ഗൃഹനാഥൻ ഷാജു, കൊല്ലപ്പെട്ട ബിന്ദു, ബേസില്‍
വയനാട്ടിൽ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥൻ ജീവനൊടുക്കി
സുൽത്താൻ ബത്തേരി: ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥൻ വിഷം കഴിച്ച് മരിച്ചു. നഗരത്തിൽനിന്ന് ആറ് കിലോമീറ്റർ അകലെ ചെതലയത്ത് പുത്തന്‍പുരയ്ക്കല്‍ ബിന്ദു (48), മകന് ബേസില്‍ ( 27) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ഷാജുവാണ് (54) ആത്മഹത്യ ചെയ്തത്.
ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. കുടുംബവഴക്കിനെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. സ്ഥിരം മദ്യപാനിയായ ഷാജു വീട്ടുകാരുമായി വഴക്കുണ്ടാക്കുക പതിവായിരുന്നു. ഇതേത്തുടർന്ന് പൊലീസ് ഇടപെട്ടിരുന്നു. രണ്ടുമാസമായി വീട്ടിൽ കയറുന്നതിൽനിന്ന് ഷാജുവിനെ കോടതി വിലക്കുകയും ചെയ്തു. കോഴിക്കോട്ട് ഹോട്ടൽ തൊഴിലാളിയായ ഷാജു കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.
ചെതലയത്ത് കൊലപാതക വിവരമറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാർ
ശനിയാഴ്ച പുലർച്ചെ മൂന്നോടെ വീട്ടിൽനിന്ന് കരച്ചിൽ കേട്ടതായി തൊട്ടടുത്ത് താമസിക്കുന്ന ഷാജുവിന്റെ സഹോദരൻ ബാബു പറഞ്ഞു. എന്നാൽ, പേടി കാരണം ഇടപെട്ടില്ല. രാവിലെ അയൽക്കാർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് നാടിനെ നടുക്കിയ സംഭവം അറിയുന്നത്. ബിന്ദുവിന്റെയും ബേസിലിന്റെയും മൃതദേഹം താഴത്തെ നിലയിലും ഷാജുവിന്റേത് മുകൾ നിലയിലായിരുന്നു. ഷാജു തൂങ്ങിമരിക്കാൻ ശ്രമിച്ചതിന്റെ അടയാളങ്ങൾ മുറിയിൽ ഉണ്ടായിരുന്നു. അതോടൊപ്പം വിഷവും കഴിച്ചിരുന്നു.
ബിന്ദു ചെതലയത്തെ കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റഡി സെന്ററിൽ പാചകക്കാരിയാണ്. മകൻ ബേസിൽ മീനങ്ങാടി സെന്റ് മേരീസ് കോളജിൽ ജീവനക്കാരനായിരുന്നു. മകൾ : ബേസി. മരുമകൻ: ഫാ. അലക്സ് പൊന്തനാൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.