തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര ആർലേക്കറിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാറിനെതിരായ വിർമശനം മയപ്പെടുത്തി സർക്കാർ. വയനാട് പുനരധിവാസം ഒരുവർഷത്തിനകം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ, അതിനായി ചോദിച്ച 2200 കോടി രൂപ സഹായത്തിൽ മുഖംതിരിച്ച കേന്ദ്രത്തിനെതിരെ നയപ്രഖ്യാപനത്തിൽ ഒന്നും പറയുന്നില്ല.
മുൻവർഷങ്ങളിൽ സർക്കാറിന്റെ നയപ്രഖ്യാപനത്തിലെ കേന്ദ്ര വിമർശനം മുൻ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ വായിക്കാൻ വിസ്സമ്മതിച്ചത് വലിയ വിവാദമായിരുന്നു. ഇക്കുറി കേന്ദ്ര വിമർശനം പേരിന് മാത്രമുള്ള പ്രസംഗം ഗവർണർ രാജേന്ദ്ര ആർലേക്കർ മുഴുവൻ വായിച്ചു. ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ ‘സൗഹൃദം’ പങ്കിട്ട നയപ്രഖ്യാപന ചടങ്ങ് രമ്യതയിൽ പോകുന്നതിന്റെ സൂചനകളാണ് നൽകുന്നത്. ഏതാനും വർഷങ്ങളായി സർക്കാർ-ഗവർണർ പോരിന് മാറ്റംവന്നതിൽ രാഷ്ട്രീയ പ്രധാന്യമുണ്ട്. കേന്ദ്ര വിഹിതത്തിലെ കുറവ്, വിഴിഞ്ഞം വയബിലിറ്റി ഗ്യാപ് ഫണ്ട് എന്നീ വിഷയങ്ങളിലാണ് കേന്ദ്ര വിമർശനമുള്ളത്.
സംസ്ഥാനം വായ്പയെടുക്കുന്നതിൽ കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയത് കേരളം കേസുമായി സുപ്രീംകോടതി വരെ പോയ വിഷയമാണ്. യൂനിയനിൽ നിന്നുള്ള സാമ്പത്തിക കൈമാറ്റത്തിലെ വിഹിതത്തിന്റെ കുറവിന്റെ ഫലമായി സംസ്ഥാനം പണഞെരുക്കം നേരിടുന്നുവെന്ന് മാത്രമാണ് ഇതേക്കുറിച്ച് നയപ്രഖ്യാപനത്തിലുള്ള വിമർശനം. വിഴിഞ്ഞം തുറമുഖത്തിന് നൽകിയിട്ടുള്ള വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടവ് നിബന്ധന പുനഃപരിശോധിക്കണമെന്ന് നയപ്രഖ്യാപനം ആവശ്യപ്പെടുന്നു.
അതേസമയം, കേന്ദ്ര സഹായമായി പ്രഖ്യാപിച്ച വയബിലിറ്റി ഗ്യാപ് ഫണ്ട് വായ്പയാക്കി മാറ്റിയതിൽ കേന്ദ്രത്തോട് പ്രതിഷേധം ഒട്ടുമില്ല. വി.സി നിയമനമുൾപ്പെടെ കേന്ദ്രത്തിന്റെ കൈയിലാകുന്ന യു.ജി.സി ചട്ട ഭേദഗതിയും സി.പി.എം ശക്തമായി എതിർക്കുന്ന വിഷയമാണ്. ഈ വിഷയത്തിലും സർക്കാറിന്റെ നയപ്രഖ്യാപനം മൗനം പാലിക്കുന്നു. ഏകദേശം രണ്ട് മണിക്കൂർ നീണ്ട നയപ്രഖ്യാപനത്തിൽ ഭൂരിഭാഗവും പ്രഖ്യാപിച്ചതും നടന്നുകൊണ്ടിരിക്കുന്നതുമായ പദ്ധതികളുടെ വിവരണമായിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമാവുന്ന മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം സംബന്ധിച്ച നയം രൂപവത്കരിച്ച് വരികയാണെന്നും വരുംവർഷം തന്നെ നടപ്പാക്കുമെന്നും നയപ്രഖ്യാപനം. ഇത് നടപ്പാക്കുന്നതോടെ പ്രശ്നത്തിന് ശാശ്വതപരിഹാരമുണ്ടാകും. 2024ൽ 1365 ഹെക്ടർ ഏകവിള തോട്ടങ്ങൾ തദ്ദേശീയ ഇനങ്ങൾകൊണ്ട് പുനഃസ്ഥാപിച്ചു. ശേഷിക്കുന്ന ഭാഗം ഘട്ടഘട്ടമായി പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യം.
