വി.എം സുധീരൻ
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ്. എൽ.ഡി.എഫിന്റെ കൈയിലുള്ള മണ്ഡലങ്ങളിൽ വരെ തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം നടത്തിയതിെൻർ ആത്മവിശ്വാസവും കൈമുതലായുണ്ട്. സ്ഥാനാർഥി ചർച്ചകൾ വരെ സജീവമാകുന്നതിനിടെ, മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ മത്സരിക്കാനുള്ള മോഹവുമായി കച്ചകെട്ടിയിറങ്ങുമ്പോൾ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ നിലപാട് വ്യക്തമാക്കി മുൻ കെ.പി.സി.സി പ്രസിഡന്റും മുതിർന്ന നേതാവുമായ വി.എം സുധീരൻ. പാർലമെന്ററി രാഷ്ട്രീയ രംഗത്തു നിന്നും വർഷങ്ങൾക്കു മുമ്പേ വിടപറഞ്ഞതാണെന്നും, ആ നിലപാടിൽ നിന്നും ഇപ്പോഴും യാതൊരു മാറ്റവുമില്ലെന്നും സുധീരൻ ഫേസ് ബുക് കുറിപ്പിലൂടെ വ്യക്തമാക്കി.
പല സന്ദർഭങ്ങളിലും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് കോൺഗ്രസ് നേതൃതലത്തിൽ സമ്മർദങ്ങളുണ്ടായിട്ടുണ്ടെങ്കിലും അതൊക്കെ നന്ദിപൂർവം ഒഴിവാക്കുകയായിരുന്നു. ആ നിലപാടിൽ യാതൊരു മാറ്റവുമില്ല. മറിച്ചുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണ് -വി.എം സുധീരൻ കുറിച്ചു.
സുധീരൻന്റെ ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ.
‘പാര്‍ലിമെന്ററി രാഷ്ട്രീയ രംഗത്തുനിന്നും വര്‍ഷങ്ങള്‍ക്കു മുമ്പേതന്നെ ഞാന്‍ വിടപറഞ്ഞതാണ്. പിന്നീട് പല സന്ദര്‍ഭങ്ങളിലും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് കോണ്‍ഗ്രസ് നേതൃതലത്തില്‍ നിന്നും സമ്മര്‍ദ്ദങ്ങളുണ്ടായെങ്കിലും നന്ദിപൂര്‍വ്വം അതൊക്കെ ഒഴിവാക്കുകയാണുണ്ടായത്. ആ നിലപാടിന് യാതൊരു മാറ്റവുമില്ല. മറിച്ചുള്ള വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല.’.
1977ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരിക്കെ 29ാം വയസ്സിൽ ആലപ്പുഴയിൽ നിന്നും ലോക്സഭയിലേക്കാണ് വി.എം സുധീരൻ ആദ്യമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. സി.പി.എമ്മിലെ ഇ ബാലാനന്ദനെതിരെ വൻ ഭൂരിപക്ഷത്തിലായിരുന്നു ജയം. 1980ൽ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ മണലൂർ മണ്ഡലത്തിൽ നിന്നും വീണ്ടും ജനവിധി തേടി. 1982, 1987, 1991 തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി നാലു തവണ വിജയിച്ചു. 1996ൽ വീണ്ടും ആലപ്പുഴ ലോക്സഭ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തി. 1998, 1999 വർഷങ്ങളിയും വിജയം ആവർത്തിച്ച വി.എം സുധീരൻ 2004ൽ സി.പി.എം സ്വതന്ത്രനായി മത്സരിച്ച കെ.എസ് മനോജിനോട് 1009 വോട്ടിന് തോറ്റതോടെയാണ് പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. പിന്നീട് 2014ൽ കെ.പി.സി.സി പ്രസിഡന്റായിരുന്നു.
വരാനിരിക്കുന്ന നിയമഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ യുവാക്കൾക്കും വനിതകൾക്കും പ്രാതിനിധ്യം നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കിയിരുന്നു. അതിനിടെ, മത്സര രംഗത്തിറങ്ങാനുള്ള താൽപര്യം പ്രകടിപ്പിച്ച് മുൻ മന്ത്രിയും കെ.പി.സി.സി മുൻ പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തുവന്നത് കോൺഗ്രസിൽ പുതിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. വിരമിക്കൽ പ്രായമായ മുതിർന്ന നേതാക്കളുടെ സ്ഥാനാർഥി താൽപര്യത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലും മറ്റും വ്യാപക പ്രതിഷേധമാണ് കോൺഗ്രസ് പ്രവർത്തകരിൽ നിന്നും ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.