വിരമിച്ച സൈനികരുടെ അന്തസ്സിന് കോട്ടം സംഭവിക്കരുത്, അഭിമുഖങ്ങളും പ്രസ്താവനകളും പരിശോധിക്കണം; മേജർ രവിക്കെതിരെ എക്സ്-സർവീസ്മെൻ അസോസിയേഷൻ

തിരുവനന്തപുരം: റിട്ടയേർഡ് സൈനിക ഉദ്യോഗസ്ഥൻ മേജർ രവിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുള്ള വിവിധ ആരോപണങ്ങളിൽ കേന്ദ്ര സർക്കാരും പ്രതിരോധ മന്ത്രാലയവും സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് എക്സ്-സർവീസ്മെൻ വെൽഫെയർ ആൻഡ് റീഹാബിലിറ്റേഷൻ അസോസിയേഷൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സംഘടനയുടെ പ്രസിഡന്റ് രാജേഷ് കുമാർ കേന്ദ്ര സർക്കാരിനും പ്രതിരോധ മന്ത്രാലയത്തിനും പരാതി നൽകിയിട്ടുണ്ട്. മേജർ രവിയുമായി ബന്ധപ്പെട്ട പരിശീലന പ്രവർത്തനങ്ങൾ, വിദ്യാർത്ഥികൾക്ക് ജോലി ഉറപ്പുനൽകുന്നുവെന്ന അവകാശവാദങ്ങൾ, തൊഴിൽ വാഗ്ദാനം ചെയ്ത് പണം ഈടാക്കിയെന്ന ആരോപണങ്ങൾ എന്നിവ കേന്ദ്ര ഏജൻസികൾ പരിശോധിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.

വിവിധ സ്കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കായി നടത്തിയ പരിശീലന പരിപാടികളും, തങ്ങളുടെ പരിശീലന അക്കാദമിയിൽ ചേർന്നാൽ ജോലി ഉറപ്പായും ലഭിക്കുമെന്ന അവകാശവാദങ്ങളും വിശദമായി അന്വേഷിക്കണം. തൊഴിൽ വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളിൽ നിന്നോ ഉദ്യോഗാർത്ഥികളിൽ നിന്നോ പണം ഈടാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. കൂടാതെ, ഈ പരിശീലന സ്ഥാപനങ്ങൾക്കും റിക്രൂട്ട്‌മെന്റ് ഏജൻസികൾക്കും ആവശ്യമായ ഔദ്യോഗിക അംഗീകാരങ്ങൾ ഉണ്ടോ എന്നതിൽ വ്യക്തത വരുത്തണം. 2026 ഒക്ടോബർ 19 മുതൽ 25 വരെയുള്ള കാലയളവിൽ വിവിധ മാധ്യമങ്ങളിലൂടെ മേജർ രവിയുടേതായി പുറത്തുവന്ന അഭിമുഖങ്ങളും പ്രസ്താവനകളും പരിശോധിക്കണം. ദാവൂദ് ഇബ്രാഹിമിനെയും കേന്ദ്ര സർക്കാരിനെയും ബന്ധപ്പെടുത്തി അദ്ദേഹം നടത്തിയ പ്രസ്താവനകളുടെ യഥാർത്ഥ പശ്ചാത്തലവും സത്യവസ്ഥയും അധികാരികൾ അന്വേഷിക്കണം. മാധ്യമങ്ങളിൽ വന്ന യഥാർത്ഥ അഭിമുഖങ്ങളും വീഡിയോ റെക്കോർഡുകളും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം മാത്രമേ തീരുമാനങ്ങളിൽ എത്താവൂ എന്നും സംഘടന വ്യക്തമാക്കി.

സൈനിക സേവനത്തിന്റെ മഹത്വവും വിശ്വാസ്യതയും മുൻനിർത്തി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ തടയാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ സമൂഹത്തിൽ മാന്യമായി ജീവിക്കുന്ന മറ്റ് വിരമിച്ച സൈനികരുടെ അന്തസ്സിനും വിശ്വാസ്യതയ്ക്കും കോട്ടം വരുത്തരുതെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. അന്വേഷണത്തിന് ആവശ്യമായി വരുന്ന സാഹചര്യത്തിൽ ആവശ്യമായ രേഖകളും മാധ്യമ റിപ്പോർട്ടുകളും മറ്റ് തെളിവുകളും അധികാരികൾക്ക് കൈമാറാൻ തയ്യാറാണെന്ന് പ്രസിഡന്റ് രാജേഷ് കുമാർ അറിയിച്ചു. വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണത്തിലൂടെ വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും നിയമലംഘനം തെളിയിക്കപ്പെട്ടാൽ കർശന നിയമാനുസൃത നടപടികൾ സ്വീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

Tags:    
News Summary - Ex-Servicemen Association Demands Defence Ministry Probe Against Major Ravi Over Job Allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.