ജീവനക്കാരെ വകുപ്പ് മാറ്റിനിയമിച്ച് തദ്ദേശഭരണ വകുപ്പിൽ ചട്ടവിരുദ്ധ നിയമനങ്ങൾ
കോഴിക്കോട്: വകുപ്പ് സംയോജനം നടപ്പാക്കുന്നുവെന്ന പേരിൽ ജീവനക്കാരെ വകുപ്പ് മാറ്റിനിയമിച്ച് തദ്ദേശഭരണ വകുപ്പിൽ ചട്ടവിരുദ്ധ നിയമനങ്ങൾ നടപ്പാക്കുന്നു. യോഗ്യതയില്ലാത്ത ജീവനക്കാരെ നിയോഗിച്ചാണ് തദ്ദേശ ഭരണ വകുപ്പിൽ ചട്ടവിരുദ്ധ ജോലികൾക്ക് നിർബന്ധിതരാക്കി കടുത്ത മനുഷ്യാവകാശ ലംഘനം നടത്തുന്നത്.
മുൻ ഗ്രാമവികസന വകുപ്പിലുള്ള എക്സ്റ്റൻഷൻ ഓഫിസർമാർ, ജോയന്റ് ബി.ഡി.ഒ മാർ എന്നീ ഫീൽഡ് സൂപ്പർവൈസറി ജീവനക്കാരെ അവരുടെ സമ്മതം വാങ്ങാതെ തന്നെ സ്ഥലംമാറ്റത്തിലൂടെ ഗ്രാമപഞ്ചായത്തുകളിലെ മിനിസ്റ്റീരിയൽ പ്രമോഷൻ തസ്തികകളായ ഹെഡ് ക്ലർക്ക്, അസിസ്റ്റന്റ് സെക്രട്ടറി എന്നിവയിലേക്ക് ഇന്റർ ട്രാൻസ്ഫറബിലിറ്റി എന്ന സാങ്കേതികത്വം ഉപയോഗിച്ച് സ്ഥലം മാറ്റത്തിലൂടെ നിയമിക്കുകയാണെന്നാണ് ആരോപണം.
മിനിസ്റ്റീരിയൽ ജീവനക്കാർക്ക് എൻട്രി കാഡറായ ക്ലർക്ക് തസ്തികയിൽ നിന്ന് പ്രമോഷൻ തസ്തികകളിലേക്ക് പരിഗണിക്കണമെങ്കിൽ കെ.എസ്.ആർ, എം.ഒ.പി അക്കൗണ്ട് ടെസ്റ്റുകൾ എന്നിവ പൊതുവായും പുറമേ പഞ്ചായത്ത് രാജ് നിയമവും പഠിച്ച് പി.എസ്.സി നടത്തുന്ന വകുപ്പുതല പരീക്ഷ പാസാകണം എന്ന കർശന നിയമം നിലനിൽക്കേയാണ് ആറ് മാസത്തെ പ്രീ സർവിസ് /ഇൻസർവിസ് പരിശീലനം വിജയിച്ചാൽ മാത്രം മതി എന്ന് നിഷ്കർഷിച്ച് പബ്ലിക് സർവിസ് കമീഷനെ നോക്കുകുത്തിയാക്കി പ്രത്യേക പരീക്ഷ പാസായിട്ടുള്ളവർ മാത്രം ചെയ്യേണ്ട ജോലികൾ ചെയ്യിപ്പിക്കുന്നത്. വിവാഹ രജിസ്ട്രേഷൻ, ജനന മരണ രജിസ്ട്രേഷൻ വിവിധ തരം ലൈസൻസുകൾ വിവിധ തരം നികുതി ചുമത്തൽ, ജീവനക്കാരുടെ എസ്റ്റാബ്ളിഷ്മെന്റ് കാര്യങ്ങൾ എന്നിങ്ങനെ അതീവ നിയമ പ്രാധാന്യവും ഉത്തരവാദിത്തവുമുള്ള ജോലികളാണ് അതുമായി ഒരു പരിജ്ഞാനവും ഇല്ലാത്തവരെ നിയമിച്ച് ചെയ്യിക്കുന്നത്.
ഫീൽഡ് സൂപ്പർവൈസറി തസ്തികകളിൽ നിന്ന് പ്രമോഷനിലൂടെ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആകേണ്ടവരെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായി പ്രമോഷനിലൂടെയും സ്ഥലം മാറ്റത്തിലൂടെയും നിയമിക്കുന്നതും ചട്ടവിരുദ്ധമായാണ്. സർക്കാർ സർവിസുകൾ തുടങ്ങിയ കാലം മുതൽക്കേ ഓരോ തസ്തികളിലും നിയമനം ലഭിക്കുന്നതിന് നിശ്ചിത യോഗ്യതയും നിയമനം ലഭിച്ചുകഴിഞ്ഞാൽ പരിശീലനം ആവശ്യമുള്ള തസ്തികകൾക്ക് നിയമനം ലഭിച്ചയുടൻ ഇൻ സർവിസ് പരിശീലനങ്ങൾ, പ്രമോഷനുകൾക്കായി പി.എസ്.സി നടത്തുന്ന ഡിപ്പാർട്ടുമെന്റൽ ടെസ്റ്റുകൾ ഓരോ വകുപ്പുകളിലേയും ജോലികൾക്ക് ആവശ്യമായ ജോബ് ട്രൈയിനിങ്ങുകൾ എല്ലാം മുൻകൂട്ടിത്തന്നെ നിശ്ചയിച്ചിട്ടുണ്ട്.
ഈ യോഗ്യതകളിൽ ഒരു ഇളവും സർക്കാർ വരുത്തിയിട്ടുമില്ല. അറിവില്ലാത്ത ജോലികൾ ചെയ്ത നിരവധി ഉദ്യോഗസ്ഥർ ഓഡിറ്റ് ബാധ്യതകളിൽ കുരുങ്ങിയതിനാൽ തങ്ങളുടെ പെൻഷൻ തടസ്സപ്പെടുമോ എന്ന ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.