എസ്.ഐ.ആർ എന്ത്? എങ്ങനെ നേരിടണം - ദേശീയ മാനവികവേദി

കോഴിക്കോട്ഛ കേരളത്തിൽ നടപ്പാക്കുന്ന എസ്.ഐ.ആറിനെ കുറിച്ചും ഉത്ക്കണ്ഠകൾ ചൂണ്ടിക്കാട്ടി ദേശീയ മാനവികവേദി. തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുമ്പോൾ ബൂത്തുതല അട്ടിമറികളും വോട്ട് കൂട്ടിച്ചേർക്കലുകളും നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും രാഷ്ട്രീയ, മത ഭേദങ്ങൾ മറന്ന് കേരളത്തെ കേരളമായി നിലനിർത്താനുള്ള ശ്രമങ്ങളിൽ പങ്കാളികളാവണമെന്നും ദേശീയ മാനവികവേദി വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി.

വാർത്താകുറിപ്പിന്‍റെ പൂർണരൂപം

തീവ്രവോട്ടേഴ്സ് ലിസ്റ്റ് പരിഷ്കരണ പ്രക്രിയ (Special Intensive Revision) കേരളത്തിൽ നടന്നു കൊണ്ടിരിക്കയാണല്ലോ. ഈ വിഷയത്തിൽ ഒരു സാംസ്കാരിക സംഘടനയായ ദേശീയമാനവികവേദിയുടെ ഉത്ക്കണ്ഠകളും ആത്മാർഥമായ പ്രതികരണക്ഷമതയും പങ്കുവെക്കുകയാണ്.

ഡിസംബർ ആദ്യം തുടങ്ങാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങളിലേക്ക് കേരളം മുഴുകുന്ന സമയത്തുതന്നെ ഈ തീവ്രപട്ടിക പരിഷ്കരണപ്രക്രിയ നടത്തുന്നതിലെ സാങ്കേതിക ബുദ്ധിമുട്ടുകൾ സ്റ്റേറ്റ് ഇലക്ഷൻ കമീഷണർ വഴി ദേശീയ ഇലക്ഷൻ കമ്മീഷനെ അറിയിച്ചതാണ് എന്നാണറിവ്. തമിഴ്നാട് ഉൾപ്പെടെ പല സംസ്ഥാനങ്ങളും എസ്.ഐ. ആറിനെതിരെ സുപ്രീംകോടതിയിൽ കേസുകൾ ഫയൽ ചെയ്തിട്ടുമുണ്ട്. എന്നിട്ടും ദേശീയതലത്തിൽ ഒന്നിച്ചു നടത്തപ്പെടാത്ത ഒരു സംരംഭത്തിലേക്ക് കേരളത്തെ നിർബന്ധപൂർവം ഈ ഘട്ടത്തിൽ തള്ളിവിട്ടതിലെ സാംഗത്യം ദുരൂഹമാണ്. സംശയാസ്പദമാണ്. ഫലപ്രദമായി ഓരോ പൗരന്‍റെയും നന്മ ഉദ്ദേശിച്ച് നടത്തപ്പെടുന്ന ഒന്നാണെങ്കിൽ കേരളത്തെ ഡിസംബർ പകുതി വരെ ഒഴിവാക്കേണ്ടതായിരുന്നു.

