മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം; കോഴിക്കോട്ട് നാളെ ഗതാഗത നിയന്ത്രണം

കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട്ട് ഞായറാഴ്ച വൈകിട്ട് അഞ്ചു മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.

വൈദ്യരങ്ങാടി, രാമനാട്ടുകര മുതൽ മലാപ്പറമ്പ് വരെയും മലാപ്പറമ്പ് മുതൽ കുന്നമംഗലം-മടവൂർ വരെയും വൈകീട്ട് അഞ്ചു മുതൽ പൂർണ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

വയനാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ താമരശ്ശേരി, ബാലുശ്ശേരി, നന്മണ്ട, എരഞ്ഞിപ്പാലം വഴിയും കൊടുവള്ളി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പടനിലം-കളരിക്കണ്ടി -വരട്ട്യാക്ക് -പെരിങ്ങളം- വഴിയും മുക്കം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ചെത്തുകടവ്-പെരിങ്ങളം- വഴിയും കണ്ണൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ എലത്തൂർ- പാവങ്ങാട്- നടക്കാവ് വഴിയും യൂനിവേഴ്സിറ്റി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഇടിമൂഴിക്കൽ-രാമനാട്ടുകര - ഫറോക്ക് - ചെറുവണ്ണൂർ വഴിയും കോഴിക്കോട് സിറ്റിയിലേക്ക് പ്രവേശിക്കേണ്ടതാണ്.

സിറ്റി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ മെഡിക്കൽ കോളജ് - മുണ്ടിക്കൽ താഴം -കോട്ടാംപറമ്പ- മനത്താനത്ത് റോഡ് വഴി കുന്നമംഗലം ഭാഗത്തേക്ക് പോകണം. മലാപ്പറമ്പ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പൂളക്കടവ് ഇരിങ്ങാടൻ പള്ളി - മുണ്ടിക്കൽ താഴം - കോട്ടാംപറമ്പ - മനത്താനത്ത് റോഡ് വഴി കുന്നമംഗലം ഭാഗത്തേക്ക് പോകേണ്ടതാണ്.

എയർപോർട്ട്- റെയിൽവെ സ്റ്റേഷനിലേക്ക് പോകേണ്ട യാത്രക്കാർ നേരത്തെ പുറപ്പെടേണ്ടതാണ്. മലാപ്പറമ്പ് മുതൽ കുന്നമംഗലം -മടവൂർ വരെയുള്ള റോഡുകളിൽ യാതൊരു വിധ വാഹന പാർക്കിങ്ങും അനുവദിക്കുന്നതല്ല. വി.വി.ഐ.പി പാസ്സിങ് സമയത്ത് റൂട്ടിൽ ഗതാഗതം പൂർണമായും നിയന്ത്രിക്കും.

സുന്നി സാംസ്കാരിക കേന്ദ്രമായ മർക്കസിന്റെയും കാരന്തൂർ മർക്കസ് നോളജ് സിറ്റിയുടെയും ക്ഷണപ്രകാരമാണ് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം കോഴിക്കോട്ടെത്തുന്നത്.

മർക്കസ് സ്ഥാപകനും പ്രമുഖ സുന്നി പണ്ഡിതനുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വിദ്യാഭ്യാസ-ശാസ്ത്ര സാങ്കേതിക സഹകരണം മെച്ചപ്പെടുത്തൽ, ആധുനിക ഇസ്‌ലാമിക വിഷയങ്ങളിലെ കാഴ്ചപ്പാടുകൾ പങ്കുവെക്കൽ, മതസൗഹാർദം, സംവാദം, മിതവാദം തുടങ്ങിയ മൂല്യങ്ങൾ ശക്തിപ്പെടുത്തൽ എന്നിവയാണ് കൂടിക്കാഴ്ചയിലെ പ്രധാന അജണ്ടകൾ. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ വിദ്യാഭ്യാസ, സാംസ്കാരിക രംഗത്ത് കാന്തപുരം മുന്നോട്ടുവെക്കുന്ന ആശയങ്ങൾക്ക് വലിയ സ്വീകാര്യതയുണ്ട്.

മലേഷ്യൻ പ്രധാനമന്ത്രിയായ ശേഷം അൻവർ ഇബ്രാഹിം നടത്തുന്ന രണ്ടാമത്തെ കേരള സന്ദർശനമാണിത്. മുമ്പ് കാന്തപുരവുമായി നടത്തിയ കൂടിക്കാഴ്ചകളുടെയും സൗഹൃദത്തിന്റെയും തുടർച്ചയായാണ് ഇപ്പോഴത്തെ സന്ദർശനം. ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് അൻവർ ഇബ്രാഹിം ഇന്ത്യയിൽ എത്തിയത്.

Tags:    
News Summary - Visit of the Malaysian Prime Minister; traffic restrictions in Kozhikode tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.