സമാഹരിച്ച ഫണ്ടിൽ ഒരു രൂപ വ്യത്യാസമുണ്ടെങ്കിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം രാജിവെക്കും- രാഹുൽ മാങ്കൂട്ടത്തിൽ

പത്തനംതിട്ട: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരണത്തില്‍ സാമ്പത്തിക തിരിമറി നടന്നെന്ന വാദം തള്ളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍. സമാഹരിച്ച തുകയിൽ നിന്ന് ഒരു രൂപ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം താന്‍ രാജിവെക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രഖ്യാപിച്ചു.

തന്നെ സാമ്പത്തിക കുറ്റവാളിയായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുകയാണ്. ഓപ്പണ്‍ ചലഞ്ചാണ് വെക്കുന്നത്. ഒരു രൂപ പിന്‍വലിച്ചു എന്ന് തെളിയിച്ചാല്‍ ഈ നിമിഷം രാജി വെക്കാം. ഇപ്പോള്‍ 88,68,277 രൂപ അക്കൗണ്ടിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് സ്റ്റേറ്റ്‌മെന്റ് ആര്‍ക്കും പരിശോധിക്കാമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

അന്തരീക്ഷത്തില്‍ നിന്നും സൃഷ്ടിച്ചെടുത്ത വാര്‍ത്തയാണ് പ്രചരിക്കുന്നത്. 27 ദിവസം വയനാട്ടില്‍ തങ്ങള്‍ ചെലവഴിച്ചു. എട്ട് ലക്ഷം രൂപ വിലമതിക്കുന്ന 30 വീടുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. 50 ആളുകള്‍ക്ക് വാടക വീടുകള്‍ ഒരുക്കിക്കൊടുക്കും എന്ന് പറഞ്ഞു. പണം നേരിട്ട് സമാഹരിക്കേണ്ട എന്നാണ് തീരുമാനിച്ചിരുന്നത്. വിവാഹത്തിന് സദ്യ വിളമ്പിയും മീന്‍ വിറ്റും പണം സമാഹരിച്ചു. യൂത്ത് കോൺഗ്രസ് ക്യാമ്പില്‍ ഒരു പ്രതിനിധി പോലും വയനാട് പ്രവര്‍ത്തനത്തെ വിമര്‍ശിച്ചില്ല. 

780 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഒരു വീട് നിർമിച്ച് നല്‍കിയോയെന്നും ഡി.വൈ.എഫ്‌.ഐ നിര്‍മിച്ച ഒരു വീട് കാണിച്ചു തരാമോയെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

വയനാട്ടിൽ വീടുനിർമിക്കാൻ ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് കോൺഗ്രസ് അപേക്ഷ നൽകി. പക്ഷെ സർക്കാർ ഭൂമി നൽകിയില്ല. സ്വന്തമായി ഭൂമി കണ്ടെത്തി കൊടുക്കാമെന്നും അത് ഏറ്റെടുത്ത് നൽകണമെന്ന് അറിയിച്ചിട്ടും ഉണ്ടായില്ല. പിരിഞ്ഞുകിട്ടിയ 750 കോടിക്ക് മേൽ സർക്കാർ നിഷ്ക്രിയമായി ഇരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യൂത്ത് കോൺഗ്രസ് ഭവന പദ്ധതിക്ക് അടുത്തമാസം കല്ലിടുമെന്നും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - Will resign from Youth Congress state president post if there is a difference of one rupee in the funds collected - Rahul Mangkootathil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.