കോഴിക്കോട്: വികസനത്തിനുവേണ്ടി അൽപം സ്ഥലം വിട്ടുകൊടുക്കാൻ ജനങ്ങൾ സന്നദ്ധരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ-റെയിൽ പദ്ധതിയുടെ ഇരകൾക്ക് കൃത്യമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തുമെന്നും 'ജനസമക്ഷം സിൽവർലൈൻ' എന്ന പേരിലുള്ള വിശദീകരണ പരിപാടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി. നാടിന്റെ ആവശ്യത്തിനായി ഒന്നിച്ചുനിൽക്കണം. നാടിനാവശ്യമായ പദ്ധതി അനാവശ്യ വിവാദങ്ങളുടെ പേരിൽ ഉപേക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വലിയ പദ്ധതി നടപ്പാക്കുമ്പോൾ സംശയങ്ങൾ സ്വാഭാവികമാകും. ന്യായമായ സംശയങ്ങളുണ്ടെങ്കിൽ പരസ്പരം ചർച്ച ചെയ്യും. പദ്ധതി നടപ്പാക്കുമ്പോൾ സമീപത്തുള്ള നിലവിലെ റോഡുകൾ കൊട്ടിയടക്കില്ല. കെ-റെയിൽ നാടിനെ വിഭജിക്കില്ല. റെയിൽ കടന്നുപോകുന്ന ഭാഗങ്ങളിൽ അടിപ്പാതയോ മേൽപാലമോ സ്ഥാപിച്ച് അനുബന്ധ ഗതാഗതം സുഗമമാക്കും. കെ-റെയിൽ വരാതിരിക്കാൻ യു.ഡി.എഫ് ശ്രമിക്കുകയാണെന്ന് പിണറായി കുറ്റപ്പെടുത്തി. യു.ഡി.എഫ് ഭരണകാലത്ത് അതിവേഗ റെയിൽപാത എന്ന പേരിൽ തുടങ്ങിയെങ്കിലും പിന്നീട് മുന്നോട്ടുപോയില്ല. സംസ്ഥാനത്ത് വികസന പദ്ധതികൾ പ്രഖ്യാപിച്ചശേഷം നടപ്പാക്കില്ലെന്ന് അറിയുന്നതുകൊണ്ടാണ് എതിർപ്പുമായി പലരുമെത്തുന്നത്. ആരെയും ബുദ്ധിമുട്ടിക്കണമെന്ന് സർക്കാറിന് അഭിപ്രായമില്ല.
ദേശീയപാത വികസനം മുതൽ ഇടമൺ -കൊച്ചി പവർഹൈവേ വരെയുള്ള പദ്ധതികൾ നിശ്ചയദാർഢ്യത്തോടെ നടപ്പാക്കാനായെന്നും അദ്ദേഹം പറഞ്ഞു. നാടിന് കാലാനുസൃതമായ പുരോഗതിയില്ലെങ്കിൽ ഭാവിതലമുറയോട് ചെയ്യുന്ന നന്ദികേടാകും.
പ്രകൃതിയെ നശിപ്പിക്കാതെയാകും പദ്ധതി. പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെയും വന്യജീവി മേഖലകളിലൂടെയും കെ-റെയിൽ കടന്നുപോകുന്നില്ലെന്നും പിണറായി കൂട്ടിച്ചേർത്തു.
സമുദ്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനായിരുന്നു. മന്ത്രി എ.കെ. ശശീന്ദ്രൻ, എം.പിമാർ, എം.എൽ.എമാർ, ബിഷപ്പുമാർ, വ്യവസായപ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. കെ-റെയിൽ വിഷയത്തിൽ പത്താമത്തെയും അവസാനത്തെയും വിശദീകരണ സദസ്സാണ് കോഴിക്കോട്ട് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.