കുട്ടനാട്ടിൽ ശുദ്ധജലം എത്തിക്കണമെന്ന് മുഖ്യമന്ത്രി

കൊല്ലം: ആലപ്പുഴ, കോട്ടയം ജില്ലകളിൽ വെള്ളപ്പൊക്ക കെടുതികൾ നേരിടുന്ന ജനങ്ങൾക്ക് സഹായമെത്തിക്കാൻ നാടൊന്നാകെ രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് കൊല്ലം കലക്‌ട്രേറ്റിൽ നടത്തിയ വീഡിയോ കോൺഫറൻസിൽ നിർദേശങ്ങൾ നൽകുകയായിരുന്നു അദ്ദേഹം. സമീപകാലത്തെ ഏറ്റവും വലിയ പ്രകൃതിക്ഷോഭമാണ് സംസ്ഥാനത്തുണ്ടായത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നല്ല നിലയിൽ നിർവഹിക്കുവാൻ പൊതുവിൽ സാധിച്ചിട്ടുണ്ട്. ക്യാമ്പുകളിൽ കഴിയുന്നവർക്കും വീടുകളിൽ തുടരുന്നവർക്കും ആവശ്യമായ സഹായം എത്തിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കുന്നു.

ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ തദ്ദേശഭരണ സ്ഥാപനങ്ങളും സന്നദ്ധ പ്രവർത്തകരും പ്രസ്ഥാനങ്ങളും മാതൃകാപരമായ പങ്കുവഹിച്ചിട്ടുണ്ട്. തുടർന്നും ഈ സഹകരണം മുന്നോട്ടു കൊണ്ടുപോകാൻ കഴിയണം. ക്യാമ്പുകളിൽ നല്ല ഭക്ഷണവും ശുദ്ധജലവും മുടക്കമില്ലാതെ ലഭിക്കുന്നു എന്ന് ഉറപ്പാക്കണം. കുട്ടനാട്ടിലെ ക്യാമ്പുകളിൽ പച്ചക്കറികൾ എത്തിക്കാൻ ഹോർട്ടികോർപ്പ് നടപടി സ്വീകരിക്കണം. കുട്ടനാട്ടിൽ ശുദ്ധജലം വലിയ കുപ്പികളിലും ജാറുകളിലുമാക്കി വള്ളങ്ങളിൽ ജനങ്ങൾക്ക് എത്തിച്ചു നൽകണം. ഇതിനായി ജില്ലാ കളക്ടർമാർ വാട്ടർ അതോറിറ്റിയെ ചുമതലപ്പെടുത്തണം. വെള്ളം ഇറങ്ങി, സാധാരണ നിലയിൽ എത്തുന്നതുവരെ ഇത് തുടരണം. ക്യാമ്പുകളിൽ വരാതെ വീടുകളിൽ കഴിയുന്നവർക്കും ആവശ്യമെങ്കിൽ ഭക്ഷണവും വെള്ളവും ഉറപ്പാക്കണം.

വെള്ളം ഇറങ്ങുമ്പോൾ പകർച്ചവ്യാധി വ്യാപിക്കാതിരിക്കാൻ കരുതലോടെയുള്ള ഇടപെടൽ വേണം. ശുചീകരണത്തിന് നാടാകെ ഒന്നിച്ചിറങ്ങണം. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് ഇതിന്റെ ചുമതല നൽകണം. ശുചീകരണം കൃത്യമായി നടക്കുന്നു എന്ന് ചുമതലയുള്ളവർ ഉറപ്പാക്കണം. ആരോഗ്യമേഖലയിൽ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ തുടരണം. എല്ലായിടത്തും ഡോക്ടർമാരുടെ സേവനവും ആവശ്യത്തിന് മരുന്നും ഉണ്ടാകണം.  ക്യാമ്പുകളിൽ മതിയായ ടോയ്‌ലറ്റ് സൗകര്യം ഉറപ്പാക്കണം. കുട്ടനാട്ടിൽ ബയോ ടോയ്‌ലെറ്റുകൾ സജ്ജമാക്കണം. രണ്ടോ അതിലധികമോ ദിവസം വീട്ടിൽ വെള്ളം കെട്ടിനിന്നവർക്ക് 3800 രൂപ നൽകാൻ സർക്കാർ ഉത്തരവായിട്ടുണ്ട്. കലക്ടർമാർ മുൻകൈ എടുത്ത് ഈ തുക ചൊവ്വാഴ്ച്ചക്കുള്ളിൽ കൊടുത്തു തീർക്കണം. പാഠപുസ്തകം നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് സ്‌കൂളിൽനിന്ന് അവ നൽകാൻ നടപടി സ്വീകരിക്കണം. വാർധക്യ പെൻഷൻ ലഭിക്കുന്നവർക്ക് ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട സമയമാണിത്. ആലപ്പുഴയിലും കോട്ടയത്തും ഇതിനുള്ള സമയപരിധി നീട്ടിക്കൊടുക്കാവുന്നതാണ്. ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിലും അവർക്ക് ബുദ്ധിമുട്ടുണ്ടാകാതെ ശ്രദ്ധിക്കണം.

കുട്ടനാട്ടിലെ മാവേലി സ്റ്റോറുകളിൽ അവശ്യ സാധനങ്ങൾ കൃത്യമായി എത്തുന്നു എന്ന് ഉറപ്പാക്കണം. ക്യാമ്പുകളിൽ കഴിയുന്നവർക്ക് അംഗീകൃത കമ്പനികളുടെ പാക്കറ്റ് പാലോ  മറ്റു സ്ഥലങ്ങളിലെ പാൽ സൊസൈറ്റികളിൽനിന്നുള്ള പാലോ എത്തിച്ചു നൽകാവുന്നതാണ്. ക്യാമ്പുകളിലും വീടുകളിലുമുള്ള കന്നുകാലികൾക്ക് തീറ്റ എത്തിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പ് നടപടി സ്വീകരിക്കണം -മുഖ്യമന്ത്രി നിർദേശിച്ചു. 

വെള്ളപ്പൊക്കം ബാധിച്ച മേഖലകളിൽ ആവശ്യത്തിന് പാചക വാതക സിലിൻഡറുകൾ എത്തിക്കുന്നതിന് പാചക വാതക കമ്പനികളുമായി ബന്ധപ്പെട്ട് ക്രമീകരണം ഏർപ്പെടുത്തുന്നതിന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. കൊല്ലത്ത് വനം മന്ത്രി കെ. രാജു, ആലപ്പുഴയിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ, തിരുവനന്തപുരത്ത്   റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ എന്നിവർ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു. ചീഫ് സെക്രട്ടറി ടോം ജോസ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ, ഭക്ഷ്യ വകുപ്പ് സെക്രട്ടറി മിനി ആന്റണി എന്നിവർ തിരുവനന്തപുരത്തും അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യൻ,  മുഖ്യമന്ത്രിയുടെ സെക്രട്ടറി എം. ശിവശങ്കർ, കേരളാ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ മേധാവി ശേഖർ കുര്യാക്കോസ്, ജില്ലാ കലക്ടർ ഡോ. എസ്. കാർത്തികേയൻ, സബ് കളക്ടർ ഡോ. എസ്. ചിത്ര എന്നിവർ കൊല്ലത്ത്  മുഖ്യമന്ത്രിയോടൊപ്പവും ജില്ലാ കലക്ടർമാരായ ബി.എസ്. തിരുമേനി കോട്ടയത്തും എസ്. സുഹാസ് ആലപ്പുഴയിലും വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.

Tags:    
News Summary - Water Flood in Kerala State CM Pinarayi Vijayan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.