യാത്രക്കാരിയെ ടി.ടി.ഇ ഇറക്കിവിട്ടു, റെയിൽവെ രണ്ടുലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്
തിരുവനന്തപുരം: റിസർവേഷൻ ടിക്കറ്റുണ്ടായിട്ടും വനിത യാത്രക്കാരിയെ അർധരാത്രി ട്രെയിനിൽനിന്ന് ഇറക്കിവിടുകയും ടിക്കറ്റില്ലാതെ യാത്ര ചെയ്തെന്നാരോപിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തിൽ റെയിൽവേ രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. ഒരു മാസത്തിനകം നഷ്ടപരിഹാരം നൽകിയ ശേഷം കമീഷനെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്.
നഷ്ടപരിഹാരത്തുക ആറാഴ്ചക്കകം നൽകിയില്ലെങ്കിൽ എട്ട് ശതമാനം പലിശ നൽകണം. റെയിൽവേ ആക്ടിന്‍റെ 137, 139 സെക്ഷനുകൾ കൃത്യമായി പാലിക്കണമെന്ന സർക്കുലർ റെയിൽവേ അധികൃതർ ഉടൻ ഉദ്യോഗസ്ഥർക്ക് നൽകണമെന്നും ഉത്തരവിൽ ആവശ്യപ്പെട്ടു. രാത്രി ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ റെയിൽവേ ഉറപ്പാക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് താമസിക്കുന്ന തൃശൂർ എരുമപ്പെട്ടി സ്വദേശിനി കെ. ജയസ്മിതക്ക് തുക നൽകാനാണ് ഉത്തരവ്. 2023 ജൂലൈ 30ന് തിരുവനന്തപുരത്തേക്ക് ടിക്കറ്റ് റിസർവ് ചെയ്ത യാത്രക്കാരി ബർത്തിലെത്തുമ്പോൾ അത് മറ്റൊരാൾക്ക് അനുവദിച്ചതായി മനസ്സിലാക്കി. പരാതിയുമായി ടി.ടി.ഇയെ കണ്ടപ്പോൾ യാത്രക്കാരിയുടെ ടിക്കറ്റ് ഓൺലൈനായി കാൻസൽ ചെയ്തതായി അറിയിച്ചു.
റെയിൽവേ സ്റ്റേഷനിൽനിന്ന് എടുത്ത ടിക്കറ്റ് ഓൺലൈനായി കാൻസൽ ചെയ്യുന്നത് എങ്ങനെയാണെന്ന് പരാതിക്കാരി ചോദിച്ചെങ്കിലും മറുപടി കിട്ടിയില്ല. തുടർന്ന് 500 രൂപ പിഴ നൽകിയാൽ മറ്റൊരു ബർത്ത് അനുവദിക്കാമെന്ന് ടി.ടി.ഇ അറിയിച്ചു. എന്നാൽ യാത്രക്കാരിയുടെ കൈയിൽ പണമുണ്ടായിരുന്നില്ല. രാത്രിയായതിനാൽ ഇറക്കി വിടരുതെന്ന് അപേക്ഷിച്ചെങ്കിലും ടി.ടി.ഇ ചെവിക്കൊണ്ടില്ലെന്നും മോശമായി പെരുമാറിയെന്നും പരാതിയിൽ പറഞ്ഞു.
ട്രെയിൻ ആലുവയിലെത്തിയപ്പോൾ യാത്രക്കാരിയെ ആർ.പി.എഫ് ഉദ്യോഗസ്ഥരെ ഏൽപിച്ച് അവർ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. ആർ.പി.എഫ് ഉദ്യോഗസ്ഥരും മോശമായി പെരുമാറിയതായി പരാതിയിലുണ്ട്. തെറ്റായി രജിസ്റ്റർ ചെയ്ത കേസാണെന്ന് മനസ്സിലാക്കി റെയിൽവേ തന്നെ പിന്നീട് കേസ് പിൻവലിച്ചു.
പരാതി നൽകിയതിനെ തുടർന്ന് റെയിൽവേ നടത്തിയ അന്വേഷണത്തിൽ പരാതിക്കാരി റിസർവേഷൻ ഫോമിൽ എഴുതിനൽകിയ മൊബൈൽ ഫോൺ നമ്പറിൽ ഒരക്കം ബുക്കിങ് സൈറ്റിൽ മാറിയെന്ന് കണ്ടെത്തി. ടിക്കറ്റ് റിസർവേഷനുമായി ബന്ധപ്പെട്ട് മെസേജ് പോയത് മാറിയ നമ്പറിലേക്കാണ്. മെസേജ് ലഭിച്ചയാൾ താൻ ബുക്ക് ചെയ്യാത്ത ടിക്കറ്റ് ഓൺലൈൻ വഴി റദ്ദാക്കി.
തനിക്കല്ല തെറ്റ് സംഭവിച്ചത് ബുക്കിങ് ക്ലാർക്കിനാണെന്ന് പരാതിക്കാരി വാദിച്ചു. റെയിൽവേ ആക്ടിലെ സെക്ഷൻ 139 പ്രകാരം ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീയെ അർധരാത്രി ട്രെയിനിൽ നിന്നും ഇറക്കിവിട്ട നടപടി തെറ്റാണെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.
തനിക്കെതിരെ ആർ.പി.എഫ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിന്‍റെ പേരിൽ സർക്കാറിലുണ്ടായിരുന്ന കരാർ ജോലി നഷ്ടമായെന്നും പരാതിക്കാരി അറിയിച്ചു. ഇതിനെതിരെ പരാതിക്കാരി സർക്കാറിന് അപേക്ഷ നൽകണമെന്ന് കമീഷൻ നിർദേശിച്ചു. അപേക്ഷയിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നും കമീഷൻ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.