സാലറി ചലഞ്ച് കാർക്കശ്യം വിട്ടു; മൂന്ന് മാസം സാവകാശം

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സാലറി ചലഞ്ചിൽ പണം പിരിച്ചുനൽകുന്നതിനുള്ള കാർക്കശ്യ നിലപാടിൽ അയവുവരുത്തി സർക്കാർ. വാഗ്ദാനം ചെയ്തവരുടെ പണം ദുരിതാശ്വാസ നിധിയിലെത്താത്ത സാഹചര്യത്തിൽ ബന്ധപ്പെട്ട ഡി.ഡി.ഒമാരുടെ ശമ്പളം തടഞ്ഞതടക്കം നടപടികളിലാണ് അയവ് വരുത്തിയത്. ഇക്കാര്യങ്ങൾക്കെല്ലാം മൂന്നുമാസത്തെ സാവകാശവും അനുവദിച്ചു.

സാലറി ചലഞ്ചിലേക്ക് ലീവ് സറണ്ടർ, പി.എഫ് എന്നിവ വാഗ്ദാനംചെയ്ത 20000ത്തോളം ജീവനക്കാരുടെ വിഹിതം സർക്കാറിലേക്കെത്തിയിരുന്നില്ല. ലീവ് സറണ്ടർ, പി.എഫ് എന്നിവയുടെ കാര്യത്തിൽ ജീവനക്കാർക്ക് തന്നെ അപേക്ഷ നൽകി തുക ലഭ്യമാക്കണം. ശേഷം ഈ തുക ദുരിതാശ്വാസ നിധിയിലേക്ക് ട്രാൻസ്ഫർ ചെയ്യേണ്ടത് അതത് ഓഫിസുകളിലെ ഡി.ഡി.ഒമാരാണ്. നടപടികൾ പൂർത്തിയാക്കാത്ത ജീവനക്കാരുണ്ട്. ഒപ്പം ജീവനക്കാർ തങ്ങളുടെ ഭാഗം ശരിയാക്കിയെങ്കിലും ഇവ കൈമാറുന്നതിന് നടപടി സ്വീകരിക്കാത്ത ഡി.ഡി.ഒമാരുമുണ്ട്. ഈ സാഹചര്യത്തിലാണ് ഡി.ഡി.ഒമാരുടെ ശമ്പളം തടയുന്നതടക്കം കർക്കശ നിലപാടിലേക്ക് ധനവകുപ്പ് എത്തിയത്.

പുതിയ ഉത്തരവ് പ്രകാരം ലീവ് സറണ്ടർ, പി.എഫ് എന്നിവ സംബന്ധിച്ച നടപടികൾ പൂർത്തീകരിക്കാത്ത ജീവനക്കാർക്ക് മൂന്നുമാസം കൂടി സാവകാശം നൽകി. തുക വാഗ്ദാനം നൽകിയെങ്കിലും തുക ഒടുക്കാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും ഈടാക്കും. ജീവനക്കാർ സമ്മതപത്രം നൽകിയിട്ടും തുടർനടപടികൾ സ്വീകരിക്കുന്നതിൽ കാലതാമസം വരുത്തിയ ഡി.ഡി.ഒമാർക്ക് സർക്കാർ നിർദേശം പാലിക്കുന്നതിനുള്ള കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകി. ഒപ്പം ഡി.ഡി.ഒമാരുടെ ശമ്പള ബിൽ തടഞ്ഞ നടപടി തൽക്കാലത്തേക്ക് മാറ്റി. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാൻ സമ്മതപത്രം നൽകിയവരിൽ മരണപ്പെട്ടവരെ ഒഴിവാക്കി. ഇവരുടെ പേര്, പെൻ, തസ്തിക, മരണ സർട്ടിഫിക്കറ്റിന്‍റെ പകർപ്പ് എന്നിവ ഡി.ഡി.ഒമാർ സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യണം.

Tags:    
News Summary - wayanad Salary Challenge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.