തിരുവനന്തപുരം: കേന്ദ്ര വിജ്ഞാപനം ശുദ്ധ തട്ടിപ്പെന്നാണെന്നും വൻകിട കശാപ്പ് മുതലാളിമാർക്ക് വേണ്ടിയാണ് കേന്ദ്രം ഇത് നടപ്പാക്കുന്നതെന്നും ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ. ഡാർവിനെ വെല്ലുന്ന സിദ്ധാന്തമാണ് ഗോമാതാവിനും കാള പിതാവിനും വേണ്ടി കേന്ദ്രം കൊണ്ടുവന്നത്. വൻകിട കയറ്റുമതി, ഇറക്കുമതി കമ്പനികൾക്ക് വേണ്ടിയാണ് ബി.ജെ.പി ഈ വഞ്ചന നടത്തുന്നത്. വിപണിയിലും വർഗീയത കലർത്തുകയാണ് കേന്ദ്രസറക്കാർ ചെയ്യുന്നത്. കന്നുകാലിവിൽപ്പന നിയന്ത്രണം ചർച്ച ചെയ്യുന്നതിനായി വിളിച്ചു ചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വി.എസ് .
കാളകളെ വന്ധ്യംകരിച്ചാൽ അത് ഗോമാതാവിന് ബുദ്ധിമുട്ടാവും എന്നതിനാലാണ് ബി.ജെ.പി അതിനെ എതിർക്കുന്നത്. എന്നാൽ ധവളവിപ്ലവത്തിന്‍റെ ഭാഗമായാണ് നമ്മൾ കാളകളെ വന്ധ്യംകരിച്ചു നിർത്തുന്നത്. അതിർത്തിയിൽ കാവൽ നിൽക്കുന്ന പട്ടാളക്കാരുടെ പേരിൽ കരയുകയും അവരുടെ ശവപ്പെട്ടി കച്ചവടം ചെയ്യാൻ കമ്മീഷൻ വാങ്ങുകയും ചെയ്ത ബി.ജെ.പി വൻകിട കശാപ്പ് മുതലാളിമാരിൽ നിന്നു ലാഭം പറ്റാനാണ് ഇപ്പോൾ ഗോമാതാവിനായി കണ്ണീർ പൊഴിക്കുന്നതെന്നും വി.എസ് പറഞ്ഞു.
സഹകരണ സംഘങ്ങൾക്ക് കശാപ്പുശാലയും കാലി ചന്തയും തുടങ്ങാനാകുമോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി വിദേശ രാജ്യങ്ങളിൽ പോയി ബീഫ് കഴിക്കുകയും ഇന്ത്യയിൽ വന്നു ഗോസംരക്ഷണം പറയുകയാണ്. പ്രധാനമന്ത്രി ഇതുവല്ലതും അറിയുന്നുണ്ടോ എന്നും വലപ്പോഴും ഇന്ത്യയിലെത്തുേമ്പാൾ നമ്മുടെ ബി.ജെ.പി എം.എൽ.എ കേരളത്തിന്‍റെ വികാരം അദ്ദേഹത്തോട് പറഞ്ഞു കൊടുക്കണമെന്നും വി.എസ്. നിയമസഭയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.