തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ട സി.പി.എമ്മിന്‍റെ ഇനിയുള്ള നീക്കങ്ങൾ നിർണായകം. തോൽവിയുടെ കാര്യങ്ങൾ പഠിക്കുമെന്നും തിരുത്തുമെന്നുമാണ് നേതാക്കൾ പറയുന്നത്. എന്ത് തിരുത്തലാണ് വരുത്തുകയെന്നാണ് പാർട്ടി അണികളും അനുഭാവികളും ഉറ്റുനോക്കുന്നത്. കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ വലിയ പരാജയമുണ്ടായപ്പോഴും നേതാക്കൾ ഇതേ ‘ഡയലോഗ്’ പറഞ്ഞിരുന്നു.
എന്നാൽ, ബോധ്യമാകുന്ന തിരുത്തലുകൾ ഒന്നുമുണ്ടായില്ല. തെറ്റ് എന്താണെന്ന് ഏറ്റുപറയാതെ തിരുത്തൽ വരുത്തിയെന്ന് പറഞ്ഞാൽ ആർക്കാണ് ബോധ്യമാവുകയെന്ന ചോദ്യവുമുയരുന്നുണ്ട്. തോൽവിയുടെ ഉത്തരവാദിത്വം ആർക്ക് എന്നതാണ് പ്രധാന ചോദ്യം. ഉത്തരവാദിത്വം ഏറ്റെടുത്തും നയങ്ങളിൽ തിരുത്തൽ വരുത്തിയും ജനത്തിന് ബോധ്യം വരുന്ന നടപടിയാണ് ഉണ്ടാകേണ്ടത്. ഉത്തരവാദിത്തം ഏറ്റെടുത്ത് പദവികൾ ഒഴിഞ്ഞ് മാറി നിൽക്കാൻ സന്നദ്ധത കാട്ടുന്ന മാതൃകാ സമീപനം മുഖ്യമന്ത്രി പിണറായി വിജയന്‍റെയോ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെയോ ഭാഗത്തു നിന്ന് ഉണ്ടാകുമോ?. ഇനിയും ഇവർ തന്നെ ഇതേ ശൈലിയുമായി വന്നാൽ പാർട്ടിയുടെ ഭാവി എന്താകുമെന്ന ചോദ്യം പാർട്ടിയിൽ ഉയരുന്നുണ്ട്. പാർട്ടി അംഗങ്ങൾ പോലും പാർട്ടി ചിഹ്നം വിട്ട് കൂട്ടത്തോടെ വോട്ട് ചെയ്ത തെരഞ്ഞെടുപ്പാണിതെന്ന് ഫലം സൂചിപ്പിക്കുന്നു. ഇടതുപക്ഷ നയ വ്യതിയാനവും, ഭരണത്തിലെ സുതാര്യതയില്ലായ്മയും അഴിമതിയും മുഖ്യമന്ത്രിയുടെയും സംസ്ഥാന സെക്രട്ടറിയുടെയും ‘പെരുമാറ്റ ദൂഷ്യ’വുമാണ് തോൽവിയിലേക്ക് നയിച്ചവയിൽ പ്രധാനമെന്നാണ് വിമർശനം.
പാർട്ടി കോട്ടകളിൽപോലും വിമതരായവരെ ജനം സ്വീകരിച്ചു. അമ്പലപ്പുഴയിൽ ജി. സുധാകരൻ, പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ, തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദൻ എന്നിവരുടെ പോരാട്ടങ്ങൾക്ക് ജനപിന്തുണ ലഭിച്ചു. അവരെ വർഗ വഞ്ചകരെന്നും കുലംകുത്തികളെന്നും പാർട്ടി നേതാക്കൾ വിശേഷിപ്പിച്ചെങ്കിലും അണികൾ ആ വിശേഷണങ്ങൾ ചാർത്തിയത് സി.പി.എം നേതാക്കൾക്കാണെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഭരണം നഷ്ടമായ സ്ഥിതിക്ക് ഇനി സംഘടനാ തലത്തിലാണ് തിരുത്തൽ വേണ്ടത്.
ഭരണവർഗ രാഷ്ട്രീയവുമായി ബന്ധപ്പെട്ട മൂലധനബന്ധങ്ങളെ എങ്ങിനെ സുതാര്യമായി ഉപയോഗപെടുത്തണം എന്നതിൽ വ്യക്തത അനിവാര്യമാണ്. മൃദുഹിന്ദുത്വ സമീപനം, വർഗീയ പാമർശങ്ങൾ നടത്തുമ്പോഴും വെള്ളാപ്പള്ളിക്ക് നൽകിയ പിന്തുണ, പാർട്ടി സമ്മേളനങ്ങളിൽ രാപകൽ നീണ്ട ചർച്ചകൾ ഇല്ലാതാക്കി ജനമനം അറിയുന്നതിന് കഴിയാത്തവിധം ഉൾപാർട്ടി ചർച്ചകൾ വാഴ്ത്തുപാട്ടുകളാക്കി മാറ്റിയത്, പാർട്ടിയും ഭരണവുമെല്ലാം ഒറ്റയാളെ മാത്രം കേന്ദ്രീകരിച്ചുള്ളതാക്കിയത് തുടങ്ങിയ കാര്യങ്ങളിൽ തിരുത്തൽ അനിവാര്യമാണ്. ക്ലീൻ ഇമേജ് പാർട്ടിക്ക് നഷ്ടമായതോടെ വിദ്യാർഥികളുടെയും ചെറുപ്പക്കാരുടെയും പിന്തുണ നേടാൻ കഴിയുന്നില്ല. യുവാക്കൾ പാർട്ടിയിലേക്ക് വരുന്നത് ഇല്ലാതായിട്ട് കാലമേറെയായി. പാർട്ടി കുടുംബങ്ങളിൽ നിന്നുള്ളവർ പോലും വർഗീയ ചേരികളിലേക്ക് പോകുന്നു. അതിന് മാറ്റംവരുത്താൻ എന്തുവേണമെന്ന ചിന്തയും അനിവാര്യമാണ്.അണികൾ നേതൃത്വത്തെ തിരുത്തണമെന്ന കുഞ്ഞികൃഷ്ണന്‍റെ ആഹ്വാനമാണ് വോട്ടർമാർ ഏറ്റെടുത്തത്. വാഴ്ത്ത് പാട്ട് പാടി ശീലിച്ച അണികൾ അതിന് എത്രത്തോളം തയാറാകും എന്നതും തിരുത്തലിൽ വരേണ്ട കാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.