മുഹമ്മദ് മുഹ്‌സിൻ
‘സ്ത്രീകളോട് മോശമായി പെരുമാറിയാൽ മോന്ത പൊളിക്കും’; പഞ്ചായത്ത് സെക്രട്ടറിയോട് മുഹ്‌സിൻ എം.എൽ.എ
പാലക്കാട്: സ്ത്രീകളോട് മാന്യമായി പെരുമാറാൻ അറിയില്ലെങ്കിൽ മോന്ത അടിച്ച് പൊളിക്കുമെന്ന് ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറിക്ക് പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്‌സിന്റെ ഭീഷണി. സഹോദരിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് പഞ്ചായത്ത് സെക്രട്ടറി ജഗദീഷിനാണ് എം.എൽ.എ താക്കീത് നൽകിയത്.
സഹോദരി വിവാഹം രജിസ്റ്റർ ചെയ്യാനായി പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചിരുന്നെന്നും എന്നാൽ വിദ്യാഭ്യാസ യോഗ്യതയടക്കം ചൂണ്ടിക്കാട്ടി സെക്രട്ടറി അപമാനിച്ചെന്നും കരഞ്ഞുകൊണ്ടാണ് സഹോദരി ഇറങ്ങിപ്പോയതെന്നും എം.എൽ.എ പറയുന്നു. സഹോദരി തന്നോട് പറഞ്ഞില്ലെന്നും അവിടെ കൂടെനിന്നവരാണ് വിവരം അറിയിച്ചതെന്നും എം.എൽ.എ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.
എന്നാൽ താൻ അത്തരത്തിൽ പെരുമാറിയിട്ടില്ലെന്നും ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നുമാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം. സംഭവ സ്ഥലത്ത് വേറെയും ആളുകളുണ്ടായിരുന്നു. എല്ലാവരും കേട്ടതാണ്. ആളുകളോട് മോശമായി സംസാരിക്കാൻ കരാറെടുത്തതു പോലെയാണ് എം.എൽ.എയുടെ സംസാരം. എന്താണ് പറഞ്ഞതെന്ന് നല്ല ബോധ്യമുണ്ടെന്നും സെക്രട്ടറി ഫോൺ സംഭാഷണത്തിൽ പറയുന്നു.
ജനുവരി 20നാണ് എം.എൽ.എയുടെ സഹോദരി പഞ്ചായത്ത് ഓഫിസിൽ സർട്ടിഫിക്കറ്റിന്‍റെ ആവശ്യത്തിനായി എത്തിയത്. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ചില തർക്കങ്ങളുണ്ടായി. ഇതിനു പിന്നാലെയാണ് എം.എൽ.എ സെക്രട്ടറിയെ വിളിച്ചത്. സംഭവത്തിന് പിന്നാലെ പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലം മാറ്റിയിരുന്നു. മാസങ്ങൾക്കു ശേഷം ഓഡിയോ ക്ലിപ് പുറത്തുവിട്ടതിനു പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്ന് എം.എൽ.എ പറഞ്ഞു. സെക്രട്ടറിക്കെതിരെ സമാന പരാതികൾ മുമ്പും ഉണ്ടായിട്ടുണ്ടെന്നും എം.എൽ.എ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.