കേരളത്തിലെ എൻ.ഐ.എ ഇടപെടലുകൾ ദുരൂഹതയുണർത്തുന്നത് -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: മതന്യൂനപക്ഷങ്ങളെയും ജനകീയ സമരപ്രവർത്തകരെയും വ്യാജ കേസുകളിൽ വേട്ടയാടുന്നതിൽ കുപ്രസിദ്ധിയാർജിച്ച എൻ.ഐ.എയുടെ കേരളത്തിലെ ഇടപെടലുകൾ ദുരൂഹതയുണർത്തുന്നതാണെന്ന് വെൽഫെയർ പാർടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. എൻ.ഐ.എ കേരളത്തിൽ ആദ്യമായി ഏറ്റെടുത്ത പാനായിക്കുളം കേസു മുതൽ അവസാനം ഏറ്റെടുത്ത താഹ - അലൻ കേസിൽ വരെ നിരപരാധികളെ വേട്ടയാടുകയാണ് ചെയ്തത്. വസ്തുതകൾക്ക് പകരം മുൻവിധിയും ഭരണകൂട താൽപ്പര്യങ്ങളും മുൻ നിർത്തിയാണ് എൻ.ഐ.എ അന്വേഷണം നടത്തുന്നതെന്നതാണ് ഇതുവരെയുളള അനുഭവം. കേരളത്തിൽ നിന്ന് അൽഖാഇദ പ്രവർത്തകരെ അറസ്റ്റ് ചെയ്തെന്ന വാർത്ത എൻ.ഐ.എയുടെ ഇത്തരം മുൻ നടപടികൾ കൂടി മുന്നിൽ വെച്ചേ വിലയിരുത്താനാവൂ എന്നും വെൽഫെയർ പാർടി സംസ്ഥാന പ്രസിഡൻറ് പ്രസ്താവനയിൽ പറഞ്ഞു.

സംസ്ഥാനം ഭരിച്ച സർക്കാറുകളും രാഷ്ട്രീയ നേട്ടത്തിനായാണ് എൻ.ഐ.എ അന്വേഷണങ്ങളെ ഉപയോഗിച്ചത്. കള്ളക്കടത്തും നികുതി വെട്ടിപ്പും മാത്രം വരുന്ന സ്വർണ്ണക്കടത്ത് കേസിനെ രാജ്യദ്രോഹക്കേസാക്കി പരിവർത്തിപ്പിച്ചത് എൻ.ഐ.എ വന്നതോടെയാണ്. താഹ - അലൻ എന്നീ സിപിഎം പ്രവർത്തകർക്ക് നേരെ യാതൊരു തെളിവുമില്ലാതെ സംസ്ഥാന സർക്കാർ യു.എ.പി.എ ചുമത്തിയതിന്റെ അടിസ്ഥാനത്തിലാണ് എൻ.ഐ.എ അന്വേഷണത്തിലേക്ക് കാര്യങ്ങളെത്തിയത്. കേരള മുഖ്യമന്ത്രി ആ വേട്ടയാടലിനേയും ന്യായീകരിക്കുകയായിരുന്നു. മഅദനി കേസിലും സമാനമായ മറ്റ് നിരവധി കേസുകളിലും എൻ.ഐ.എ അന്വേഷണങ്ങൾ നിരപരാധികളെ ഇരുമ്പഴിക്കുള്ളിലാക്കുന്നതിനായിരുന്നു. ഹാദിയ - ഷഫിൻ ജഹാൻ വിവാഹ വിഷയത്തിലും എൻ.ഐ.എ കടന്നു വന്നത് യാദൃശ്ചികമല്ല. കേരളത്തിലും മമത ബാനർജി മുഖ്യമന്ത്രിയായ ബംഗാളിലും ഭീകരവാദ പ്രവർത്തനം സ്ഥാപിച്ചെടുക്കാൻ എൻ.ഐ.എ നടത്തുന്ന ഇടപെലുകൾ സംശയത്തോടെ മാത്രമേ കാണാനാവൂ. ഈ സംസ്ഥാനങ്ങളിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന് വേണ്ടി എൻ.ഐ.എ യെ ഉപയോഗിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്ന സംഘ്പരിവാർ പദ്ധതികളെ കേരളീയ സമൂഹം ജാഗ്രതയോടെ കാണണം. സംഘ്പരിവാർ ഭരണകൂടത്തിന് വേണ്ടി മനുഷ്യവേട്ട നടത്തുന്ന എൻ.ഐ.എ പോലുള്ള സംവിധാനങ്ങളെ കണ്ണടച്ച് ന്യായീകരിക്കുന്നവർ വലിയ അപകടമാണ് ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വരുത്തി വെയ്ക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.