പള്ളിപ്പുറം ജയകുമാർ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം തെറ്റിച്ച് പരിഭാഷപ്പെടുത്തിയത് ബി.ജെ.പി പ്രവർത്തകൻ. മോദിയുടെ കടുത്ത ആരാധകനും മുരുക്കുംപുഴ ഇടവിളാകം ഗവ. യു.പി സ്‌കൂളിലെ ഹിന്ദി അദ്ധ്യാപകനുമായിരുന്ന പള്ളിപ്പുറം ജയകുമാറാണ് പരിഭാഷകൻ. എം.എ, ബി.എഡ് ബിരുദധാരിയാണ് ഇദ്ദേഹം.
‘മുഖ്യമന്ത്രി പിണറായി വിജയന്‍ ഇൻഡ്യ മുന്നണിയുടെ പ്രധാനപ്പെട്ട തൂണാണല്ലോ. ശശി തരൂരും വേദിയില്‍ ഇരിക്കുന്നുണ്ട്. ഇന്നത്തെ ഈ ചടങ്ങ് പല ആളുകളുടെയും ഉറക്കം കെടുത്തും’ എന്ന് മോദി പ്രസംഗിച്ചത് ‘നമ്മുടെ എയർലൈൻസുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ശ്രദ്ധ ചെലുത്തണം' എന്നാണ് ജയകുമാർ പരിഭാഷപ്പെടുത്തിയത്. ഇൻഡ്യ അലയൻസ് എന്നത് എയർലൈൻസ് എന്ന് മൊഴിമാറ്റുകയായിരുന്നു. പരിഭാഷകന് കാര്യം പിടികിട്ടിയില്ലെന്ന് മനസിലാക്കിയ മോദി 'അദ്ദേഹത്തിന് കഴിയുന്നില്ല' എന്നു പറയുകയും ചെയ്തെങ്കിലും തിരുത്താൻ അവസരം നൽകിയില്ല.
യാദൃശ്ചികമായി തന്റെ ഭാഗത്തുനിന്ന് വന്ന തെറ്റാണിതെന്ന് ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ‘പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്ന് ഈ പ്രസംഗം എനിക്ക് തന്നിരുന്നു. അതിന് ശേഷം പല ഭാഗത്തും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കൂട്ടിച്ചേർക്കുമെന്ന കാര്യം എന്നോട് പറയുന്നത് വേദിയിൽവെച്ചിട്ടാണ്. വളരെ ശ്രദധയോടെയാണ് നിന്നിരുന്നതെങ്കിലും എനിക്ക് കണക്ട് ചെയ്ത ഓഡിയോ ഔട്ട്പുട്ടിൽ അവ്യക്തത ഉണ്ടായിരുന്നു. അദ്ദേഹം സ്ക്രിപ്റ്റ് നോക്കി പറഞ്ഞതും കൂട്ടിച്ചേർത്തതും ശ്രവിച്ച് ശ്രദ്ധയോടെ വിവർത്തനം ചെയ്യുകയായിരുന്നു. പക്ഷേ, ഈ പറഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ എനിക്ക് കേൾക്കാൻ പറ്റിയില്ല. ഇക്കാര്യം പറയാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹം പ്രസംഗത്തിന്റെ അടുത്ത ഭാഗത്തേക്ക് കടന്നു. അതുകൊണ്ട് തിരുത്തി പറയാൻ കഴിഞ്ഞില്ല.
കൊച്ചുനാൾ മുതൽ ഞാൻ ബി.ജെ.പി അനുഭാവിയാണ്. അദ്ദേഹത്തിന്റെ ആരാധകനാണ്. സംസ്ഥാന സർക്കാറുമായി യാതൊരു ബന്ധവുമില്ല. സർക്കാർ സർവിസിലായതിനാൽ പരസ്യ രാഷ്ട്രീയ പ്രവർത്തനമില്ലെന്ന് മാത്രം. അദ്ദേഹം പ്രധാനമന്ത്രിയായപ്പോൾ മുതൽ കടുത്ത ആരാധകനാണ്. സാമ്പത്തിക ലാഭം പ്രതീക്ഷിച്ചിട്ടല്ല പരിഭാഷക്ക് തയാറായത്. നൂറോളം മൻ കി ബാത്തുകൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്’ -കഴിഞ്ഞ വർഷം സർവിസിൽനിന്ന് വിരമിച്ച ജയകുമാർ പറഞ്ഞു.
2014 ഒക്ടോബര്‍ മൂന്നിന് പ്രധാനമന്ത്രിയുടെ ആദ്യത്തെ ‘മന്‍ കി ബാത്ത്’ ദൂരദര്‍ശന് വേണ്ടി മലയാളത്തില്‍ പരിഭാഷപ്പെടുത്തിയത് ജയകുമാറായിരുന്നു. മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡിന്റെ പരിഭാഷയും നിര്‍വഹിച്ചു. നേരത്തേ കേരള ഹിന്ദി പ്രചാരസഭയിലും അദ്ധ്യാപകനായിരുന്നു. ആകാശവാണിയിലെ എ ഗ്രേഡ് നാടക കലാകാരനാണ്. ശിശുക്ഷേമസമിതിയില്‍ ശിശുദിനാഘോഷത്തിന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ പ്രസംഗപരിശീലകനുമാണ്. ദൂരദര്‍ശനില്‍ നൂറിലധികം ഡോക്യുമെന്ററികളുടെ മൊഴിമാറ്റം നടത്തിയിട്ടുണ്ട്. വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം വിവര്‍ത്തനം ചെയ്തിരുന്നു. 2015-ല്‍ വനം വകുപ്പിന്റെ പ്രകൃതി മിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.