കല്‍പ്പറ്റ: വയനാട്ടിൽ സ്വകാര്യ ബസുകൾ നാളെ പണിമുടക്കില്ലെന്ന് ബസുടമകള്‍ അറിയിച്ചു. എ.ഡി.എമ്മുമായി ഇന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന ഉറപ്പിലാണ് പണിമുടക്ക് പിൻവലിച്ചതെന്നും മൂന്നാം തിയതി ജില്ല കലക്ടർ വിളിച്ച ഉന്നതതല യോഗത്തിന് ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും ബസുടമകൾ പറഞ്ഞു.
സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി രൂക്ഷമാണെന്ന് ഉടമകള്‍ പറഞ്ഞു. ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം ആരംഭിക്കാനാണ് ബസുടമകളുടെ തീരുമാനം. വരുമാനം കുറഞ്ഞതോടെ പാലക്കാട് സ്വകാര്യ ബസ് തൊഴിലാളികളുടെ വേതനം ഗണ്യമായി കുറച്ചു. ഡ്രൈവർക്കും കണ്ടക്ടർക്കും വേതനം 600 രൂപയാക്കി. ഇതോടെ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഗൗരവം അറിയാമെന്നും പ്രശ്നം പരിഹരിക്കുമെന്നും ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. സ്വകാര്യ ബസുകൾ പുതിയ വരുമാന സ്രോതസ് നോക്കണമെന്നും കെ.എസ്.ആർ.ടി.സി പരസ്യം ചെയ്യുന്നത് പോലെ അവർക്കും പരസ്യം നൽകാമെന്നും മന്ത്രി വ്യക്തമാക്കി.
ഡ്രൈവർക്ക് 1200 രൂപ ലഭിച്ചിരുന്നു, ഇപ്പോൾ അത് 600 രൂപയായി. കണ്ടക്ടർക്കും ലഭിക്കുന്നത് 600 രൂപയാണ്. ബസിലെ കലക്ഷൻ കുറഞ്ഞതോടെയാണ് വേതനം കുറച്ചത്. ബസുടമകളുടെ നടപടിക്കെതിരെ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. അതേസമയം, സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം തുടങ്ങും. കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രയെ തുടർന്ന് സർവിസുകൾ നഷ്ടത്തിലായ സാഹചര്യത്തിലാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക് കടക്കുന്നത്.
സ്വകാര്യ ബസ് പ്രതിസന്ധിയുടെ ഗൗരവം അറിയാമെന്ന് മന്ത്രി സി.പി. ജോണ്‍ വ്യക്തമാക്കി. നികുതി 59 ശതമാനം കുറച്ചെന്നും പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. സമരങ്ങളോട് ചിലർ കാണിച്ചതുപോലെ അലർജി ഇല്ല. വിഷയം ചർച്ച ചെയ്ത് പരിഹരിക്കാം. സ്വകാര്യ ബസുകൾക്ക് ടാക്സ് കുറച്ച് കൊടുത്തത് അവർക്ക് സഹായമാകാനാണ്. സ്വകാര്യ ബസും കെ.എസ്.ആർ.ടി.സി ഓർഡിനറിയും ഒരുമിച്ച് ഓടുന്ന സ്ഥലങ്ങളിലാണ് പ്രശ്നമെന്നും പരസ്പരം മത്സരിക്കാതെ സമയം ക്രമീകരിച്ച് ഓടുന്ന തരത്തിൽ വിഷയം പരിഹരിക്കാമെന്നും സി.പി. ജോണ്‍ അറിയിച്ചു.
അതേസമയം, മലയോര മേഖലകളിൽ കെ.എസ്.ആർ.ടി.സി ബസുകളിൽ സുരക്ഷപരിധി ലംഘിച്ച് ഇരട്ടിയോളം യാത്രക്കാരെ കുത്തിനിറച്ച് സർവിസ് നടത്തുന്നത് പതിവാകുന്നതായി പരാതി. സുരക്ഷ പരിധി 64 ആണെങ്കിലും പ്രിയദർശിനി സർവിസുകൾ വന്നതോടെ 120 ലധികം പേരെ കയറ്റേണ്ട അവസ്ഥയാണ് പല ബസുകളിലും. 15 വർഷത്തിലധികം പഴക്കമുള്ള ബസുകൾ വീതി കുറഞ്ഞ മലയോര റോഡുകളിലൂടെ സർവിസ് നടത്തുന്നത് അപകടകരമാണ്. മലക്കപ്പാറ, നെല്ലിയാമ്പതി, മൂന്നാർ, ഗവി എന്നിവിടങ്ങളിലെല്ലാം റോഡുകളുടെ വീതിക്കുറവും യാത്രക്കാരുടെ എണ്ണം വർധിക്കുന്നതും ബസുകളെ ബാധിക്കുന്നുണ്ട്.
കഴിഞ്ഞദിവസം രാവിലെ 7.55ന് ചാലക്കുടിയിൽനിന്ന് മലക്കപ്പാറയിലേക്ക് പുറപ്പെട്ട ആർ.എൻ.ഇ 276 നമ്പർ ബസിൽ ചാലക്കുടി സ്റ്റാൻഡിൽനിന്ന് 95 ലധികം പേർ കയറിയിരുന്നു. തുടർന്ന് സ്വകാര്യ ബസ് സ്റ്റാൻഡിലെത്തിയപ്പോൾ വീണ്ടും ആളുകൾ കയറിയതോടെ 120 ലധികം യാത്രക്കാരുമായാണ് സർവിസ് പൂർത്തിയാക്കിയത്. മോട്ടോർ വാഹന ചട്ട പ്രകാരം 51 സീറ്റിങ്ങും 25 ശതമാനം സ്റ്റാൻഡിങ്ങുമുൾപ്പെടെ പരമാവധി 64 പേർക്ക് മാത്രമാണ് യാത്ര ചെയ്യാനാവുക. ദുർഘടമായ മലയോര പാതയിലൂടെ അമിതഭാരം കയറ്റി സർവിസ് നടത്തുന്നത് വൻദുരന്തത്തിന് കാരണമായേക്കാം. കാലവർഷം കനത്തതോടെ റോഡിന്റെ വശങ്ങൾ ഇടിയാനും വണ്ടി തെന്നിമാറാനുമുള്ള സാധ്യത കൂടുതലാണെന്നും ഇത് ഗുരുതര സുരക്ഷ വീഴ്ചയാണെന്നും കാണിച്ച് സ്വതന്ത്ര ട്രാൻസ്പോർട്ട് എംപ്ലോയീസ് ഫെഡറേഷൻ ഗതാഗതമന്ത്രിക്കും കെ.എസ്.ആർ.ടി.സി സി.എം.ഡിക്കും കത്ത് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.