തിരുവനന്തപുരം: വൈദ്യുത ചാർജിനത്തിൽ കെ.എസ്.ഇ.ബിക്ക് നൽകാനുള്ള പണം പൂർണമായി ഈടാക്കുംവരെ ജല അതോറിക്കുള്ള ഫണ്ടുകൾ തടഞ്ഞുവെക്കാൻ സർക്കാർ നീക്കം. നഗര മേഖലയിൽ പൊതു ടാപ്പ് വഴി ശുദ്ധജലവിതരണം ചെയ്തതിന്റെ തുകയായ 719 കോടി രൂപ മാർച്ച് 31ന് ജല അതോറിറ്റിക്ക് അനുവദിച്ചെങ്കിലും ധനവകുപ്പ് തുക തിരിച്ചു പിടിച്ചു.
ഇതിന് പിന്നാലെ പൊതു ടാപ്പ് വഴി പഞ്ചായത്ത് മേഖലകളിൽ ജലം വിതരണം ചെയ്തതിന്റെ കുടിശ്ശികയായ 529 കോടി രൂപ അനുവദിച്ചു. ഇതും തിരിച്ചുപിടിക്കുകയാണെന്ന് വ്യക്തമാക്കി ധനവകുപ്പ് ഉത്തരവിറക്കി. വൈദ്യുത ചാർജിനത്തിൽ കെ.എസ്.ഇ.ബിക്ക് നൽകാനുള്ള തുകയുടെ പേരിൽ ജല അതോറിറ്റിക്കുള്ള നോൺ പ്ലാൻ ഗ്രാന്റടക്കം നൽകാനാവില്ലെന്ന തീരുമാനത്തിലാണ് ധനവകുപ്പ്.
ഇതിനെതിരെ ജല അതോറിറ്റിയിലെ ഭരണ-പ്രതിപക്ഷ യൂനിയനുകൾ പ്രതിഷേധിക്കുന്നുണ്ടെങ്കിലും തീരുമാനം മാറ്റാൻ ധനവകുപ്പ് തയാറല്ല. ജീവനക്കാരുടേയും പെൻഷൻകാരുടേയും ആനൂകൂല്യങ്ങളുടെ കുടിശ്ശിക കൊടുക്കുന്നതിനടക്കം പണമില്ലാതെ പ്രതിസന്ധിയിലാണ് ജല അതോറിറ്റി. ഇക്കാര്യം വകുപ്പു മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും തീരുമാനം തിരുത്തിക്കാൻ കഴിയുന്നില്ലെന്ന് ജീവനക്കാരുടെ സംഘടനകൾ കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.