ഇലക്ഷൻ കമീഷന്‍റെ അധികാരപരിധി വലുതാണ്. ഏറ്റവും സ്വതന്ത്രമായും നീതി പൂർവകവുമായും പ്രവർത്തിക്കേണ്ട കമീഷന്‍റെ, രൂപീകരണത്തിൽ തുടങ്ങി അപാകതകളുണ്ടെന്ന് ജനാധിപത്യവിശ്വാസികൾ മനസ്സിലാക്കിയതുമാണ്. ഇലക്ഷൻ പ്രഖ്യാപിച്ചതിനു ശേഷമുള്ള പെരുമാറ്റച്ചട്ടങ്ങൾ പരിപാലിക്കുക, നീതി പൂർവകമായി തെരഞ്ഞെടുപ്പു പ്രക്രിയ നടക്കുന്നുണ്ടെന്നുറപ്പു വരുത്തുക, പരാതികൾ ഉയരുമ്പോൾ അവ പ്രതിബദ്ധതയോടെയും സുതാര്യതയോടെയും പരിശോധിച്ച് കുറ്റം ചെയ്തവരെ കണ്ടെത്തുക, നിയമത്തിനു മുമ്പിൽ കൊണ്ടുവരിക എന്നിവയിലെല്ലാം വൻ വീഴ്ചകൾ വരുത്തിയ ഒരു ഇലക്ഷൻ കമീഷനാണ് ഇന്ന് നിലവിലുള്ളത് എന്നതും പകൽ പോലെ സത്യം. അല്ലെങ്കിൽ പ്രതിപക്ഷനേതാവു കൂടിയായ രാഹുൽ ഗാന്ധി കൃത്യമായ തെളിവുകൾ സഹിതം ഉയർത്തിയ ഗുരുതരമായ ആരോപണങ്ങൾ ഇവ്വിധം അവഗണിക്കുന്നതെങ്ങനെ? ടി.എൻ. ശേഷനെപ്പോലുള്ളവർ മാതൃക കാണിച്ച ഇന്ത്യയുടെ ഇലക്ഷൻ കമീഷൻ പാരമ്പര്യം ഇന്ന് വെറും പഴങ്കഥ മാത്രമായി മാറിയിരിക്കുന്നു.

ഇത്തരമൊരു പരിവേഷമുള്ള ഇലക്ഷൻ കമീഷന്‍റെ നേതൃത്വത്തിൽ, ഏറ്റവും കുറവ് പ്രവർത്തകരെ (ബി.എൽ.ഒ) വെച്ചു കൊണ്ട് ഒറ്റമാസംകൊണ്ടു നടത്തപ്പെടുന്നതായതിനാൽത്തന്നെയാണ് സംശയങ്ങളും ആശങ്കകളും ഉയരുന്നതും. മാത്രമല്ല, കള്ളവോട്ടുകൾ തടയാനുള്ള സംവിധാനങ്ങളൊന്നും പുതിയ സംരംഭത്തിലില്ല. ആധാർകാർഡുമായി ബന്ധിപ്പിക്കുക എന്നത് മറ്റെല്ലാ സർക്കാർ സേവന രംഗത്തും പ്രാവർത്തികമാക്കിയെങ്കിലും ഇലക്ഷൻ പ്രക്രിയയിൽ മാത്രം അതുണ്ടായിട്ടില്ല. വോട്ടിംഗ് യന്ത്രത്തിലൂടെ നടത്തപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന കൈ കടത്തലുകൾക്ക് പരിഹാരമായില്ല. സർക്കാരിന്‍റെ കളിപ്പാവയായി പ്രവർത്തിക്കുന്ന കമീഷന്‍റെ അവകാശവാദങ്ങളെ മുഖവിലയ്ക്കെടുക്കാൻ കഴിയാത്തതും ഇത്തരം കാരണങ്ങൾ കൊണ്ടുതന്നെ. 18 വയസ്സുതികഞ്ഞ പുതിയ അംഗങ്ങളെ ചേർക്കാനും മരിച്ചു പോയവരുടെ പേരുകൾ നീക്കാനും 'നുഴഞ്ഞുകയറ്റക്കാരെ' കണ്ടെത്താനും മാത്രമാണിത്, സാധാരണ പൗരർ ഭയപ്പെടേണ്ടതേ ഇല്ല എന്നു പറയുമ്പോൾ ബീഹാറിലെ പട്ടികയിൽ നിന്നു പുറത്താക്കപ്പെട്ട ലക്ഷക്കണക്കിനു മനുഷ്യരും അതിനു മുമ്പ് ആസാമിൽ എൻ. ആർ. സി. (National Registry of Citizens) വഴി കുറ്റവാളികളാക്കപ്പെട്ട ലക്ഷങ്ങളും നമ്മുടെ മനസ്സിലെത്തുന്നു. അതിർത്തിസംസ്ഥാനങ്ങളായതു കൊണ്ട് രാജ്യാതിർത്തികൾ ഭേദിച്ച് പല കാരണങ്ങളാൽ ജീവിക്കാൻ വേണ്ടി ഉപഭൂഖണ്ഡത്തിലൂടെ സഞ്ചരിച്ചു ജീവിക്കാൻ പിടയുന്നവരെ മുഴുവൻ കുറ്റവാളികളാക്കുന്നതിലെ അമാനവികതകൾക്കപ്പുറം, രേഖകൾ സമർപ്പിക്കാൻ കഴിയാതെ വിദേശ മുദ്രകുത്തപ്പെടുന്നവർ പ്രത്യേക മതത്തിൽ പെട്ടവരാണ് എന്ന സത്യവും നമ്മെ ഭയപ്പെടുത്തുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ അംഗീകൃത മുസ്ലിം പൗരരുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ എന്നോർക്കുക. ആസാമിൽ ചെയ്ത പോലെ, രാജ്യവ്യാപകമായി എൻ.ആർ.സി. നടപ്പാക്കും എന്ന പ്രഖ്യാപനത്തിന്‍റെ ആദ്യ ഘട്ട നിഗൂഢ നടപ്പിൽവരുത്തൽ തന്നെയല്ലേ എസ്.ഐ.ആർ. എന്നു സംശയിക്കേണ്ടിവരുന്നതും ഇത്തരം കാരണങ്ങളാലാണ്.

