കൊച്ചി: കായൽഭൂമി കൈയേറ്റക്കേസിൽ മന്ത്രി തോമസ് ചാണ്ടിക്കുവേണ്ടി കോൺഗ്രസ് രാജ്യസഭ എം.പികൂടിയായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ വിവേക് തൻഖ ചൊവ്വാഴ്ച ഹൈകോടതിയിൽ ഹാജരാകും.മന്ത്രി നൽകിയതും മന്ത്രിക്കെതിരായതുമായ ഹരജികൾ ഒന്നിച്ചാകും ഡിവിഷൻ ബെഞ്ച് പരിഗണിക്കുക. ടു-ഡി കോടതിയിൽ എട്ടാമത്തെ ഇനമായാണ് കായൽ കൈയേറ്റക്കേസ് പരിഗണനക്കെത്തുക. ആലപ്പുഴ ജില്ലയിലെ കൈനകരി പഞ്ചായത്ത് അംഗം ബി.കെ. വിനോദ്, കരിവേലി പാടശേഖരസമിതി, തൃശൂർ വേലൂപ്പാടം സ്വദേശി ടി.എൻ. മുകുന്ദൻ എന്നിവർ തോമസ് ചാണ്ടിക്കെതിരെ നടപടി ആവശ്യപ്പെട്ട് നൽകിയ ഹരജികളാണ് ഡിവിഷൻ ബെഞ്ചിെൻറ പരിഗണനയിലുണ്ടായിരുന്നത്.
ഇൗ ഹരജികൾ കഴിഞ്ഞദിവസം പരിഗണിച്ചപ്പോൾ നവംബർ 14ലേക്ക് മാറ്റുകയായിരുന്നു. സർക്കാറിനുവേണ്ടി ഹാജരാകേണ്ട സ്റ്റേറ്റ് അറ്റോണി അവധിയിലായതിനാലായിരുന്നു ഇത്.അതേസമയം, കായൽ ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട് ജില്ല കലക്ടർ നൽകിയ റിപ്പോർട്ടുകൾക്കെതിരെ മന്ത്രി തോമസ് ചാണ്ടി ഹരജി നൽകിയിട്ടുണ്ടെന്നും ഇത് സിംഗിൾബെഞ്ചിൽനിന്ന് ഡിവിഷൻ ബെഞ്ചിന് മുന്നിൽ എത്തിക്കണമെന്നും അദ്ദേഹത്തിെൻറ അഭിഭാഷകൻ ആവശ്യപ്പെടുകയായിരുന്നു.
കലക്ടർക്കെതിരെ തോമസ് ചാണ്ടിയുടെ സഹോദരൻ
ആലപ്പുഴ: വിവാദ ഭൂമി-കായൽ കൈയേറ്റ വിഷയത്തിൽ മന്ത്രി തോമസ് ചാണ്ടിക്കെതിരെ റിപ്പോർട്ട് സമർപ്പിച്ച ആലപ്പുഴ കലക്ടർ ടി.വി. അനുപമക്കെതിരെ മന്ത്രിയുടെ സഹോദരൻ തോമസ് കെ. തോമസ് രംഗത്ത്. റിപ്പോർട്ട് സംശയകരമാണെന്നും കലക്ടർ ആർക്കോ വേണ്ടി പ്രവർത്തിെച്ചന്നും തോമസ് കെ. തോമസ് ആരോപിച്ചു. സത്യം തെളിയിക്കാൻ സുപ്രീംകോടതിവരെ പോകും. മന്ത്രിക്കെതിരെ ഗൂഢാലോചന നടക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഗൂഢാലോചന വെളിപ്പെടുത്താൻ കോടതിക്ക് മാത്രമെ സാധിക്കൂ. അതുകൊണ്ടാണ് ഹൈകോടതിയെ സമീപിച്ചതെന്നും മന്ത്രി രാജിവെക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.