സ്ഥലം എം.എൽ.എ എത്തിയില്ല; ബസ് സർവിസ് ഉദ്ഘാടകനായി മന്ത്രി ബിന്ദു കൃഷ്ണയുടെ ഭർത്താവ്; വിവാദം
തിരുവനന്തപുരം: ചിറയിൻകീഴിൽ കെ.എസ്.ആർ.ടി.സി ബസ് സർവിസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിവാദം. ചൊവ്വാഴ്ച വൈകീട്ട് ആറിനാണ് ചിറയിൻകീഴിൽനിന്ന് കൊല്ലത്തേക്കുള്ള ബസ് സർവിസിന്റെ ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. സ്ഥലം എം.എൽ.എ രമ്യ ഹരിദാസിനെയാണ് ഉദ്ഘാടകയായി നിശ്ചയിച്ചിരുന്നത്.
എന്നാൽ, എം.എൽ.എ എത്താത്തതിനെ തുടർന്ന് മന്ത്രി ബിന്ദു കൃഷ്ണയുടെ ഭർത്താവും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ എസ്. കൃഷ്ണകുമാർ ബസ് ഫ്ലാഗ് ഓഫ് ചെയ്തതാണ് വിവാദത്തിന് വഴിവെച്ചത്. സംഭവത്തിൽ സി.പി.ഐ നേതാവും ഗ്രാമപഞ്ചായത്ത് അംഗവുമായ എം. അൻവർ ഷാ കെ.എസ്.ആർ.ടി.സി സിഎംഡിക്ക് പരാതി നൽകി. ഉദ്യോഗസ്ഥ തലത്തിലോ ഭരണതലത്തിലോ സ്ഥാനമാനങ്ങൾ ഒന്നുമില്ലാത്ത വ്യക്തി ഫ്ലാഗ് ഓഫ് നടത്തിയത് ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനമാണെന്ന് സിഎംഡിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
പ്രദേശത്തെ മറ്റ് ജനപ്രതിനിധികളെ ആരെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളെ തുടർന്ന് രമ്യ ഹരിദാസ് എം.എൽ.എക്കു പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തതിനാലാണ് ഡി.സി.സി ജനറൽ സെക്രട്ടറി ഉദ്ഘാടനം ചെയ്തതെന്നാണു വിശദീകരണം. ബസ് സർവിസ് ഉദ്ഘാടനം ചിറയികീഴ് ജങ്ഷനിൽ ‘‘മുൻ സിൻഡിക്കറ്റ് അംഗം അഡ്വ എസ്. കൃഷ്ണകുമാർ ഫ്ലാഗ് ഓഫ് ചെയ്തു’’ എന്ന തലക്കെട്ടോടെ കൃഷ്ണകുമാർ തന്നെ സാമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങളും പങ്കുവെച്ചതോടെയാണ് സംഭവം വിവാദമായത്.
സമൂഹമാധ്യമങ്ങളിൽ ചിത്രം പ്രചരിച്ചതോടെ വ്യാപക വിമർശനം ഉയർന്നു. ഒരു സർക്കാർ സംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കാൻ ഡിസിസി ജനറൽ സെക്രട്ടറിക്ക് അല്ലെങ്കിൽ മന്ത്രിയുടെ ഭർത്താവിന് എങ്ങനെയാണ് അർഹതയുണ്ടാകുന്നതെന്നാണ് വിമർശനം. ഗതാഗത വകുപ്പിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ ഭർത്താവ് പലതരത്തിലുള്ള ഇടപെടലുകളും നടത്തുന്നുണ്ടെന്ന ആരോപണങ്ങൾ ശക്തമാകുന്നതിനിടയിലാണ് പുതിയ സംഭവം. എന്നാൽ, ബിന്ദു കൃഷ്ണയുടെ ഓഫിസിൽ നിന്ന് ലഭിച്ച നിർദേശാനുസരണമാണ് താൻ ബസ് ഫ്ലാഗ് ഓഫ് ചെയ്തതെന്നാണ് എസ്. കൃഷ്ണകുമാറിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.