വന്യജീവി ആക്രമണം: ആശ്രിതർക്കുള്ള നഷ്ടപരിഹാരം 17.5 ലക്ഷമാക്കി, പാമ്പ് കടിയേറ്റ് മരിച്ചാൽ അഞ്ചു ലക്ഷം

തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ മരിക്കുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരത്തുക സർക്കാർ ഗണ്യമായി വർധിപ്പിച്ചു. മരിക്കുന്നവരുടെ ആശ്രിതർക്ക് നൽകിവന്നിരുന്ന നഷ്ടപരിഹാരത്തുക 17.5 ലക്ഷം രൂപയാക്കി ഉയർത്തി. നേരത്തെ ഇത് 14 ലക്ഷം രൂപയായിരുന്നു.

പാമ്പ്, കടന്നൽ, തേനീച്ച എന്നിവയുടെ ആക്രമണം മൂലമുള്ള മരണങ്ങൾക്ക് അഞ്ചു ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുക. കൂടാതെ, ആക്രമണങ്ങളിൽ അംഗവൈകല്യം സംഭവിക്കുന്നവർക്കുള്ള ധനസഹായവും വർധിപ്പിച്ചിട്ടുണ്ട്. 40 മുതൽ 60 ശതമാനം വരെ അംഗവൈകല്യം സംഭവിക്കുന്നവർക്കുള്ള നഷ്ടപരിഹാരം രണ്ടു ലക്ഷം രൂപയിൽനിന്ന് 2.5 ലക്ഷം രൂപയായും 60 ശതമാനത്തിന് മുകളിൽ അംഗവൈകല്യം സംഭവിക്കുന്നവർക്ക് നൽകിയിരുന്ന 2.5 ലക്ഷം രൂപ 3,12,500 രൂപയായും ഉയർത്തി.

ആശുപത്രിവാസം ആവശ്യമായി വരുന്ന പരിക്കുകൾക്ക് പുതിയ ഉത്തരവ് പ്രകാരം പരിക്കിന്റെ ഗുരുതരാവസ്ഥ അനുസരിച്ച് 1,25,000 രൂപ വരെ ലഭിക്കാവുന്നതാണ്.

ഒരാഴ്ചക്ക് മുകളിൽ ആശുപത്രിവാസം വേണ്ടിവരുന്ന ഗുരുതര പരിക്കുകൾക്ക് ഒരു ലക്ഷം രൂപ വരെ സിഎംഡിആർഎഫിൽ നിന്നും അനുവദിക്കാം. നഷ്ടപരിഹാര തുക വര്‍ധിപ്പിക്കാൻ സര്‍ക്കാറിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി നേരത്തെ തീരുമാനിച്ചിരുന്നു. വന്യജീവി ആക്രമണത്തിൽ കർഷകർക്കുണ്ടാകുന്ന കൃഷിനാശത്തിന് വനം വകുപ്പ് നൽകിവരുന്ന നഷ്ടപരിഹാരവും ഇരട്ടിയായി വർധിപ്പിച്ചിരുന്നു.

10 വർഷത്തിന് ശേഷമാണ് നഷ്ടപരിഹാര നിരക്കുകൾ പരിഷ്കരിക്കുന്നത്. ഇതിനുമുമ്പ് 2015ലായിരുന്നു പരിഷ്കരണം. പുതിയ ഉത്തരവ് പ്രകാരം, കർഷകർക്ക് നൽകിവരുന്ന നഷ്ടപരിഹാരത്തിന്റെ പരമാവധി പരിധിയും അപേക്ഷയുടെ എണ്ണത്തിലുള്ള നിയന്ത്രണവും പൂർണമായും ഒഴിവാക്കി. കൃഷിനാശത്തിന് പുറമെ കാർഷികോൽപന്നങ്ങളായ തേങ്ങക്ക് ഒന്നിന് 15 രൂപ നിരക്കിലും കൊക്കോക്ക് കിലോഗ്രാമിന് 30 രൂപ നിരക്കിലും നഷ്ടപരിഹാരം അനുവദിക്കും. മുമ്പ് തെങ്ങോ കൊക്കോ മരമോ നശിപ്പിച്ചാൽ മാത്രമേ നഷ്ടപരിഹാരം ലഭിച്ചിരുന്നുള്ളൂ.

വന്യജീവി ആക്രമണംമൂലം കൃഷിനാശമോ ഉൽപന്ന നാശമോ ഉണ്ടായാൽ, നാശം സംബന്ധിച്ച വിവരങ്ങൾ കർഷകർ രണ്ടാഴ്ചക്കകം ബന്ധപ്പെട്ട അധികാരികൾ മുമ്പാകെ റിപ്പോർട്ട് ചെയ്യണം.കൂടാതെ, നാശനഷ്ടം സംഭവിച്ച് ആറുമാസത്തിനകം ഇതിനായി നിശ്ചിത മാതൃകയിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷകരുടെ അർഹത സംബന്ധിച്ച നിലവിലെ നിബന്ധനകളും അർഹത നിർണയ പരിശോധനകളും പഴയതുപോലെ തുടരും.

Tags:    
News Summary - Wildlife attacks: Compensation for dependents increased to 17.5 lakh rupees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.