പ്രളയം, ഉരുൾപൊട്ടൽ പോലുള്ള ദുരന്തങ്ങളുടെ ലഘൂകരണം, പ്രതിരോധം എന്നിവ ലക്ഷ്യമിട്ട് സംസ്ഥാന ദുരന്ത നിവാരണനയം പരിഷ്കരിക്കും. തീരദേശ പരിപാലനം ഡിജിറ്റൽ ഉപകരണങ്ങൾ വഴി നവീകരിക്കും. യൂനിസെഫുമായി സഹകരിച്ച് കാലാവസ്ഥ ബോധവത്കരണ പ്രവർത്തനം വിപുലീകരിക്കും.
തിരുവനന്തപുരം: ഹോം കെയർ യൂനിറ്റുകൾ വികസിപ്പിക്കാനും ടെലിമെഡിസിൻ സൗകര്യങ്ങൾ സംയോജിപ്പിക്കാനും സാന്ത്വന പരിചരണം നൽകുന്നവർക്ക് രജിസ്ട്രേഷൻ ഏർപ്പെടുത്തും.
ഇടത്തരം വരുമാനക്കാരായ കുടുംബങ്ങൾക്ക് വായ്പാബന്ധിത സബ്സിഡി പദ്ധതി, മുതിർന്ന പൗരന്മാർക്കായി ഭവന നിർമാണ പദ്ധതി, ലക്ഷം വീട് ഗൃഹങ്ങൾ പുനരുജ്ജീവിപ്പിച്ചുള്ള എം.എൻ. സുവർണ ഭവനം, നവയുഗ നവീകരണ പദ്ധതി പോലുള്ള പുനരധിവാസ പദ്ധതികൾ നടപ്പാക്കും.
തിരുവനന്തപുരം: കിടപ്പുരോഗികൾക്കും ഭവന രോഗികൾക്കും ഒന്നിലധികം രോഗാവസ്ഥയിലുള്ളവർക്കും വരുമാനം പരിഗണിക്കാതെ, തദ്ദേശ സ്ഥാപനങ്ങളിലെ സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി വീട്ടിൽ സൗജന്യ വേദന-സാന്ത്വന പരിചരണ സേവനം ലഭ്യമാക്കും.
ആന്റി ബയോട്ടിക് മരുന്നുകളുടെ അമിത ഉപയോഗം കാരണമുണ്ടാകുന്ന ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് പ്രതിരോധത്തിന്റെ ഭാഗമായി ആശുപത്രികൾക്ക് ‘ആന്റി ബയോട്ടിക് സ്മാർട്ട് ഹോസ്പിറ്റൽസ്’ ആയും പഞ്ചായത്തുകൾക്ക് ‘ആന്റിബയോട്ടിക് സ്മാർട്ട് പഞ്ചായത്തുക’ളായും അംഗീകാരം നൽകും.
പൊള്ളലേറ്റ രോഗികൾക്ക് ചികിത്സ ഉറപ്പുവരുത്താൻ തിരുവനന്തപുരം, കോട്ടയം സർക്കാർ മെഡിക്കൽ കോളജുകളിൽ ‘സ്കിൻ ബാങ്ക്’ സ്ഥാപിക്കും. ആലപ്പുഴ, ഇടുക്കി ജില്ലകളിൽ കാത്ത് ലാബ് പ്രവർത്തന സജ്ജമാക്കും.
തിരുവനന്തപുരം: കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളെ സാമ്പത്തിക വളർച്ചയുടെ ചാലകങ്ങളാക്കി മാറ്റാൻ ലക്ഷ്യമിട്ട് മെട്രോപോളിറ്റൻ ആസൂത്രണ സമിതി രൂപവത്കരിക്കും. അതിവേഗ നഗരവത്കരണം മനസ്സിലാക്കാനായി രൂപവത്കരിച്ച അർബൻ പോളിസി കമീഷന്റെ ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഗരഭരണത്തിൽ പ്രഫഷനലിസം വർധിപ്പിക്കാനാണ് നടപടി.
സാമ്പത്തിക സുസ്ഥിതി ഉറപ്പാക്കാനും വൻകിട അടിസ്ഥാന സൗകര്യ വികസനത്തിന് നിക്ഷേപങ്ങൾ ആകർഷിക്കാനും നഗര തദ്ദേശ സ്ഥാപനങ്ങൾ ക്രെഡിറ്റ് റേറ്റിങ് രീതി നടപ്പാക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പിന് കീഴിൽ കെ. സ്റ്റോറുകളുടെ എണ്ണം 2500 എണ്ണമാക്കും.
തിരുവനന്തപുരം: 2025-26ൽ കുടുംബശ്രീ നൈപുണ്യ വികസന പരിപാടികൾ, ഐ.ടി, നിർമിതബുദ്ധി (എ.ഐ), ഹരിതോർജം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് നയപ്രഖ്യാപനം. ആവശ്യമായ വൈദഗ്ധ്യം നേടുന്നതിന് യുവതികളെ പര്യാപ്തമാക്കാൻ ആക്സിലിയറി ഗ്രൂപ്പുകളെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കും. സമഗ്ര ദ്രവമാലിന്യ സംസ്കരണത്തിന് നിയുക്ത ക്ലസ്റ്ററുകളിൽ സ്ലഡ്ജ് ആൻഡ് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ സ്ഥാപിക്കും.
സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിൽ രണ്ടാം ഘട്ടം പാഠപുസ്തകങ്ങളുടെ പരിഷ്കരണം 2025 -26 അധ്യയന വർഷത്തിൽ പൂർത്തിയാക്കുമെന്ന് നയപ്രഖ്യാപനം. പ്രീ പ്രൈമറി, രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകൾക്ക് പുറമെ, ഹയർ സെക്കൻഡറി പാഠപുസ്തകവും പരിഷ്കരിക്കും.
വിദേശ വിദ്യാർഥികളെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ആകർഷിക്കാൻ ‘സ്റ്റഡി ഇൻ കേരള’ പദ്ധതി ആരംഭിക്കും.
നാല് വർഷ ബിരുദ കോഴ്സുകളുമായി ചേർത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നൈപുണ്യ വികസന കോഴ്സുകൾക്കും കരിയർ പ്ലാനിങ്ങിനുമുള്ള കേന്ദ്രങ്ങൾ.
അനാഥാലയങ്ങളിൽ താമസിക്കുന്നവർക്ക് ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിൽ ഉപരിപഠന സഹായവും ഡോക്ടറൽ ഗവേഷണം തുടരുന്ന ന്യൂനപക്ഷ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കാൻ ഫെലോഷിപ് പദ്ധതിയും ആരംഭിക്കും.
സംസ്ഥാനത്തെ നിക്ഷേപ സൗഹൃദം ഉയർത്തിക്കാട്ടുന്ന ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ മീറ്റ് ഫെബ്രുവരി 21, 22 തീയതിയിൽ കൊച്ചിയിൽ നടക്കും. കേരള വ്യവസായ വികസന കോർപറേഷന്റെ നേതൃത്വത്തിലുള്ള പരിപാടിയിൽ, എ.ഐ, ലൈഫ് സയൻസ്, ഫുഡ് ടെക്നോളജി, റിന്യൂവബിൾ എനർജി എന്നീ മേഖലകളിൽ ചർച്ച നടക്കുമെന്ന് നയപ്രഖ്യാപനത്തിൽ പറയുന്നു. ഒമ്പത് രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ആഗോള സഹകരണം പരിപോഷിപ്പിക്കാനും നിക്ഷേപങ്ങൾ ആകർഷിക്കാനും ലക്ഷ്യമിടുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്നും പ്രഖ്യാപിച്ചു .
മത്സ്യ മേഖലയുമായി ബന്ധപ്പെട്ട പദ്ധതികൾ വിശദീകരിക്കുന്നതിനിടെ, ‘താനും മീൻ കഴിക്കുന്നയാളാണെന്ന’ ഗവർണറുടെ അധിക പരാമർശം സഭയിൽ ചിരി പടർത്തി. കേരളത്തിലെ സമ്മതിദായകരിൽ വനിതകളുടെ എണ്ണം ഉയർന്ന നിലയിലാണെന്നതും കേരളത്തിലേക്ക് അർജന്റീന ഫുട്ബാൾ ടീം എത്തുമെന്ന പരാമർശത്തിനും കൈയടി. ഇതിനിടെ, ‘മെസ്സി വരുമോ’ എന്ന ചോദ്യം പ്രതിപക്ഷ ബെഞ്ചിൽ നിന്നുയർന്നത് അപ്രതീക്ഷിതം.
തിരുവനന്തപുരം: വിവിധ മേഖലകളിൽ പൊതു സ്വകാര്യ പങ്കാളിത്ത മാതൃക (പി.പി.പി) നടപ്പാക്കും. വിനോദ സഞ്ചാര മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. ജലപാതകളുടെ വികസനത്തിന് ടെർമിനൽ പ്രവർത്തനങ്ങൾ, വെസൽ മാനേജ്മെന്റ് എന്നിവയിലും സ്വകാര്യ മേഖലയുടെ സഹകരണം തേടും. കനാലുകളോട് ചേർന്ന് ചരക്ക് കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങൾ, വെയർഹൗസുകൾ തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. വിഴിഞ്ഞം, കൊല്ലം, ബേപ്പൂർ, അഴീക്കൽ തുറമുഖ വികസനത്തിനും പൊതു സ്വകാര്യ പങ്കാളിത്ത മാതൃക പ്രയോജനപ്പെടുത്തും.
തിരുവനന്തപുരം: 1.2 ലക്ഷം പേർക്ക് കൂടി പട്ടയം നൽകും. റബർ വിലസ്ഥിരത പദ്ധതി തുടരും. കാഴ്ച പരിമിതിയുള്ള ഉദ്യോഗസ്ഥരെ സഹായിക്കുന്നതിന് റിസോഴ്സ് സെൻറർ ഫോർ ഡിസെബിലിറ്റി സ്ഥാപിക്കും. 2025-26 സാമ്പത്തിക വർഷത്തിൽ 222 സ്മാർട്ട് വില്ലേജുകളാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.