ഇന്നും വൈദ്യുതി മുടങ്ങും; മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. രാജ്യവ്യാപകമായുള്ള വൈദ്യുതി ലഭ്യതക്കുറവും ആഭ്യന്തര ഉപഭോഗം കുതിച്ചുയർന്നതും കാരണം സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകി. നിലവിൽ 900 മുതൽ 1000 മെഗാവാട്ട് വരെ വൈദ്യുതിയുടെ കടുത്ത ക്ഷാമമാണ് സംസ്ഥാനം നേരിടുന്നത്.

എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന താപനിലയുമാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. ചൂട് കനത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചു. ഇതിനുപുറമെ, ദേശീയതലത്തിൽ വൈദ്യുതി ആവശ്യകത കൂടിയതിനാൽ പവർ എക്സ്ചേഞ്ചുകൾ വഴിയുള്ള വൈദ്യുതി ലഭ്യതയിലും വലിയ ഇടിവുണ്ടായിട്ടുണ്ട്.

ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്ത 12,000 മെഗാവാട്ടിന്റെ ദേശീയ വൈദ്യുതി കുറവ് ഇതുവരെ പൂർണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്നുള്ള വിഹിതത്തിലും അപ്രതീക്ഷിത ഇടിവുണ്ടായി. കൈമാറ്റ കരാർ വഴി മധ്യപ്രദേശിൽ നിന്നും ലഭിക്കേണ്ടിയിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്ന് ലഭ്യമാകില്ല. ഇത് സംസ്ഥാനത്തെ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി.

കഴിഞ്ഞ ദിവസം രാത്രി 10:30ന് സംസ്ഥാനത്തെ വൈദ്യുതി ഡിമാൻഡ് 5349 മെഗാവാട്ടായിരുന്നു. കൊടുംവേനലിൽ രേഖപ്പെടുത്തുന്നതിന് തുല്യമായ ഡിമാൻഡാണിത്. കഴിഞ്ഞ വർഷങ്ങളിലെ സെപ്റ്റംബർ മാസത്തെ ശരാശരി ഉപഭോഗത്തെ അപേക്ഷിച്ച് നിലവിൽ 1100 മെഗാവാട്ടിന്റെ അധിക ഡിമാൻഡാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്.

Tags:    
News Summary - Kerala Faces Severe Power Crisis: KSEB Warns of Power Cuts Amid 1,000 MW Shortage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.