കൂട്ടിക്കല്‍: വിദേശരാജ്യങ്ങളില്‍ വിസ വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയ ഏജന്റ് ഒളിവിൽ പോയി. നിരവധി പരാതികളെ തുടര്‍ന്ന് പൊലീസ് ട്രാവല്‍ ഏജന്‍സി അടച്ചുപൂട്ടി. കൂട്ടിക്കല്‍ എസ്.ബി.ഐ ജങ്ഷനിലെ ഓര്‍ക്കിഡ് കണ്സൽട്ടന്സിയാണ് പൊലീസ് അടച്ചുപൂട്ടിയത്.
കൂട്ടിക്കല്‍ പാലക്കുന്നേല്‍ അനീഷ് ഉമ്മറിന്റെ ഉടമസ്ഥതയില്‍ വിവിധ പേരുകളിൽ പ്രവര്‍ത്തിച്ചുവന്ന ട്രാവല്‍ ഏജന്‍സിക്കാണ് വിസ തട്ടിപ്പിന്റെ പേരില്‍ പൂട്ടു വീണത്. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വിസ നല്‍കാമെന്നു പറഞ്ഞാണ് നാലു മുതല്‍ 15 ലക്ഷം രൂപ വരെ വാങ്ങിയത്. വിസ നൽകിയില്ലെന്ന പരാതി ഉയര്‍ന്നതോടെ ഇയാള്‍ ഒളിവില്‍ പോയി. കറുകച്ചാല്‍, ചങ്ങനാശ്ശേരി, മുണ്ടക്കയം, പെരുവന്താനം, കോഴിക്കോട്, കല്ലറ, പത്തനംതിട്ട പൊലീസ് സ്റ്റേഷനുകളില്‍ നിരവധി പരാതികൾ എത്തിയിരുന്നു. വീടും സ്വര്‍ണവും മറ്റും വിറ്റും പണയപ്പെടുത്തിയും പണം നല്കിയ പലരും ഏജന്റ് മുങ്ങിയതോടെ വെട്ടിലായി.
കൂലിവേലക്കാരായ നിരവധി പേര് വിദേശ ജോലി സ്വപ്നം കണ്ട് ഇയാളുടെ വലയില്‍ കുടുങ്ങിയിട്ടുണ്ട്. ആറുമാസ കാലാവധി പറഞ്ഞ് പണം വാങ്ങി കാലാവധി കഴിഞ്ഞിട്ടും വിസയും പണവും ഇല്ലാതെ വന്നതോടെയാണ് പലരും പൊലീസിനെ സമീപിച്ചത്. കൂട്ടിക്കല്‍, വെംബ്ലി, പാലൂര്‍ക്കാവ്, കറുകച്ചാല്‍, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം തുടങ്ങിയ സ്ഥലങ്ങളിലുള്ളവരും വിസക്ക് പണം നല്‍കിയിട്ടുണ്ട്. രണ്ടു ദിവസമായി ട്രാവല്‍ ഏജന്‍സി പ്രവര്‍ത്തിച്ചിരുന്നില്ല. ഉടമ ഒളിവിൽ പോയത് അറിഞ്ഞെത്തുന്നവരുടെയും പൊലീസിനെ സമീപിക്കുന്ന പരാതിക്കാരുടെയും എണ്ണം വര്‍ധിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.