സ്വപ്ന സുരേഷിനെ പ്രതി ചേർക്കാത്തത് മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാനുള്ള ശ്രമം - വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കോൺസുലേറ്റിലേക്കുള്ള പാഴ്സലെന്ന വ്യാജേനെ സ്വർണ്ണക്കടത്തു നടത്തിയ സംഭവത്തിൽ സ്വപ്ന സുരേഷിനെ ഇതുവരെ പ്രതി ചേർക്കാത്തത് മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിച്ചെടുക്കാനുള്ള ഗൂഢ ശ്രമമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിനെ കള്ളക്കടത്തുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് സ്വപ്ന സുരേഷ്. അവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താതിരുന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിച്ചെടുക്കാനാവും. മുൻകൂർ ജാമ്യാപേക്ഷയിൽ കസ്റ്റംസ് അധികൃതരുമായി പാഴ്സലിൻറെ കാര്യത്തിൽ ബന്ധപ്പെട്ടിരുന്നു എന്ന് ഉന്നയിച്ച വാദങ്ങളിൽ നിന്ന് തന്നെ കള്ളക്കടത്തുമായി സ്വപ്ന സുരേഷിന് ബന്ധമുണ്ടെന്ന് വ്യക്തമാണ്. കോവിഡ് പശ്ചാത്തലത്തിൽ രാജ്യം വിടാനോ സംസ്ഥാനം വിടാനോ സാധ്യതയില്ലാത്ത അവരെ കസ്റ്റഡിയിലെടുക്കാനാവാത്തതും ദുരൂഹമാണ്. ഉന്നത ബന്ധങ്ങളുടെ പിൻബലത്തോടെ ഒളിവിലിരിക്കുന്ന ഒരാളെ കണ്ടെത്തുക കസ്റ്റംസ് സംവിധാനത്തിന് മാത്രമായി എളുപ്പമല്ലെന്നിരിക്കെ വിവിധ അന്വേഷണ ഏജൻസികളുടെ ഏകീകൃത സഹായം തേടാത്തതും സംശയകരമാണ്.

കേന്ദ്ര - സംസ്ഥാന ഭരണകൂടങ്ങളിൽ സ്വാധീനമുള്ള ഉന്നത വ്യക്തികളുടെ പിൻബലമില്ലാതെ ഇത്തരം ഒരു ആസൂത്രിത കള്ളക്കടത്തിൻറെ പദ്ധതി തയ്യാറാക്കാനാവില്ല. അതുകൊണ്ടു തന്നെ കേന്ദ്രത്തിലും കേരളത്തിലും ഭരിക്കുന്നവർ തമ്മിൽ കേസ് തേച്ച്മാച്ച് കളയാനുള്ള ധാരണ രൂപപ്പെടുത്തിയിട്ടുണ്ടാകും. മുഖ്യമന്ത്രിയുടെ ഓഫീസ് ഈ കള്ളക്കടത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് മുഖ്യമന്ത്രി തന്നെ സമ്മതിക്കുന്നതാണ് പ്രിൻസിപ്പൾ സെക്രട്ടറിയെ പുറത്താക്കിയ നടപടി. ഒരു ഉദ്യോഗസ്ഥനെ പുറത്താക്കി രക്ഷപ്പെടാമെന്ന കേന്ദ്ര-കേരള ഭരണകൂടങ്ങളുടെ ഒത്തുകളി രാഷ്ട്രീയം കേരള ജനത തിരച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - welfare release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.