അഡ്വ. എം. വീരാന്‍കുട്ടി

അഡ്വ. എം. വീരാന്‍കുട്ടി; നിലപാടിൽ ഉറച്ചുനിന്ന നേതാവ്

കോഴിക്കോട്: കോൺഗ്രസിന്റെ സംഘടനാ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ച നേതാവായിരുന്നു ഇന്നലെ അന്തരിച്ച പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ല കോണ്‍ഗ്രസ് മുൻ അധ്യക്ഷനും പ്രഥമ ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാനുമായിരുന്ന അഡ്വ. എം. വീരാന്‍കുട്ടി. 86 വയസ്സായിരുന്നു.

ലീഡർ കെ. കരുണാകരന്റെയും മകൻ കെ. മുരളീധരന്റെയും അനുഗ്രഹാശിസ്സുകളോടെ ജില്ല കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായ അഡ്വ. എം. വീരാൻകുട്ടി, ഡി.ഐ.സി രൂപവത്കരിച്ചപ്പോഴും പാർട്ടി നിലപാടുകളിൽ വെള്ളം ചേർക്കാതെ ഉറച്ചു നിന്നു.

വാർധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച രാത്രി 10 മണിയോടെ വീട്ടിലാണ് അന്തരിച്ചത്. ഖബറടക്കം ബുധനാഴ്ച രാവിലെ 11.30ന് കാമശ്ശേരി ജുമാ മസ്ജിദ് ഖബർസ്ഥാനില്‍.

കോഴിക്കോട് ബാറില്‍ അഭിഭാഷകനായിരുന്ന അദ്ദേഹം അഞ്ചുവര്‍ഷം കോഴിക്കോട് ഡി.സി.സി പ്രസിഡന്റായിരുന്നു. കോണ്‍ഗ്രസിലെ മുതര്‍ന്ന നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിച്ച വീരാൻകുട്ടി രാഷ്ട്രീയ, സാമൂഹിക രംഗത്ത് നിറസാന്നിധ്യമായിരുന്നു. ജന്മംകൊണ്ട് മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ സ്വദേശിയാണെങ്കിലും കോഴിക്കോടായിരുന്നു കര്‍മ മണ്ഡലം.

മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും സാമൂഹിക, സാംസ്‌കാരിക നായകരുമായും മറ്റും അടുത്ത ബന്ധം പുലര്‍ത്തി കോഴിക്കോടിന്റെ പൊതുവേദികളില്‍ സജീവ സാന്നിധ്യമായി. ന്യൂനപക്ഷ കമീഷന്‍ രൂപവത്കരിച്ചപ്പോള്‍ ആദ്യ ചെയര്‍മാനായി നിയോഗിച്ചത് വീരാന്‍കുട്ടിയെയാണ്. ഈ പദവിയിലിരുന്ന് ന്യൂനപക്ഷ ക്ഷേമത്തിനുള്ള വിവിധ പദ്ധതികള്‍ നടപ്പാക്കി. ഭാര്യ: കോനോത്ത് ഫാത്തിമ. മക്കള്‍: ഫായിസ്, ഫവാസ് (ഖത്തര്‍), ഫാസില്‍ (കെ.എസ്.ഇ.ബി അസി. എൻജിനീയര്‍, തിരുവമ്പാടി), എം.വി. ഫാരിസ് (എച്ച്.ആര്‍-അക്കൗണ്ട് ലീഡ്). മരുമക്കള്‍: ഫാതിമ ജസ്ബിന്‍ പറമ്പന്‍ എടവണ്ണ, ഷോമിയ അഞ്ചരക്കണ്ടി, ഫാത്തിമ താനി താമരശ്ശേരി.

വീരാൻ കുട്ടിയുടെ നിര്യാണത്തിൽ എം.കെ. രാഘവൻ എം.പി, എൻ. സുബ്രഹമണ്യൻ, അഡ്വ. കെ. ജയന്ത് എം.എൽ.എ, അഡ്വ. കെ. പ്രവീൺകുമാർ കുമാർ എം.എൽ.എ ഉൾപ്പെടെ വിവിധ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലുള്ളവർ അനുശോചിച്ചു

Tags:    
News Summary - M Veerankutty Steadfast Leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.