സംസ്ഥാനത്ത് വെള്ളക്കരം കൂട്ടും; ലിറ്ററിന് ഒരു പൈസ വർധിപ്പിക്കും

തിരുവനന്തപുരം: വെള്ളക്കരം കൂട്ടാൻ എൽ.ഡി.എഫ്​ അനുമതി. ലിറ്ററിന് ഒരു പൈസയാണ്​ വർധിക്കുക. വാട്ടർ അതോറിറ്റി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ വെള്ളക്കരം വർധിപ്പിക്കണമെന്ന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍റെ ശിപാർശ വെള്ളിയാഴ്​ച ചേർന്ന മുന്നണി യോഗം അംഗീകരിച്ചതായി എൽ.ഡി.എഫ്​ കൺവീനർ ഇ.പി. ജയരാജൻ അറിയിച്ചു. നിരക്ക്​ വർധന ബി.പി.എല്ലുകാർക്ക്​ ബാധകമാകില്ലെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

ലിറ്ററിന് ഒരു പൈസ വർധിക്കുന്നതോടെ വിവിധ സ്ലാബുകളിലുള്ള ഉപഭോക്താക്കൾക്ക് യൂനിറ്റിന് പത്ത് രൂപയുടെ വർധനയുണ്ടാകും. ആയിരം ലിറ്റർ വെള്ളമാണ് ഒരു യൂനിറ്റ്​. നിലവിൽ യൂനിറ്റിന് വിവിധ സ്ലാബുകളിലായി നാലുരൂപ മുതൽ 12 രൂപവരെയാണ്​ വെള്ളക്കരം. ഇത്​ 14 രൂപ മുതൽ 24 രൂപയായി​ വർധിക്കും. ഒരു കുടുംബം ശരാശരി പത്ത്​ (10,000 ലിറ്റർ) മുതൽ 15 യൂനിറ്റ്​ (15,000 ലിറ്റർ) വരെയാണ്​ ഒരുമാസം ഉപയോഗിക്കുന്നത്​.

സർക്കാർ തീരുമാനത്തിന് ശേഷമേ സ്ലാബ് അടിസ്ഥാനത്തിനുള്ള നിരക്ക് വർധനയുടെ വിശദവിവരങ്ങൾ ലഭിക്കൂ. നിലവിൽ ഏറ്റവും താഴ്ന്ന സ്ലാബിൽ 1000 ലിറ്ററിന് 4.20 രൂപയാണ് മിനിമം നിരക്ക്​. കിലോലിറ്റർ വെള്ളം നൽകുമ്പോൾ 23.89 രൂപയാണ് അതോറിറ്റിക്ക് ചെലവ്. വരുമാനം 10.50 രൂപ മാത്രവും. അതോറിറ്റിക്ക്​ 2391.89 കോടിയുടെ കടബാധ്യതയുണ്ടെന്ന്​ മന്ത്രി എൽ.ഡി.എഫ്​ യോഗത്തെ അറിയിച്ചു. 4000 കോടിയാണ് സഞ്ചിത നഷ്ടം. ജൂലൈവരെയുള്ള കണക്കനുസരിച്ച് കുടിശ്ശികയിനത്തിൽ 1878 കോടി കിട്ടാനുണ്ട്. സർക്കാർ വകുപ്പുകൾ മാത്രം നൽകേണ്ടത് 350 കോടി. ഗാർഹിക ഉപഭോക്താക്കളിൽനിന്ന് കുടിശ്ശികയായി കിട്ടാനുള്ളത് 216 കോടിയും. സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവ ചേർന്ന് നൽകാനുള്ളത്​ 1287 കോടി. 1990 മുതൽ കുടിശ്ശിക അടയ്‌ക്കാത്ത സർക്കാർ സ്ഥാപനങ്ങളുമുണ്ട്.

ശമ്പള പരിഷ്‌കരണം നടപ്പാക്കിയതോടെ അതോറിറ്റിക്ക് പ്രതിമാസം അഞ്ച് കോടിയുടെ അധിക ബാധ്യത ഉണ്ടായിട്ടുണ്ട്. ശമ്പളത്തിന് മാത്രം 32.50 കോടിയാണ് പ്രതിമാസം വേണ്ടത്. കേന്ദ്ര നിർദേശപ്രകാരം 2021 മുതൽ വെള്ളക്കരത്തിൽ പ്രതിവർഷം അഞ്ച് ശതമാനത്തിന്റെ വർധന വരുത്തുന്നുമുണ്ട്​. നിരക്ക്​ വർധന ആവശ്യപ്പെട്ട്​ അതോറിറ്റി നേരത്തേതന്നെ സർക്കാറിനെ സമീപിച്ചിരുന്നു. ജനരോഷം ഉയരാൻ സാധ്യതയുള്ളതിനാൽ ഇടതുമുന്നണിയിൽ ചര്‍ച്ച ചെയ്ത്​ തീരുമാനിക്കാനായിരുന്നു സര്‍ക്കാര്‍ നിർദേശം.

Tags:    
News Summary - water tax in state will be increased; One paise per liter will be increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.