറ്റിവെക്കുകയാണെന്ന് ഡി.സി. ബുക്സ് അറിയിച്ചിരുന്നു. സി.പി.എമ്മിനെതിരെ തുറന്നടിക്കുന്ന രീതിയിലുള്ള ഇ.പിയുടെ പരാമർശങ്ങളാണ് പുസ്തകത്തിലുണ്ടായിരുന്നത്.
എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ പ്രയാസമുണ്ടെന്നും പാർട്ടി തന്നെ മനസിലാക്കിയില്ലെന്നും ഇ.പി. ജയരാജൻ എഴുതിയ ആത്മകഥയിലെ ഭാഗങ്ങളാണ് പുറത്തുവന്നത്.
രണ്ടാം പിണറായി സർക്കാർ വളരെ ദുർബലമാണെന്നും പുസ്തകത്തിൽ പറയുന്നുണ്ട്. ഇ.എം.എസ് നമ്പൂതിരിപ്പാടിനൊപ്പമുള്ള ഇ.പി. ജയരാജന്റെ കവർ ചിത്രമുള്ള പുസ്തകമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രാഷ്ട്രീയ ജീവിതവും വിവാദങ്ങളും ഉൾപ്പെടുത്തി ആത്മകഥയെഴുതാൻ തീരുമാനിച്ചതായി ഇ.പി. നേരത്തേ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.