വ്യവസായ മന്ത്രി പി. രാജീവിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി വി.ടി. ബൽറാം. മന്ത്രി രാജീവ് ഖജനാവിൽ നിന്ന് പണം ചെലവഴിച്ച് സ്വന്തം പരസ്യം പത്രങ്ങളിൽ നൽകുകയും അതിനെ കുറിച്ച് ഫേസ്ബുക്കിൽ വീമ്പു പറയുകയും ചെയ്യുകയാണെന്നാണ് വി.ടി. ബൽറാമിന്റെ ആരോപണം. ഈ വീരവാദങ്ങൾ വെച്ച് ഒന്നുരണ്ട് റീൽസ് കൂടി ഇട്ടാൽ മറ്റേ മന്ത്രിയുമായി ഒരു കോംപറ്റീഷനുമാകാം എന്ന് പരിഹസിക്കുന്നുമുണ്ട്.
കുറിപ്പിന്റെ പൂർണ രൂപം:
പത്രങ്ങളിൽ വാർത്തകൾക്കും റിപ്പോർട്ടുകൾക്കുമിടയിൽ നൽകുന്ന പരസ്യങ്ങളെ ആദ്യകാലത്ത് പരസ്യങ്ങൾ അഥവാ Advertisements എന്ന് തന്നെയാണ് അവർ സത്യസന്ധമായി വിളിച്ചിരുന്നത്. അത് പരസ്യങ്ങളാണെന്ന് വായിക്കുന്നവർക്ക് മനസ്സിലാകണം എന്നതും ഏവർക്കും നിർബ്ബന്ധമുള്ള കാര്യമായിരുന്നു. അതൊക്കെ ഒരു കാലം!
പിന്നീട് പരസ്യങ്ങളെ വാർത്താരൂപത്തിൽ നൽകുന്ന ഏർപ്പാട് തുടങ്ങി. Advertorialലുകൾ, മാർക്കറ്റിംഗ് ഫീച്ചറുകൾ എന്നിങ്ങനെയൊക്കെയാണ് ഇവയെ വിളിച്ചിരുന്നത്. 'വാർത്താപരസ്യ'ത്തിന്റെ
മുകളിൽ ചെറിയ അക്ഷരങ്ങളിൽ അങ്ങനെ എഴുതാനും തുടങ്ങി. അപ്പോഴും മറ്റ് വാർത്തകളിൽ നിന്ന് വ്യത്യസ്തമായ ഫോണ്ടുകൾ, നിറം എന്നിവയൊക്കെയായിരുന്നു ഇത്തരം അഡ്‌വർട്ടോറിയലുകൾക്ക് ഉപയോഗിച്ചിരുന്നത്.
എന്നാലിപ്പോൾ 'വാർത്താപരസ്യ'ങ്ങൾ എല്ലാ പരിധികളും കടന്ന് പെയ്ഡ് വാർത്തകളായി മാറിയിരിക്കുന്നു. റീഡർ എൻഗേജ്മെന്റ് ഇനിഷ്യേറ്റിവ്, സ്പേസ് മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ് ഇനിഷ്യേറ്റിവ്
തുടങ്ങിയ ഫ്രീക്ക് പേരുകളാണ് ഇപ്പോൾ ഇങ്ങനെ വാർത്താരൂപത്തിലുള്ള പരസ്യങ്ങൾക്കുള്ളത്. വായനക്കാരോട് തരിമ്പും പ്രതിബദ്ധതയില്ല, പണം നൽകുന്നവരോട് മാത്രമേയുള്ളൂ എന്ന മനോഭാവമാണ് മിക്ക മാധ്യമങ്ങൾക്കും. പിടിച്ചുനിൽക്കാൻ മറ്റ് വഴിയില്ലാത്തത് കൊണ്ടാവും!
മന്ത്രി രാജീവിന്റെ നിലവാരമാണ് ഏറെ പരിതാപകരം. സ്വയം പരസ്യം നൽകുക, അതിന് ഖജനാവിൽ നിന്ന് പണം മുടക്കുക, ആ പരസ്യം ചൂണ്ടിക്കാട്ടി ഫേസ്ബുക്കിൽ വീമ്പടിക്കുക.
ഈ വീരവാദങ്ങൾ വച്ച് ഒന്നുരണ്ട് റീൽസുകൂടി ഇട്ടാൽ മറ്റേ മന്ത്രിയുമായിട്ട് ഒരു കോമ്പറ്റീഷൻ ആവാമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.