മാടാക്കര പള്ളി സംഘർഷം: പള്ളികമ്മിറ്റിയെ വഖഫ് ബോർഡ് സസ്പെൻഡ് ചെയ്തു
വടകര: മാടാക്കര പള്ളിയിൽ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയ സംഭവത്തിൽ വഖഫ് ബോർഡ് പള്ളികമ്മിറ്റിയെ സസ്പെൻഡ് ചെയ്തു. വഖഫ് ബോർഡ് സ്വമേധയ എടുത്ത കേസിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഡിവിഷനൽ വഖഫ് ഓഫിസർ നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കമ്മിറ്റിയെ സസ്പെൻഡ് ചെയ്തത്. പള്ളികമ്മിറ്റിയുടെ ഇടക്കാല മുതവല്ലിയായി അഡ്വ. കെ.വി. അബൂബക്കർ സിദ്ദീഖിന് ചുമതല നൽകി.
ഈ മാസം എട്ടിന് മഹല്ല് ഭാരവാഹികളുടെയും എതിൽപക്ഷത്തിന്റെയും വാദം കേൾക്കും. ആരോപണങ്ങളിൽ നിഷ്പക്ഷ അന്വേഷണം പൂർത്തിയാകുന്നതുവരെ വഖഫ് സ്വത്തുക്കളുടെ സുരക്ഷ ഉറപ്പുവരുത്താനും തെളിവുകളിൽ തിരിമറി തടയാനുമാണ് മഹല്ല് കമ്മിറ്റിയെ സസ്പെൻഡ് ചെയ്തത്. കമ്മിറ്റി സ്ഥാപനത്തിന്റെ എല്ലാ രേഖകളും കണക്കുകളും ചുമതലയുള്ള മുതവല്ലിക്ക് കൈമാറണം. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബോർഡ് അന്തിമ തീരുമാനമെടുക്കും.
സസ്പെൻഷൻ ഉത്തരവിനെതിരെ ഭരണസമിതിക്ക് വഖഫ് ട്രിബ്യൂണലിനെ സമീപിക്കാൻ നിയമപരമായ അവകാശമുണ്ട്. അതേസമയം, മഹല്ല് കമ്മിറ്റിയുടെ വാദം കേൾക്കാതെയാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പാണ് മാടാക്കര പള്ളിയിൽ മൗലീദ് പരായണവുമായി ബന്ധപെട്ട് ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയത്. സംഘർഷത്തിനിടെ പള്ളിയിൽ കയറി പൊലീസ് ലാത്തിവീശിയിരുന്നു. വിശ്വാസികൾ ചേരിതിരിഞ്ഞ് പോർവിളി നടത്തിയതും പള്ളിയിൽ കയറി പൊലീസ് മർദിച്ചതും വിമർശനത്തിനിടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.