ഏറ്റവും ദൗർഭാഗ്യകരമായി തോന്നുന്നത് പൗരത്വ ഭേദഭഗതി നിയമവും (CAA), NRC യും കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ല എന്നു പറഞ്ഞ സർക്കാർ ഭരിക്കുന്ന സംസ്ഥാനത്താണ് ഇത് നേരത്തേ തന്നെ അരങ്ങേറുന്നത് എന്നതാണ്. തെരഞ്ഞെടുപ്പു കമീഷന്‍റെ അധികാരപരിധിക്കകത്ത് സർക്കാരുകൾ നിസ്സഹായരാണ് എന്ന വാദം അംഗീകരിച്ചാൽ തന്നെ ഇതിന്‍റെ നിഗൂഢ താൽപ്പര്യങ്ങളെ എങ്ങനെ ചെറുക്കാം എന്നാലോചിക്കേണ്ട ഉത്തരവാദിത്തം ജനപക്ഷസർക്കാരുകൾക്കില്ലേ? കോടതിയിൽ തമിഴ്നാടിനോടൊപ്പം കക്ഷി ചേരുക എന്നതിനപ്പുറമുള്ള ഉത്തരവാദിത്തമാണത്. SIR പാതി വഴി എത്തിക്കഴിഞ്ഞ ശേഷമുള്ള നിയമനടപടി സ്വാഭാവികമായി പരാജയപ്പെടാനാണ് സാധ്യതയും. സർക്കാർ സംവിധാനങ്ങളും ഭരണകക്ഷി പ്രാദേശിക രാഷ്ട്രീയാംഗങ്ങളും ഇടപെട്ട് SIR ലൂടെ നടപ്പിലാക്കപ്പെടാമെന്നു ഭയക്കുന്ന ഒഴിവാക്കൽ പ്രക്രിയയ്ക്ക് തടയിടാനാവില്ലേ? ഒരംഗീകൃത പൗരനും ഒഴിവാക്കപ്പെടുന്നില്ല എന്നുറപ്പാക്കാൻ വേണ്ട സൂക്ഷ്മത പാലിച്ച് സങ്കീർണമായ ഫോം പൂരിപ്പിക്കൽ പ്രക്രിയ പൂർത്തിയാക്കപ്പെടണം. 2002ലെ പട്ടികയിൽ തങ്ങളുടെ തന്നെയോ, തങ്ങളുടെ രക്ഷിതാക്കളുടെയോ പേരു കണ്ടു പിടിക്കുക എന്നതിന് സാങ്കേതികമായ അറിവിനപ്പുറം പ്രദേശങ്ങൾ, ബൂത്തുകൾ എന്നിവയെപ്പറ്റി കൂടുതൽ നിശ്ചയമുള്ള പ്രാദേശിക രാഷ്ട്രീയ പ്രവർത്തകരുടെ സഹായമാണ് ജനങ്ങൾ ഉറ്റുനോക്കുക. തീർച്ചയായും പതുക്കെപ്പതുക്കെ സാംസ്കാരിക, മത സംഘടനകൾ ഇതിൽ ഇടപെട്ടുതുടങ്ങിയിട്ടുണ്ടെങ്കിലും പരിമിതികളും പ്രയാസങ്ങളും ഉണ്ടാവാം. ഭരണപക്ഷരാഷ്ട്രീയ പ്രവർത്തകർക്കു മാത്രമല്ല, ഇത്ര കാലം വോട്ടു പിടിക്കാനായി ജനങ്ങളുമായി ഇടപെട്ടു കൊണ്ടിരുന്ന, ഇപ്പോഴും തദ്ദേശ തെരഞ്ഞെടുപ്പു വിജയത്തിനായി പ്രവർത്തിക്കുന്ന എല്ലാ രാഷ്ട്രീയ പ്രവർത്തകർക്കും ഇതിൽ ഉത്തരവാദിത്തമുണ്ട്. അവരോട് കലാസാംസ്കാരിക സംഘടനകളും കൈകോർക്കുകയാണെങ്കിൽ അവകാശമുയർത്തുന്ന എല്ലാ രംഗങ്ങളിലെന്നപോലെ, കേരളം ഇക്കാര്യത്തിലും മാതൃകയാവും. ഗൗരവമറിയാത്തതുകൊണ്ട് ഫോം പൂരിപ്പിച്ചു നൽകാൻ വിമുഖത കാണിക്കാവുന്നവരെ കാര്യങ്ങൾ മനസ്സിലാക്കിക്കാൻ പലതരത്തിൽ പലയിടങ്ങളിൽ നിന്ന് ശ്രമങ്ങൾ ആവാം. ഏറ്റവും പ്രധാനം ഡിസംബർ 4 ന് മുമ്പ് ഫോം കൃത്യമായി പൂരിപ്പിച്ചു നൽകപ്പെടുക എന്നതുതന്നെയാണ്. രണ്ടാം ഘട്ടത്തിൽ ,ലിസ്റ്റിൽ നിന്ന് അന്യായമായി തള്ളപ്പെടുന്നവർക്ക് നിയമസഹായം സൗജന്യമായി ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ സാംസ്കാരികസംഘടനകളിൽ നിന്നും നിയമവിദഗ്ധരിൽ നിന്നും ഉണ്ടാവേണ്ടതുമുണ്ട്.

