മുസ്ലീങ്ങളുടെ ഭരണഘടനാ അവകാശങ്ങളെ ഇല്ലാതാക്കാൻ ജെ.പി.സിയെ ഉപയോഗിക്കുന്നു -റസാഖ് പാലേരി

തിരുവനന്തപുരം : വഖ്ഫ് ഭേദഗതി ബില്ല് ചർച്ച ചെയ്യാൻ നിയോഗിച്ച ജെ.പി.സി എന്ന സംവിധാനത്തെ സംഘ്പരിവാർ കശാപ്പ് ചെയ്തെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. മുസ്ലീങ്ങളുടെ ഭരണഘടന അവകാശങ്ങൾ ഇല്ലാതാക്കാൻ ബിജെപി ജോയിൻ പാർലമെൻറ് കമ്മിറ്റിയെ ഉപയോഗിക്കുകയാണ്. ഭേദഗതി ചർച്ച ചെയ്യാനാണ് സംയുക്ത പാർലമെന്ററി കമ്മിറ്റി രൂപീകരിച്ചത്.

പാർലമെൻറിലെ എല്ലാ അംഗങ്ങളുടെയും പ്രതിനിധികൾ എന്ന നിലക്കാണ് ജോയിൻ പാർലമെൻറ് കമ്മിറ്റി പ്രവർത്തിക്കുന്നത്. എന്നാൽ കമ്മിറ്റിയിൽ ഭരണകക്ഷിക്കുള്ള ഭൂരിപക്ഷത്തെ ഉപയോഗിച്ചുകൊണ്ട് സംഘപരിവാറിന്റെ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കാൻ ആണ് സർക്കാർ ശ്രമിച്ചത്. പ്രതിപക്ഷ അംഗങ്ങൾ നിർദേശിച്ച നാൽപ്പത്തിനാല് ഭേദഗതികളും ഒറ്റയടിക്ക് തള്ളുകയും എൻ ഡി എ അംഗങ്ങൾ നിർദേശിച്ച പതിനാല് ഭേദഗതികൾ അംഗീകരിക്കുകയും ചെയ്തതിലൂടെ പാർലമെൻറ് കമ്മിറ്റിയുടെ അന്തസത്ത തന്നെ ഇല്ലാതാക്കി.

പ്രതിപക്ഷ കക്ഷികളിലെ അംഗങ്ങളോട് ആലോചിക്കാതെയാണ് യോഗങ്ങൾ വിളിച്ചത്. സമിതി അധ്യക്ഷന്റെ ഏകപക്ഷീയ നിലപാടുകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറെ സമീപിച്ചു. സമിതി യോഗത്തിൽ ബഹളം ഉണ്ടാക്കിയെന്നാരോപിച്ച് പത്ത് പ്രതിപക്ഷ എം പി മാരെ സസ്പെൻഡ് ചെയ്തു , ഇതിലൂടെ കമ്മറ്റി യോഗത്തെ തന്നെ അപ്രസക്തമാക്കി. ചർച്ചകൾക്ക് ആവശ്യമായ സാവകാശം അനുവദിച്ചില്ല. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യം വെച്ച് തിടുക്കത്തിൽ ബില്ല് പാസാക്കാനുള്ള നീക്കമാണ് ബി ജെ പി നടത്തുന്നത്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും സംഘപരിവാറിന്റെ ഉപകരണങ്ങൾ ആക്കി മാറ്റുന്നതിന്റെ ആവർത്തനമാണ് ജെപിസിയിൽ കണ്ടത്.

വഖ്ഫ് ഭേദഗതി ബിൽ രാജ്യത്തെ മുസ്‌ലിംകളെ ഉന്നം വെച്ച് സംഘ്പരിവാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വംശഹത്യ പദ്ധതിയുടെ ഭാഗം തന്നെയാണ്. മുസ്ലിം സമൂഹത്തിൻ്റെ വ്യത്യസ്തങ്ങളായ സ്ഥാപനങ്ങൾ വഖ്ഫ് സ്വത്തുക്കളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. അതിൻ്റെ നിയന്ത്രണവും നിർവഹണവും മുസ്ലിം സമുദായത്തിൽ നിന്ന് എടുത്തുമാറ്റി സംഘപരിവാർ ഉദ്ദേശിക്കുന്ന ഉദ്യോഗസ്ഥന്മാരിലും പ്രതിനിധികളിലും കൊണ്ടു വരാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.

ഇതോടെ മുസ്ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ -സാമൂഹിക- സേവന- മത സ്ഥാപന പ്രവർത്തനങ്ങളെ ദുർബലമാക്കാൻ കഴിയും. ഇതിന് വേണ്ടിയുള്ള തന്ത്രപരമായ നീക്കമാണ് വഖ്ഫ് ഭേദഗതി. ഇന്ത്യയിലെ മുസ്ലിം സമൂഹത്തിൻ്റെ സാമൂഹിക വളർച്ചയെ ഇല്ലാതാക്കാനുള്ള സംഘ്പരിവാർ വംശീയ രാഷ്ട്രീയത്തിനെതിരിൽ രാജ്യ വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നു വരണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. വഖഫ് ഭേദഗതി നടപ്പാക്കാനുള്ള ബിജെപി സർക്കാറിന്റെ ശ്രമത്തിനെതിരെ ജനുവരി 31ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ വെൽഫെയർ പാർട്ടി സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Welfare Party press release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.