തിരുവനന്തപുരം: സംസ്ഥാനത്തെ മാലിന്യസംസ്കരണ രീതിയിൽ വൻ അഴിച്ചുപണിക്ക് വഴിയൊരുക്കി കേന്ദ്രസർക്കാറിന്റെ പുതിയ ഖരമാലിന്യ പരിപാലന ചട്ടങ്ങൾ വരുന്നു. നിലവിൽ കേരളം പിന്തുടരുന്ന രണ്ട് ബിൻ (പച്ച, നീല) സമ്പ്രദായത്തിന് പകരം ഇനിമുതൽ മാലിന്യങ്ങളെ നാല് തട്ടുകളായി വേർതിരിക്കണമെന്നതാണ് പ്രധാന നിർദേശം. ഖരമാലിന്യ പരിപാലനത്തിൽ ഓരോ പൗരന്റെയും ഉത്തരവാദിത്തം വർധിപ്പിക്കുന്ന പുതിയ ചട്ടങ്ങൾ പൂർണ്ണമായി നടപ്പിലാക്കാൻ കേരളം സജ്ജമാകേണ്ടതുണ്ട്.
എന്താണ് പുതിയ മാറ്റങ്ങൾ?
ജൈവ-അജൈവ മാലിന്യങ്ങളെ ഉറവിടത്തിൽ തന്നെ തരംതിരിക്കാനാണ് പുതിയ ചട്ടം നിർബന്ധമാക്കുന്നത്. നിലവിലെ രണ്ട് ബിൻ രീതി മാറി, വെറ്റ് വേസ്റ്റ് (ഈർപ്പമുള്ളവ), ഡ്രൈ വേസ്റ്റ് (ഈർപ്പമില്ലാത്തവ), സാനിട്ടറി മാലിന്യം, പ്രത്യേക പരിചരണം ആവശ്യമുള്ള മാലിന്യം എന്നിങ്ങനെ നാലായി മാലിന്യം തരംതിരിക്കണം. ചട്ടങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഓൺലൈൻ പോർട്ടലുകൾ, കനത്ത പിഴ ഈടാക്കുന്ന പരിസ്ഥിതി നഷ്ടപരിഹാര സംവിധാനം, വാർഷിക റിപ്പോർട്ട് സമർപ്പിക്കൽ എന്നിവയും കർശനമാക്കിയിട്ടുണ്ട്.
കേരളത്തിന്റെ കണക്കുകൾ
പ്രതിവർഷം ഏകദേശം 37 ലക്ഷം ടൺ ഖരമാലിന്യമാണ് കേരളത്തിൽ ഉല്പാദിപ്പിക്കപ്പെടുന്നത്. ഇതിൽ 77 ശതമാനവും ജൈവമാലിന്യവും 18 ശതമാനം അജൈവ മാലിന്യവുമാണ്. കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവ വഴി വൻതോതിൽ മാലിന്യം പുറത്തുവരുന്നുണ്ട്. ആകെയുള്ള മാലിന്യത്തിന്റെ 49 ശതമാനവും വീടുകളിൽ നിന്നാണെന്നത് ഈ മാറ്റത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
നേട്ടങ്ങളും വെല്ലുവിളികളും
ഹരിതകേരളം മിഷന്റെ ഭാഗമായി കേരളം ഇതിനകം തന്നെ വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിൽ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. 30,000-ലധികം ഹരിതകർമ്മസേനാംഗങ്ങൾ 1034 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 53 ലക്ഷം വീടുകളിൽ വാതിൽപ്പടി സേവനം നൽകുന്നുണ്ട്. മിനി എം.സി.എഫുകൾ, എം.സി.എഫുകൾ, ആർ.ആർ.എഫുകൾ എന്നിവ വഴി മാലിന്യം തരംതിരിച്ച് കൈമാറുന്ന സംവിധാനവും ശക്തമാണ്.
ക്ലീൻ കേരള കമ്പനി മുഖേന മാത്രം പ്രതിമാസം ശരാശരി 3400 ടൺ മാലിന്യമാണ് ശേഖരിക്കുന്നത്. എന്നിരുന്നാലും, കേന്ദ്രത്തിന്റെ പുതിയ ചട്ടങ്ങൾ നടപ്പിലാക്കുമ്പോൾ നിലവിലെ സംവിധാനങ്ങളെ കൂടുതൽ പരിഷ്കരിക്കേണ്ടതുണ്ട്. ശാസ്ത്രീയ ലാൻഡ്ഫിൽ സംവിധാനങ്ങളും വേസ്റ്റ് ടു എനർജി പ്ലാന്റുകളും സ്ഥാപിക്കുന്നതിലൂടെ മാത്രമേ പുതിയ നിർദേശങ്ങളുമായി പൊരുത്തപ്പെടാൻ കേരളത്തിന് കഴിയൂ. വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന കേരളം, പുതിയ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ മാലിന്യ പരിപാലനത്തെ കൂടുതൽ ശാസ്ത്രീയവും കാര്യക്ഷമവുമാക്കാനുള്ള തയ്യാറെടുപ്പിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.