തിരുവനന്തപുരം: കേരള കോൺഗ്രസ് എം. ഇടതുമുന്നണി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. ഇടതുമുന്നണിയുടെ മധ്യമേഖല ജാഥ നയിക്കേണ്ടിയിരുന്ന കേരള കോൺഗ്രസ് എം. ചെയർമാൻ ജോസ് കെ. മാണി ഉണ്ടാകില്ലെന്ന് നേതൃത്വത്തെ അറിയിച്ചതായും പകരം എൻ. ജയരാജിന്റെ പേര് നിർദ്ദേശിച്ചെന്നുമാണ് പുറത്തുവരുന്ന വാർത്തകൾ. കേരള കോൺഗ്രസ് എം. മുന്നണി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെയുള്ള ജോസ് കെ. മാണിയുടെ നീക്കങ്ങളെ ശ്രദ്ധയോടെയാണ് രാഷ്ട്രീയ നീരീക്ഷകർ വിലയിരുത്തുന്നത്.
ഫെബ്രുവരി ആറിന് അങ്കമാലിയില്‍ നിന്നാരംഭിച്ച് 13ന് ആറന്മുളയില്‍ സമാപിക്കുന്ന രീതിയിലായിരുന്നു ഇടതുമുന്നണിയുടെ മധ്യമേഖല ജാഥ ക്രമീകരിച്ചിരുന്നത്. എന്നാല്‍ ജോസ് കെ. മാണി ജാഥയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറുകയാണെന്നും വ്യക്തിപരമായ അസൗകര്യങ്ങളുണ്ടെന്നും പകരം ചീഫ് വിപ്പ് എന്‍. ജയരാജിന്‍റെ പേര് നിര്‍ദേശിക്കുകയും ചെയ്തെന്നാണ് സൂചന. എൽ.ഡി.എഫ് കൺവീനർ കണ്‍വീനര്‍ ടി.പി രാമകൃഷ്ണനെ ഇക്കാര്യം ജോസ് കെ. മാണി നേരിട്ട് അറിയിച്ചിട്ടുണ്ട്. ഇതിൽ സി.പി.എം അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ജോസ്. കെ മാണി തന്നെ ജാഥ നയിക്കണമെന്നാണ് സി.പി.എം ആഗ്രഹിക്കുന്നത്. ഇല്ലെങ്കിൽ സി.പി.എം തന്നെ ജാഥയുടെ നേതൃത്വം ഏറ്റെടുത്തേക്കുമെന്നാണ് സൂചന.
അതേസമയം, കേരള കോൺഗ്രസ് എമ്മിനെ യു.ഡി.എഫിലെത്തിക്കാൻ ഹൈക്കമാൻഡ് നീക്കം നടത്തുന്നുന്നുവെന്നാണ് വിവരം. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ജോസ് കെ. മാണിയുമായി ഫോണിൽ സംസാരിച്ചുവെന്നാണ് സൂചന. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും വിഷയത്തിൽ ഇടപെടുന്നുണ്ട്. എന്നാൽ ഇക്കാര്യമൊന്നും കോൺഗ്രസ് നേതൃത്വം ഇതുവരെ സ്ഥിരീകരിക്കാൻ തയാറായിട്ടില്ല.
മുന്നണി മാറ്റം സംബന്ധിച്ച് ജോസ് കെ. മാണി എന്ത് തീരുമാനം എടുത്താലും ഒപ്പമുണ്ടാകുമെന്ന് കേരള കോൺഗ്രസ് എമ്മിന്റെ നാല് എം.എൽ.എമാർ ഉറപ്പുനൽകിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി എം.എൽ.എ എൻ ജയരാജ്, പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തിങ്കൽ, ചങ്ങനാശേരി എം.എൽ.എ ജോബ് മൈക്കിൾ, റാന്നി എം.എൽ.എ പ്രമോദ് നാരായണൻ എന്നിവരാണ് ജോസ് കെ. മാണിയെ നിലപാട് അറിയിച്ചത്.
അതേസമയം, മുന്നണിമാറ്റ അഭ്യൂഹങ്ങള്‍ക്കിടെ 'തുടരും' എന്ന ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രി റോഷി അഗസ്റ്റിന്‍ രംഗത്തെത്തി. എൽ.ഡി.എഫ് നേതാക്കൾക്കും മന്ത്രിമാർക്കും ഒപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചു.
എന്നാല്‍, മുന്നണിമാറ്റ വാർത്തകൾ തള്ളിക്കൊണ്ട് ജോസ് കെ. മാണി ഇന്നലെ പ്രസ്താവന ഇറക്കിയിരുന്നു. കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം പാളയത്ത് നടന്ന സമരത്തിൽ പങ്കെടുക്കാത്തത് മനപൂർവമല്ല.കേരളത്തിന് പുറത്ത് യാത്രയിൽ ആയതിനാലാണ് തിരുവനന്തപുരത്തെ സമരപരിപാടിയിൽ പങ്കെടുക്കാൻ കഴിയാതിരുന്നത്. ഇക്കാര്യം മുൻകൂട്ടി എൽ.ഡി.എഫ് നേതൃത്വത്തെ അറിയിച്ചിരുന്നു. മന്ത്രി റോഷി അഗസ്റ്റിനും ചീഫ് വിപ്പ് എൻ.ജയരാജുമടക്കം എം.എൽ.എമാർ പങ്കെടുത്തിരുന്നു എന്നുമാണ് അദ്ദേഹത്തിന്‍റെ വിശദീകരണം.
അതേ സമയം, കോൺഗ്രസ് സ്ഥാനാർത്ഥി ചർച്ചക്കായി കേരള നേതാക്കൾ ഇന്ന് ദില്ലിയിലേക്ക് പുറപ്പെടും. 16ന് ഡൽഹിയിൽ വച്ചാണ് യോഗം. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ചർച്ചയിൽ പങ്കെടുക്കും. അതേസമയം, സ്ക്രീനിംഗ് കമ്മിറ്റി ഇന്ന് കേരളത്തിൽ ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.