87 ശതമാനം കിണറുകളിലും ജലനിരപ്പ് താഴ്ന്നു

തിരുവനന്തപുരം: പ്രതിവര്‍ഷം ലഭിക്കേണ്ട മഴയില്‍ വലിയ കുറവുണ്ടായതോടെ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് 87.6 ശതമാനം കിണറുകളിലും ഭൂജലനിരപ്പ് താഴ്ന്നതായി ഭൂജലവകുപ്പ്. സാധാരണ 3000 മില്ലിലിറ്റര്‍ മഴയാണ് വര്‍ഷത്തില്‍ ലഭിക്കുക. എന്നാല്‍, ഇത്തവണയിത് 1869 മില്ലിലിറ്ററായി താഴ്ന്നു.

ലഭിക്കേണ്ട മഴയില്‍ 1130 മില്ലിലിറ്റര്‍ കുറവുണ്ടായതാണ് പ്രതികൂലമായി ബാധിച്ചത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ ലഭിച്ച 1352.3 മില്ലിമീറ്റര്‍ മഴയാണ് ഇതില്‍ നല്ളൊരു ശതമാനവും. സംസ്ഥാനത്തെ മൂന്ന് ശതമാനം കിണറുകള്‍ നാല് മീറ്ററില്‍ കൂടുതല്‍ താഴ്ന്നതായാണ് കണക്കുകള്‍. നാല് മീറ്ററെന്നത് ഏതാണ്ട് 12-13 അടിയോളം വരും. രൂക്ഷമായ ജലക്ഷാമത്തെയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. 11 ശതമാനം കുഴല്‍ക്കിണറുകളിലും നാല് മീറ്ററില്‍ കൂടുതല്‍ ജലത്താഴ്ചയുണ്ടായി. സംസ്ഥാനത്തെ 20 ശതമാനം കിണറുകളില്‍ ഒരു മീറ്റര്‍ മുതല്‍ രണ്ട് മീറ്റര്‍ വരെ ഭൂജലനിരപ്പ് താഴ്ന്നെന്നാണ് കണക്കുകള്‍. 24 ശതമാനം കുഴല്‍കിണറുകളിലും രണ്ട് മീറ്റര്‍ വരെ വെള്ളം പിന്‍വലിഞ്ഞിട്ടുണ്ട്. രണ്ട് ശതമാനം കിണറുകളിലും അഞ്ച് ശതമാനം കുഴല്‍ക്കിണറുകളിലും മൂന്ന് മുതല്‍ നാല് വരെയാണ് ജലത്താഴ്ച.

ഭൂജലം റീചാര്‍ജ് ചെയ്യാനുള്ള പ്രകൃതിപരമായ സംവിധാനങ്ങള്‍ നഷ്ടമാകുന്നതും നിലവിലെ സ്ഥിതിക്ക് കാരണമായി ഭൂജലവകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഭൂഗര്‍ഭ ജലം സംഭരിച്ച് നിര്‍ത്തുന്ന കുന്നുകള്‍ നശിക്കുന്നതും നീര്‍ത്തടങ്ങള്‍ ഇല്ലാതാകുന്നതുമടക്കം ഇതിനുദാഹരണമാണ്. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ കുടിവെള്ളലഭ്യത ഉറപ്പുവരുത്താന്‍ അടിയന്തരനടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. തകരാറിലായ ചെറുകിട കുടിവെള്ളപദ്ധതികളും ഹാന്‍ഡ് പമ്പുകളും അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കാനാണ് തീരുമാനം. 189 ഇത്തരം ചെറുകിട പദ്ധതികളും 5988 ഹാന്‍ഡ് പമ്പുകളും പ്രവര്‍ത്തനം നിലച്ച നിലയിലുണ്ടെന്നാണ് കണക്ക്. ഇവ നവീകരിക്കുന്നതിന് 12.40 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് 60 ലക്ഷത്തിലേറെ കിണറുകളെയാണ് കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. ഗ്രാമീണമേഖലയില്‍ 64.8 ശതമാനംപേര്‍ കിണറുകളെയും 24.5 ശതമാനം പൈപ്പ്വെള്ളത്തെയും ആശ്രയിക്കുന്നുണ്ട്. മറ്റ് മാര്‍ഗങ്ങള്‍ 10.8 ശതമാനമാണ്. നഗരമേഖലയില്‍ കിണറുകള്‍ ഉപയോഗിക്കുന്നത് 58.9 ശതമാനമാണ്. പൈപ്പ് വെള്ളം 34.9 ശതമാനവും മറ്റ് മാര്‍ഗങ്ങള്‍ 6.3 ശതമാനവും. 2001ല്‍ കേരളത്തിലെ ആകെ വാര്‍ഷിക ജലാവശ്യകത 26800 ദശലക്ഷം ഘനമീറ്ററായിരുന്നെന്നാണ് കണക്ക്. അതേസമയം, 2031 ഓടെ 44,000 ദശലക്ഷം ഘനമീറ്ററായി വര്‍ധിക്കുമെന്നാണ് ദേശീയ സാമ്പത്തിക ഗവേഷണ കൗണ്‍സിലിന്‍െറ പഠനം ചൂണ്ടിക്കാട്ടുന്നത്. അതായത് 2001നെ അപേക്ഷിച്ച് ജലത്തിന്‍െറ ആവശ്യകത 64 ശതമാനം വര്‍ധിക്കും. ഈ സാഹചര്യത്തിലാണ് ഭൂജലവിതാനത്തിലെ താഴ്ച ഗൗരവമുള്ളതാകുന്നത്.

Tags:    
News Summary - water level decreses in 87 % of well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.