പരിമിതമായ പ്രവർത്തകർ മാത്രമുള്ള ദേശീയമാനവിക വേദി ആകാവുന്ന വിധത്തിലുള്ള എല്ലാ ശ്രമങ്ങളിലും പങ്കാളികളാവാനുള്ള സന്നദ്ധത ഇതോടൊപ്പം അറിയിക്കുന്നു. രാഷ്ട്രീയ, മത ഭേദങ്ങൾ മറന്ന് കേരളത്തെ കേരളമായി നിലനിർത്താനുള്ള ശ്രമങ്ങളിൽ നമുക്കു പങ്കാളികളാവാം. തെരഞ്ഞെടുപ്പു പ്രക്രിയ നടക്കുമ്പോൾ ബൂത്തുതല അട്ടിമറികളും വോട്ട് കൂട്ടിച്ചേർക്കലുകളും നടക്കുന്നില്ല എന്നുറപ്പാക്കുന്നതിൽ ഒന്നിച്ചു കൈകോർക്കാം.

ദേശീയ മാനവിവേദിക്കു വേണ്ടി,

കെ. സച്ചിദാനന്ദൻ (ചെയർപെഴ്സൺ)

ഖദീജാ മുംതാസ് (വൈസ് ചെയർപെഴ്സൺ)

ഹരിദാസ്. ടി (സെക്രട്ടറി)

സുരേഷ് എ.എസ് (ട്രഷറർ)

Tags:    
News Summary - What is SIR? How to deal with it -Deshiya Manavika Vedi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.