നാരങ്ങാനത്ത് സി.പി.എം അംഗത്തിന്റെ പിന്തുണയിൽ യു.ഡി.എഫിന് ഭരണം
പത്തനംതിട്ട: നാരങ്ങാനം ഗ്രാമപഞ്ചായത്ത് ഭരണം യു.ഡി.എഫ് നേടി. ബുധനാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയെ സി.പി.എം അംഗം പിന്തുണച്ചതോടെയാണ് യു.ഡി.എഫ് അധികാരം പിടിച്ചെടുത്തത്. കോൺഗ്രസിലെ വി.പി. മനോജ് കുമാര്‍ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
കോൺഗ്രസിനും ബി.ജെ.പിക്കും ആറ് അംഗങ്ങൾ വീതമാണുള്ളത്. സി.പി.എമ്മിന് രണ്ടുപേരും. ഇതിൽ സി.പി.എമ്മിലെ ഷീജമോളുടെ പിന്തുണയോടെയാണ് യു.ഡി.എഫ് ഭരണം നേടിയത്. നറുക്കെടുപ്പിലൂടെയാണ് നേരത്തെ ബി.ജെ.പിക്ക് പ്രസിഡന്റ് സ്ഥാനവും കോൺഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചത്.
ബി.ജെ.പിക്കെതിരെ ആഗസ്റ്റ് ആറിന് കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തെ സി.പി.എം പിന്തുണച്ചതോടെ പ്രസിഡന്റ് സ്ഥാനം നഷ്ടമായി. പിന്നാലെ കോൺഗ്രസ് വൈസ് പ്രസിഡന്റിനെതിരെ ബി.ജെ.പി അവിശ്വാസ പ്രമേയം കൊണ്ടുവന്നു. എന്നാൽ സി.പി.എം, കോൺഗ്രസ് അംഗങ്ങൾ വിട്ടുനിന്നതോടെ ഇത് പരാജയപ്പെട്ടു.
ബുധനാഴ്ച പ്രസിഡന്റ് സ്ഥാനത്തേക്കും വിജയിച്ചതോടെ ഭരണം പൂർണമായും കോൺഗ്രസ് നിയന്ത്രത്തിലായി. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണച്ചതിന് സി.പി.എം നടപടി സ്വീകരിച്ച ഷീജമോളെ തുടർന്നും ഒപ്പം നിർത്താനുള്ള ശ്രമം കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായേക്കും. പാർട്ടി തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ല ഷീജമോൾ തീരുമാനമെടുത്തതെന്ന് സി. പി.എം ലോക്കൽ കമ്മിറ്റി നേതാക്കൾ പറഞ്ഞു. സ്വന്തം താൽപര്യപ്രകാരമാണ് പിന്തുണയെന്ന് ഷീജമോളും വ്യക്തമാക്കി.
ഷീജമോളെ സി.പി.എം പുറത്താക്കി
പത്തനംതിട്ട: നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അനൂകൂലമായി വോട്ട് ചെയ്ത 13ാം വാർഡ് അംഗം എം. ഷീജമോളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി സി.പി.എം ജില്ല സെക്രട്ടറി രാജു എബ്രഹാം അറിയിച്ചു. കോൺഗ്രസിനെയോ ബി.ജെ.പിയൊയോ പിന്തുണച്ച് ഭരണത്തിൽ കൊണ്ടുവരാൻ സി.പി.എമ്മിനാവില്ല. സംസ്ഥാന നേതൃത്വം വ്യക്തമായ നിർദേശം നേരത്തെ നൽകിയിട്ടുണ്ട്. ഒരു സാഹചര്യത്തിലും കോൺഗ്രസിനെയോ ബി.ജെ.പിയെയോ പിന്തുണക്കില്ല. അതിൽ ഉറച്ചുനിൽക്കുകയാണ്-അദ്ദേഹംപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.