കൊച്ചി: മുൻ എം.എൽ.എ പി.വി. അൻവർ ഫോൺ ചോർത്തിയതുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിച്ചതെന്തിനെന്ന് സർക്കാറിനോട് ഹൈകോടതി. ജനപ്രതിനിധിയായിരിക്കെ സമാന്തര ഭരണസംവിധാനമായി പ്രവർത്തിക്കുകയായിരുന്നോ. ഇത്തരം പ്രവർത്തനങ്ങൾക്ക് ആരെയും അനുവദിക്കാനാവില്ലെന്നും സർക്കാറിനെ വിമർശിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ഫോൺ ചോർത്തലിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം സ്വദേശിയും പ്ലാന്ററും വ്യവസായിയുമായ മുരുഗേഷ് നരേന്ദ്രൻ നൽകിയ ഹരജി തീർപ്പാക്കിയാണ് ഉത്തരവ്.
നിയമവിരുദ്ധമായി ഫോണ്‍ ചോര്‍ത്തിയെന്ന് കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് മലപ്പുറത്ത് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പി.വി. അന്‍വര്‍ പരസ്യമായി പ്രഖ്യാപിച്ചതിനെത്തുടർന്ന് ഇക്കാര്യത്തില്‍ അന്വേഷണമാവശ്യപ്പെട്ട് മലപ്പുറം എസ്.പിക്കും ഡി.ജി.പിക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുരുഗേഷ് നരേന്ദ്രന്‍ കോടതിയെ സമീപിച്ചത്. ചീഫ് സെക്രട്ടറിക്ക് നൽകിയ നിവേദനത്തിനും നടപടിയുണ്ടായില്ലെന്ന് ആരോപിച്ചിരുന്നു.
ഉദ്യോഗസ്ഥരുടെയടക്കം ഫോൺ ചോർത്തിയതുമായി ബന്ധപ്പെട്ട് പൊലീസിന് നേരിട്ട് കേസെടുക്കാനുള്ള വസ്തുതകളില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. തെളിവുകൾ ലഭിച്ചില്ലെന്ന സർക്കാർ നിലപാട് അംഗീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തെളിവുകൾ കണ്ടെത്തേണ്ടത് സർക്കാറല്ലേ. ജനപ്രതിനിധിയായിരിക്കെതന്നെ നിരന്തരം വാർത്തസമ്മേളനങ്ങൾ വിളിച്ച് അൻവർ ഇത്തരം കാര്യങ്ങൾ പറയുന്നുണ്ട്. ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന വെളിപ്പെടുത്തൽ ഗൗരവമുള്ളതാണ്. അതിനാൽ, ഡി.ജി.പിക്ക് നൽകിയ നിവേദനം പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ നിർദേശിച്ച കോടതി ഹരജി തീർപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.