തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഉന്നതതല ബന്ധം സ്ഥിരീകരിക്കുന്ന നിർണായക വിവരങ്ങൾ എസ്.ഐ.ടിക്ക് ലഭിച്ചു. പോറ്റിയുടെ രണ്ടു ഫോണുകളുടെ പരിശോധനയിലാണ് രാഷ്ട്രീയ-പൊലീസ് ഉന്നതരുമായി പോറ്റിക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ടെലിഫോൺ സംഭാഷണങ്ങളുടെ രേഖകൾ ലഭിച്ചത്.
ഇവരിൽ ആർക്കൊക്കെ സ്വർണക്കൊള്ളയുമായി ബന്ധമുണ്ടെന്ന് കണ്ടെത്താനുള്ള പരിശോധന തുടരുകയാണ്. അന്വേഷണ ഉദ്യോഗസ്ഥൻ എസ്. ശശിധരന്റെ നേതൃത്വത്തിലാണ് പരിശോധന. പണമിടപാടിന്റെയും യാത്രകളുടെയും വിവരങ്ങളും ലഭിച്ചിട്ടുണ്ട്.
അതേസമയം, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണ സംഘം തയാറെടുക്കുന്നുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയും കടകംപള്ളി സുരേന്ദ്രനും തമ്മിലെ കൂടിക്കാഴ്ചകൾ സംബന്ധിച്ച മൊഴികളിലെ വൈരുധ്യത്തിൽ വ്യക്തത തേടിയാകും മൊഴിയെടുപ്പ്. പോറ്റിയുടെ വീട്ടിൽ ഒരുതവണ മാത്രമേ പോയിട്ടുള്ളൂവെന്ന് കടകംപള്ളി സുരേന്ദ്രൻ ആവർത്തിക്കുമ്പോൾ രണ്ടു തവണ കാരേറ്റുള്ള പോറ്റിയുടെ വീട്ടിൽ കടകംപള്ളി എത്തിയെന്നാണ് സാക്ഷി വിക്രമൻ നായരുടെ മൊഴി.
കടകംപള്ളിക്ക് ഉപഹാരങ്ങൾ നൽകിയെന്ന് പോറ്റിയുടെയും മൊഴിയുണ്ട്. എന്നാൽ, താൻ ഉപഹാരങ്ങളോ സ്പോൺസർഷിപ്പുകളോ കൈപറ്റിയിട്ടില്ലെന്നാണ് മുൻ ദേവസ്വം മന്ത്രിയുടെ വാദം. ഇവയിൽ വ്യക്തത വരുത്താനാകും വീണ്ടും ചോദ്യം ചെയ്യൽ.
രണ്ടു ദിവസത്തിനുള്ളിൽ ദ്വാരപാലക, കട്ടിളപാളി സാമ്പിളുകള്‍ പരിശോധിച്ച വിക്രം സാരാഭായ് സ്പേസ് സെന്ററിലെ ശാസ്ത്രജ്ഞരിൽ നിന്ന് വീണ്ടും മൊഴി രേഖപ്പെടുത്തും. പാളികൾ അപ്പാടെ മാറ്റിയോ എന്നതിൽ കൂടുതൽ വ്യക്തതയുണ്ടാക്കാൻ കോടതി നിർദേശിച്ച പശ്ചാത്തലത്തിലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.