ഇടുക്കി: ബി.ജെ.പിയിൽ ചേർന്ന എസ്. രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്ന് സി.പി.എം നേതാവ് എം.എം. മണി. പാർട്ടിയെ വെല്ലുവിളിച്ചാൽ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങൾക്കറിയാമെന്നും ഉണ്ട ചോറിന് നന്ദി കാണിക്കണമെന്നും എം.എം. മണി പറഞ്ഞു.
രാജേന്ദ്രനെ ജില്ല പഞ്ചായത്ത് പ്രസിഡന്റാക്കി, 15 വർഷം എം.എൽ.എയാക്കി. ജനിച്ചപ്പോൾ മുതൽ എം.എൽ.എയായി ചുമയ്ക്കാനുള്ള ബാധ്യത ഞങ്ങൾക്കില്ല. ആർ.എസ്.എസിലോ ബി.ജെ.പിയിലോ ഏത് പാർട്ടിയിൽ ചേർന്നാലും കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിക്ക് ഒരു കോപ്പുമില്ല. ഉണ്ട ചോറിന് നന്ദി കാണിക്കണം. പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റിയിട്ട് പാർട്ടിയെ വെല്ലുവിളിച്ചാൽ കൈകാര്യം ചെയ്യണം.... -അദ്ദേഹം പറഞ്ഞു.
സി.പി.എം മുൻ നേതാവും ദേവികുളം മുൻ എം.എൽ.എയുമായ എസ്. രാജേന്ദ്രൻ കഴിഞ്ഞയാഴ്ചയാണ് ബി.ജെ.പി പാളയത്തിലെത്തിയത്. ഇടുക്കിയിലെ തമിഴ് ഭൂരിപക്ഷ മേഖലകളിൽ സി.പി.എമ്മിന്‍റെ മുഖമായിരുന്ന രാജേന്ദ്രൻ സി.പി.എം ജില്ല കമ്മിറ്റിയംഗവും ജില്ല പഞ്ചായത്ത് പ്രസിഡൻറുമായിരുന്നു. 2006, 2011, 2016 വർഷങ്ങളിൽ തുടർച്ചയായി ദേവികുളത്ത് നിന്ന് സി.പി.എം എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടു. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ദേവികുളത്ത് മത്സരിച്ച പാർട്ടി സ്ഥാനാർഥി എ.രാജയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ 2022 ജനുവരിയിൽ ഒരു വർഷത്തേക്ക് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു.
കാലാവധി കഴിഞ്ഞിട്ടും അംഗത്വം പുതുക്കി നൽകാത്തതിനെ തുടർന്ന് നേതൃത്വവുമായി അകൽച്ചയിലുമായി. ഇതോടെ പാർട്ടി വിടുമെന്ന അഭ്യൂഹം പലവട്ടമുണ്ടായി. ബി.ജെ.പി പാളയത്തിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ പ്രകാശ് ജാവ്ദേക്കർ അടക്കം ബി.ജെ.പി നേതാക്കൾ കാണാനെത്തി. രാജേന്ദ്രനെ കൂടെക്കൂട്ടാൻ ബി.ജെ.പിയുടെ കേരള- തമിഴ്നാട് ഘടകങ്ങൾ പലവട്ടം ചർച്ച നടത്തി. ഇതിനിടെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥികൾക്ക് വേണ്ടി രാജേന്ദ്രൻ പ്രചാരണവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.