അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാത്തതിന് പിന്നിൽ ഗൂഢാലോചന; തെരഞ്ഞെടുപ്പ് കമീഷൻ കേന്ദ്രത്തിലേത് പോലെ പെരുമാറുന്നു -വെൽഫെയർ പാർട്ടി

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാത്തതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ഭരിക്കുന്നവരുടെ താൽപര്യങ്ങൾക്ക് വഴങ്ങി പക്ഷപാതരമായി പെരുമാറുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ അതേ പതിപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ കേരളത്തിൽ നടപ്പിലാക്കുകയാണ്. നവംബർ 14ന് പ്രസിദ്ധീകരിക്കുമെന്ന് പ്രഖ്യാപിച്ച അന്തിമ വോട്ടർ പട്ടിക സാങ്കേതിക പ്രശ്നം മൂലമാണ് നാല് ദിവസം പിന്നിട്ടിട്ടും വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യാൻ പറ്റാത്തതെന്നാണ് കമീഷന്റെ വാദം.

ഫഅന്തിമ വോട്ടർ പട്ടിക ലഭ്യമല്ലാത്തതിനാൽ സംസ്ഥാനത്തുടനീളം നോമിനേഷൻ പ്രക്രിയ പ്രതിസന്ധിയിലാണ്. സ്ഥാനാർഥികളുടെയും പിന്താങ്ങുന്നവരുടെയും ക്രമനമ്പർ അടക്കമുള്ള വിവരങ്ങൾ നാമനിർദേശ പത്രികയിൽ പൂരിപ്പിക്കാൻ അന്തിമ വോട്ടർ പട്ടിക ലഭ്യമായാൽ മാത്രമേ സാധിക്കുകയുള്ളൂ.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കുന്നതും ഒഴിവാക്കുന്നതും അസാധാരണമാണ്. സംസ്ഥാനത്ത് പലയിടത്തും പ്രതിപക്ഷ പാർട്ടി സ്ഥാനാർഥികളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് വെട്ടിമാറ്റപ്പെട്ടിരിക്കുന്നു. ഇത്രയും ദിവസം പിന്നിട്ടിട്ടും നോമിനേഷൻ പ്രക്രിയയെ പ്രതിസന്ധിയിലാക്കും വിധം പട്ടിക പ്രസിദ്ധീകരിക്കുന്നുമില്ല. വലിയ ഗൂഢാലോചനയുണ്ടെന്നാണ് ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത്. ശക്തമായ പ്രതിഷേധത്തിന് പ്രതിപക്ഷ പാർട്ടികൾ സന്നദ്ധമാകണം. അന്തിമ വോട്ടർ പട്ടിക ഇന്നുതന്നെ പ്രസിദ്ധീകരിച്ചില്ലെങ്കിൽ വെൽഫെയർ പാർട്ടി ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും റസാഖ് പാലേരി കൂട്ടിച്ചേർത്തു.

Tags:    
News Summary - Welfare Party says there is a conspiracy behind not publishing the final voter list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.