കൊച്ചി: പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ആക്രമണവും കവർച്ചയും. അക്രമിയിൽ നിന്ന് രക്ഷപ്പെടാൻ യുവതി ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടി. പരിക്കേറ്റ ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയെ പിടികൂടാനായിട്ടില്ല.
പുനലൂർ പാസഞ്ചറിൽ വെച്ചാണ് മുളന്തുരുത്തി സ്വദേശിയായ യുവതിക്ക് നേരെ അതിക്രമമുണ്ടായത്. വീട്ടിൽ നിന്ന് ജോലിക്കായി ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്നു യുവതി. എട്ടുമണിയോടെ മുളന്തുരുത്തിയിൽ നിന്ന് പുറപ്പെട്ട് അൽപസമയത്തിന് ശേഷമായിരുന്നു ആക്രമണം.
കമ്പാർട്ടുമെന്‍റിൽ മറ്റാരും ഉണ്ടായിരുന്നില്ല. രണ്ട് വാതിലുകളും അടച്ച ശേഷം അക്രമി യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആഭരണങ്ങൾ അഴിച്ചുവാങ്ങുകയായിരുന്നു. ഇതിനു പിന്നാലെ ഉപദ്രവിക്കാനുള്ള ശ്രമവും ആരംഭിച്ചതോടെ യുവതി ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടാനൊരുങ്ങി.
വേഗത കുറച്ച് പോകുകയായിരുന്ന ട്രെയിനിൽ അൽപനേരം തൂങ്ങിക്കിടന്ന ശേഷമാണ് യുവതി തെറിച്ചുവീണത്. ഇവരുടെ തലക്കാണ് പരിക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. നാട്ടുകാർ ചേർന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.
പ്രതിക്കായി അന്വേഷണം തുടരുകയാണ്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.