തിരുവനന്തപുരം: നാല് പുതിയ ട്രെയിനുകളുടെ ഫ്ലാഗ് ഓഫിനും തലസ്ഥാനത്തിന്റെ വികസന നയ പ്രഖ്യാപനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്തെത്തും. രാവിലെ 10.30ന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന റെയിൽവേയുടെ പരിപാടിയിൽ പ്രധാനമന്ത്രി നാല് പുതിയ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം- താംബരം, തിരുവനന്തപുരം- ഹൈദരാബാദ്, നാഗർകോവിൽ- മംഗളൂരു അമൃത് ഭാരത് ട്രെയിനുകൾ, ഗുരുവായൂർ- തൃശൂർ പാസഞ്ചർ എന്നീ ട്രെയിനുകളാണിവ.
ലൈഫ് സയൻസസ് പാർക്കിലെ ഇന്നൊവേഷൻ, ടെക്നോളജി ആൻഡ് എന്റർപ്രണർഷിപ് ഹബ്ബിന് തറക്കല്ലിടും. ലൈഫ് സയൻസ് മേഖലയിലെ ഡീപ് ടെക് ഇന്നൊവേഷൻ, സംരംഭകത്വ പരിശീലനം, ആയുർവേദ ഗവേഷണം, സുഗന്ധവ്യഞ്ജന ഇൻകുബേഷൻ, ഗ്രീൻ ഹൈഡ്രജൻ സാങ്കേതിക വിദ്യ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ഹബ്. ഇതിന് ശേഷമാണ് എൻ.ഡി.എ ഭരണം നേടിയ തിരുവനന്തപുരം കോർപറേഷന്റെ വികസന നയം പ്രഖ്യാപിക്കുക. ഇതിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കംകുറിക്കാനും ബി.ജെ.പി പദ്ധതിയിടുന്നുണ്ട്.
മേയർ വി.വി രാജേഷിന്റെ നേതൃത്വത്തിൽ എൻ.ഡി.എ ഭരണമേറ്റ് ഒരു മാസം തികയും മുമ്പാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുന്നത്. 101 വാർഡുകളിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങളിൽ നിന്നാണ് വികസന നയരേഖ രൂപപ്പെടുത്തിയത്. എയർപോർട്ടിൽ നിന്ന് പുത്തരിക്കണ്ടം മൈതാനം വരെയുള്ള പ്രധാനമന്ത്രിയുടെ യാത്ര റോഡ് ഷോയാക്കും. 25,000 പ്രവർത്തകരാണ് പരിപാടിയിൽ പങ്കെടുക്കുക. ഉച്ചയോടെ പ്രധാനമന്ത്രി തിരികെപ്പോകും.
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ വെള്ളിയാഴ്ച രാവിലെ ഏഴുമുതൽ ഉച്ചക്ക് രണ്ടുവരെ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. വിമാനത്താവളത്തിലേക്കും റെയില്‍വെ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകള്‍ ക്രമീകരിക്കണം.
ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം, ചാക്ക ഫ്ലൈഓവര്‍, ഈഞ്ചക്കല്‍ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴിയും ഇന്റര്‍നാഷണല്‍ ടെര്‍മിനലിലേക്ക് പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം ചാക്ക ഫ്ലൈഓവര്‍, ഈഞ്ചക്കല്‍, കല്ലുംമ്മൂട് അനന്തപുരി ആശുപത്രി സര്‍വീസ് റോഡ് വഴിയും പോകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.