മാണി സി. കാപ്പൻ, ജോസ് കെ. മാണി
ആദിയിൽ വചനമുണ്ടായി എന്നതുപോലെ പാലാക്കാർക്ക് മാണിയുമുണ്ടായി എന്നു പറയുന്നതാവും ശരി. 1965ൽ മണ്ഡലം നിലവിൽ വന്നതുമുതൽ മാണിയെ മാത്രമേ പാലാക്കാർ ജയിപ്പിക്കാറുള്ളു. അതിനി സാക്ഷാൽ കെ.എം.മാണി എന്ന കരിങ്ങോഴക്കൽ മാണിയായാലും മാണി സി. കാപ്പനായാലും പാലാക്കാർക്ക് മാണി തന്നെ മതി.
ഇക്കുറിയും ഏതെങ്കിലും മാണിയെ തന്നെ തെരഞ്ഞെടുക്കുമോ അതോ മാറ്റിപ്പിടിക്കുമോ എന്നറിയാൻ കൂടിയാണ് കേരളം കാത്തിരിക്കുന്നത്. ശീലം മാറുക അത്ര എളുപ്പമല്ലെങ്കിലും ശക്തമായ ത്രികോണ മത്സരത്തിന് പാലായിൽ കളമൊരുങ്ങിക്കഴിഞ്ഞു. ഒരു വശത്ത് ജോസ് കെ. മാണി. മറുവശത്ത് മാണി സി. കാപ്പൻ. ഇരുവർക്കുമെതിരെ ഷോൺ ജോർജ്.
52 വർഷക്കാലം കെ.എം മാണി എന്ന രാഷ്ട്രീയാചാര്യൻ അടക്കിവാണ തട്ടകം. ഒരുകാലത്ത് കോട്ടയം എന്നാൽ പാലാ എന്നായിരുന്നു അർഥം. പാലാ എന്നാൽ മാണി സാറെന്നും. ആ സീറ്റിൽ കേരള കോൺഗ്രസ് അല്ലാതെ വേറൊരു പാർട്ടിക്ക് ജയിക്കാൻ 2019 ലെ മാണി സാറിന്റെ വിയോഗം വരെ കാത്തിരിക്കേണ്ടിവന്നു. ആ ഉപതെരഞ്ഞെടുപ്പിൽ മാണി സാറില്ലാത്ത സങ്കടം പാലാക്കാർ പരിഹരിച്ചത് ഇടതുപക്ഷക്കാരനാണെങ്കിലും ‘മാണി’ ആയ മാണി സി. കാപ്പനെ തന്നെ തെരഞ്ഞെടുത്തായിരുന്നു.
പക്ഷേ, 2021 ൽ കളംമാറി. എൽ.ഡി.എഫുകാരനായ മാണി സി. കാപ്പൻ യു.ഡി.എഫിലെത്തി. ജോസ് കെ. മാണി എൽ.ഡി.എഫിലും. ആ ‘മാണി Vs മാണി’ പോരാട്ടത്തിൽ മാണി സി. കാപ്പൻ തന്നെ വിജയിച്ചു. അങ്ങനെ മാണി സി. കാപ്പന്റെ സിറ്റിങ് സീറ്റായി മാറിയ പാലാ എങ്ങനെയെങ്കിലും പിടിച്ചെടുക്കാനാണ് കെ.എം മാണിയുടെ മകൻ ജോസ് കെ. മാണിയും ഇടതുപക്ഷവും അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് മണ്ഡലത്തിലെത്തി ജോസ് കെ. മാണിക്കായി പ്രചാരണം നടത്തിയിരുന്നു.
പാലായുടെ മാണി താൻ തന്നെയെന്ന് ഉറപ്പിക്കാനുള്ള പോരാട്ടത്തിലാണ് മാണി സി. കാപ്പൻ. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അതിരമ്പുഴയിലെ പ്രചാരണ വേദിയിലെത്തിയത് മാണി സി. കാപ്പനും കൂടിയായിരുന്നു.
ഇരു മാണികളെയും വെട്ടാനായാണ് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ഷോൺ ജോർജ് താമര ചിഹ്നത്തിൽ തന്നെ മത്സരിക്കുന്നത്. ബി.ജെ.പി എ ക്ലാസ് മണ്ഡലത്തിൽ പെടുത്തിയിരിക്കുന്ന പാലായിൽ പ്രധാന മന്ത്രി മോദിയെ തന്നെ പ്രചാരണത്തിനിറക്കാനുള്ള പുറപ്പാടിലാണ് ബി.ജെ.പി.
രാഷ്ട്രീയ സമവാക്യങ്ങൾക്കൊപ്പം സാമുദായിക ബലതന്ത്രങ്ങൾക്കു കൂടി തുല്ല്യ പ്രാധാന്യമുള്ള പാലായിൽ തീപാറുന്ന മത്സരവും പ്രചാരണവുമാണ് നടക്കുന്നത്. ആരാകും പാലായുടെ മാണിക്യം എന്നറിയാൻ അതുകൊണ്ടുതന്നെ വോട്ടെണ്ണുന്നതുവരെ കാത്തിരിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.